മുതുകാട് കള്ളുഷാപ്പ് തുറക്കാനുള്ള നീക്കം; പ്രതിരോധമൊരുക്കി ജനകീയ സമിതി
നിലമ്പൂര്‍: ആറ് വര്‍ഷം മുന്‍പ് അടച്ചുപൂട്ടിയ നിലമ്പൂര്‍ നഗരസഭയിലെ മുതുകാടു കള്ളുഷാപ്പ് വീണ്ടും തുറക്കാന്‍ ലൈസന്‍സ് നല്‍കിയ സാഹചര്യത്തില്‍ മദ്യവിപത്തിനെതിരെ കൊടിയുടെ നിറം നോക്കാതെ നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്ത്. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍ണ മൂന്നു ദിവസം പിന്നിട്ടു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപനാഥ് ഉദ്ഘാടനം ചെയ്ത ധര്‍ണക്കു പിന്തുണയുമായി സിപിഎം, മുസ്‌ലീം ലീഗ്, കോണ്‍ഗ്രസ്, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവര്‍ എത്തിയതോടെ സമരം ജനം ഒറ്റക്കെട്ടായി ഏറ്റെടുത്തു. വിദ്യാര്‍ഥികളില്‍ അടക്കം ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാണിയമ്പലം വിഷകള്ള് ദുരന്തത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ഷാപ്പ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണു മുതുകാടു നിവാസികള്‍.
ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് അനിശ്ചിതകാല ധര്‍ണ തുടരുന്നത്. കോടതി സമീപിക്കുന്നതടക്കമുള്ള തീരുമാനങ്ങളും ജനകീയ സമിതി ആലോചിച്ചുവരുന്നു. നഗരസഭാ പരിധിയില്‍ രണ്ടു കള്ളുഷാപ്പുകളാണു മുന്‍പു പ്രവര്‍ത്തിച്ചിരുന്നത്. ജില്ലയില്‍ കള്ളുഷാപ്പുകള്‍ക്കു ലൈസന്‍സ് നല്‍കുമ്പോഴും ആവശ്യത്തിനു ചെത്തുകള്ളു ലഭ്യമാക്കിയിരുന്നില്ല. ഇതിനാല്‍ തന്നെ കൃത്രിമക്കള്ളാണ് നല്‍കിയിരുന്നത്. ഇതിന്റെ ദുരന്തഫലമായിരുന്നു വാണിയമ്പലത്തും കുറ്റിപ്പുറത്തും കണ്ടത്. ഒരു മദ്യദുരന്തത്തിനുകൂടി തങ്ങളുടെ നാടിനെ വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ജനകീയ സമിതി.
മൂന്നാം ദിനത്തില്‍ ധര്‍ണ യൂത്ത്‌ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.എച്ച്. അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. എബ്രഹാം പുലിപ്ര അധ്യക്ഷനായി. അന്‍വര്‍ ഷാഫി, ടി.പി. ഷരീഫ്, പി. ബിനോയ്, നിയാസ് മുതുകാട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."