''ദേശ് കാ നേതാ കൈസാ ഹോ... നിതീഷ് കുമാര്‍ ജൈസാ ഹോ...''
ദേശ് കാ നേതാ കൈസാ ഹോ..., നിതീഷ് കുമാര്‍ ജൈസാ ഹോ... ജനതാദള്‍ യുനൈറ്റഡ് (ജെ.ഡി.യു) നേതാവ് നിതീഷ് കുമാര്‍ പട്‌നയിലെ ബിര്‍ചന്ദ് പട്ടേല്‍ മാര്‍ഗിലെ പാര്‍ട്ടി ആസ്ഥാനത്ത് വന്നിറങ്ങുമ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. രാജ്യത്തിന്റെ നേതാവ് ആര് എന്ന ചോദ്യത്തിന് അവര്‍ക്ക് ഒരു ഉത്തരം മാത്രം. പ്രതിപക്ഷത്തിന്റെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ അണികള്‍ക്ക് മറിച്ചൊരഭിപ്രായമില്ല. മോദിക്കെതിരേ പ്രതിപക്ഷത്തിന്റെ യോജിച്ച സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണത്തെ നിതീഷ്‌കുമാര്‍ പരസ്യമായി തള്ളുന്നില്ലെന്നു മാത്രമല്ല, അതിനായുള്ള കരുക്കള്‍ നീക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം പട്‌നയില്‍ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംബന്ധിച്ച നിതീഷ് മോദിവിരുദ്ധ കക്ഷികളുടെയെല്ലാം പിന്തുണ നേടിയെടുക്കുന്നതിനുള്ള നീക്കമാരംഭിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ നിതീഷിന്റെ റോള്‍ ആണ് പാര്‍ട്ടിയുടെ ഉന്നത ബോഡിയായ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ മുഖ്യ അജണ്ടയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവര്‍ത്തകരുടെ മുദ്രാവാക്യത്തെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ കൊണ്ട് കുഴപ്പിക്കല്ലേ എന്ന മറുപടിയാണ് നിതീഷ് നല്‍കിയത്. എന്നാല്‍ തനിക്ക് ദേശീയ മോഹമുണ്ടെന്ന കൃത്യമായ സന്ദേശമാണ് പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നിലുയര്‍ത്തിയ ബാനറുകള്‍.
പ്രദേശ് മേം ദിക്കാ, ദേശ് മേം ദിക്കേഗാ (സംസ്ഥാനത്തു കണ്ടു; ഇനി രാജ്യത്തുടനീളം കാണാം), തുടങ്ങിക്കഴിഞ്ഞു, മാറ്റം പിന്നാലെ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവര്‍ത്തകര്‍ മുഴക്കിയത്. മോദിക്കെതിരേ കൂടുതല്‍ പ്രഹരശേഷിയുള്ള പ്രയോഗങ്ങളുമായി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. അച്ചാ ദിന്‍, രണ്ട് ലക്ഷം പേര്‍ക്ക് വര്‍ഷംതോറും ജോലി, ഓരോ പൗരന്റെ അക്കൗണ്ടിലും 15 ലക്ഷം രൂപ തുടങ്ങിയ വാഗ്ദാനങ്ങളിലൂടെ പ്രഭാഷണചാതുരിക്ക് മേമ്പൊടി ചേര്‍ക്കുന്ന നേതാക്കള്‍ ഒരുവശത്തും പറഞ്ഞാല്‍ അവ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുന്ന നിതീഷ്‌കുമാറിനെ പോലുള്ള നേതാക്കള്‍ മറുവശത്തുമുണ്ടെന്ന് കഴിഞ്ഞ ദിവസം ജെ.ഡി.യു ദേശീയ സെക്രട്ടറി രാജീവ് രഞജന്‍ പ്രസാദ് പി.ടി.ഐയോട് വ്യക്തമാക്കിയതും നിതീഷിന്റെ ദേശീയ മോഹത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.
സമീപകാലത്ത് ബിഹാറിലുണ്ടായ സംഭവവികാസങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കുമെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോഹം നിതീഷ് തുറന്നുപറഞ്ഞിരുന്നില്ല. ഇതിനുള്ള നീക്കങ്ങള്‍ക്കു കൂടി ചട്ടക്കൂട് ഒരുക്കുകയാണ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ അജണ്ട. പ്രതിപക്ഷത്തെ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പി വിരുദ്ധ ചേരിയിലുള്ള നേതാക്കളുമായി നിതീഷ് ടെലഫോണില്‍ ആശയവിനിമയം നടത്തിവരുന്നുണ്ട്. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യവും മികച്ച ട്രാക്ക് റെക്കോഡുമുള്ള നിതീഷിന് ബി.ജെ.പി വിരുദ്ധ പോരാട്ടത്തില്‍ ഇടതുപാര്‍ട്ടികളുടെ പിന്തുണ ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഏതാനും ദിവസം മുമ്പ് പട്‌നയിലെത്തിയ കെ ചന്ദ്രശേഖര റാവുവിനെ പോലെ സംസ്ഥാന രാഷ്ട്രീയങ്ങളുടെ ഗതിനിര്‍ണയിക്കാന്‍ കഴിവുള്ള നേതാക്കളുടെ പിന്തുണ നിതീഷിനെ ആവേശംകൊള്ളിക്കുകയും ചെയ്യുന്നു. നിതീഷ് രാജ്യത്തെ എറ്റവും മികച്ച നേതാക്കളില്‍ ഒരാളാണെന്നും പരിചയസമ്പന്നരിലെ ഉന്നതനാണെന്നും ചന്ദ്രശേഖര റാവു അഭിപ്രായപ്പെടുകയുണ്ടായി. മൂന്നാം മുന്നണിയല്ല, ഒന്നാം മുന്നണിയാണ് രൂപീകരിക്കുന്നതെന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തവെ നിതീഷ് പറഞ്ഞതിനും മാനങ്ങളേറെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."