ഭരണകക്ഷി എം.എല്‍.എമാര്‍ തിരിച്ചെത്തി; ചരടുവലികള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമിടെ ജാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്
റാഞ്ചി: ചരടുവലികള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമിടെ ജാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്. പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഹേമന്ത് സോറന് മന്ത്രിസഭ വിശ്വാസവോട്ട് തേടും.
അതിനിടെ, ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ഛത്തിസ്ഗഢിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്ന ഝാര്‍ഖണ്ഡിലെ ഭരണകക്ഷി എം.എല്‍.എമാരെ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ റാഞ്ചിയില്‍ തിരികെയെത്തിച്ചു. 30 എം.എല്‍.എമാരും കോണ്‍ഗ്രസ്, ജെ.എം.എം നേതാക്കളുമടങ്ങുന്ന സംഘം ഞായറാഴ്ച ബിര്‍സാമുണ്ട വിമാനത്താവളത്തിലെത്തി.
അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിലനില്പ് തന്നെ തുലാസിലായിരുന്നു. ഹേമന്ത് സോറനെ അയോഗ്യനാക്കിയേക്കുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ ഭരണകക്ഷി എം.എല്‍.എമാരെ വശത്താക്കാന്‍ പ്രതിപക്ഷമായ ബി.ജെ.പി ശ്രമം തുടങ്ങുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എം.എല്‍.എ മാരെയടക്കം റായ്പുരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം സോറന് എം.എല്‍.എമാരുടെ യോഗം വിളിച്ചിരുന്നു.
ഹേമന്ത് സോറന് സ്വന്തം പേരില്‍ ഖനി അനുമതി നല്‍കിയെന്ന ബി.ജെ.പി പരാതിയാണ് നിയമസഭാഗത്വം റദ്ദാക്കപ്പെടുന്നതിലേക്ക് എത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അധികാര ദുര്‍വിനിയോഗം നടത്തി, ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനം നടന്നു എന്നൊക്കെയായിരുന്നു ഉയര്‍ന്ന ആരോപണം. ഇത് ശരിവെച്ചാണ് കടുത്ത നടപടി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്തത്.
നിലവില്‍ 81 അംഗ നിയമസഭയില്‍ 51 എം.എല്‍.എമാരാണ് സര്‍ക്കാര്‍ രൂപികരിച്ച ജെ.എം.എം കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. പ്രതിപക്ഷത്തുള്ള എന്‍.ഡി.എക്ക് 30 എംഎല്‍എമാരുണ്ട്. ബിഹാറില്‍ എന്‍ഡിഎ സഖ്യസര്‍ക്കാരില്‍ നിന്ന് ജെഡിയു വിട്ടത് ബി.ജെ.പിക്ക് ക്ഷീണമായിരുന്നു. ഇത് മറികടക്കാന്‍ ജാര്‍ഖണ്ഡിലെ ഭരണം പിടിക്കാനാണ് ബി.ജെ.പി ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."