ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹംചെയ്ത യുവതിക്കെതിരെ ശൈശവവിവാഹത്തിന് കേസ്
ബെംഗളൂരു: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് 17 കാരനെ വിവാഹം ചെയ്ത യുവതിക്കെതിരെ ശൈശവവിവാഹത്തിന് കേസ്. കര്‍ണാടകയിലാണ് സംഭവം. ഇരുപതുകാരിയായ നഴ്സിങ് വിദ്യാര്‍ഥിനിക്കെതിരെയാണ് കേസ്.
ചിക്കമംഗളൂരു സ്വദേശിയായ പതിനേഴുകാരനെ യുവതി ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ബന്ധം പ്രണയത്തിലേക്ക് വഴിമാറി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കുട്ടിയെ ഇരുപതുകാരി വിവാഹം കഴിക്കുകയും ചെയ്തു. തനിക്ക് 21 വയസുണ്ടെന്നായിരുന്നു ആണ്‍കുട്ടി യുവതിയോട് പറഞ്ഞിരുന്നത്. യഥാര്‍ഥ പ്രായം മറച്ചുവച്ചായിരുന്നു വിവാഹമമെന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ പതിനാറിന് ബെംഗളുരുവിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ആണ്‍കുട്ടിയുടെ വീട്ടുകാരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ നാട്ടുകാര്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലെത്തി അന്വേഷണം നടത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് യുവതിയ്ക്കും വിവാഹത്തില്‍ പങ്കെടുത്ത ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."