സാന്ത്വനമേകാനായ് വിദ്യാര്‍ഥികള്‍ സമാഹരിച്ചത് 1,66,666 രൂപ
പുല്‍പ്പറ്റ: അവശരും നിരാലംബരുമായ രോഗികള്‍ക്ക് സാന്ത്വനമേകാനായി വിദ്യാര്‍ഥികള്‍ സമാഹരിച്ചത് 1,66,666 രൂപ. പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ഥികളാണ് കൂട്ടായ്മയിലൂടെ ഇത്രയും തുക തൃപ്പനച്ചി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിന് സമാഹരിച്ച് നല്‍കിയത്.
കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ളവര്ക്ക് പാവപ്പെട്ട രോഗികളെ പരിചരിക്കുന്ന പാലിയേറ്റിവ് ക്ലിനിക്കിന് സഹായം നല്‍കാം എന്ന അറിയിപ്പു ലഭിച്ചതോടെ ഒറ്റക്കും കൂട്ടമായും വിദ്യാര്‍ഥികള്‍ സ്വമേതയാ ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. അവശതയനുഭവിക്കുന്ന രോഗികള്‍ക്കായി ഫണ്ട് സമാഹരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പൂര്‍വ വിദ്യാര്‍ഥികളും മുന്നോട്ട് വന്നതോടെ പ്രതീക്ഷിച്ചതിലും വലിയ തുക ശേഖരിക്കാനുമായി കൊച്ചു കൂട്ടുകാര്‍ക്ക്.
8, 9, 10 ക്ലാസുകളിലെ വിദ്യാര്ഥികളാണ്ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ഓരോ ക്ലാസിലും കൂടുതല്‍ തുക ശേഖരിച്ച കുട്ടികള്‍ക്ക് പ്രത്തേകം സമ്മാനങ്ങള്‍ നല്‍കും. സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രാധാനാധ്യാപകന്‍ അജയകുമാര്‍ തൃപ്പനച്ചി പാലിയേറ്റീവ് കെയര്‍ സെക്രട്ടറി മുനീറിന് തുക കൈമാറി. പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സൈനബ, വൈസ് പ്രസിഡന്റ് പി.സി അബ്ദുറഹിമാന്, പ്രിന്‍സിപ്പല്‍ സനാവുല്ല മാസ്റ്റര്‍, സ്കൂള്‍ എം.ടി.എ പ്രസിഡന്റ് ഫൗസിയ, സ്റ്റാഫ് സെക്രട്ടറി കെ.ടി നാസര്‍ മാസ്റ്റര്‍, കബീര്‍ മാസ്റ്റര്‍, സക്കീര്‍ മാസ്റ്റര്‍, ജയിംസ് മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."