തെരുവിലുറങ്ങിയ മനുഷ്യന് പുതു ജീവിതം സമ്മാനിച്ച് സന്നദ്ധ സേവകര്‍; കൈവശമുണ്ടായിരുന്നത് മന്ത്രവാദത്തിലൂടെ നേടിയ നാല്‍പത്തിയയ്യായിരം രൂപ
കോട്ടക്കല്‍: തെരുവിലുറങ്ങിയ മനുഷ്യന് പുതു ജീവിതം സമ്മാനിച്ച് കൈയ്യടി നേടിയിരിക്കുകയാണ് കോട്ടക്കലിലെ ഒരു സംഘം ചെറുപ്പക്കാര്‍. കുടുംബത്തെ ഉപേക്ഷിച്ച് കോട്ടയ്ക്കല്‍ നഗരത്തില്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന കോട്ടക്കല്‍ ആയുര്‍വേദ കോളേജ് ബസ് സ്‌റ്റോപ്പിനടുത്തുള്ള ദേവദാസനെയാണ് കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയിലെ വളണ്ടിയേഴ്‌സ് തെരുവില്‍ നിന്ന് രക്ഷപ്പെടുത്തിയത്. നീണ്ട മുടിയും ജഡ പിടിച്ച താടിയും കോലവും അയാള്‍ക്ക് തെരുവില്‍ മന്ത്രവാദിയുടെ പരിവേഷം നല്‍കിയിരുന്നു. അതിനാല്‍ ഇയാളെ നാട്ടുകാരില്‍ പലരും മന്ത്രവാദത്തിനായി സമീപിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ലഭിച്ച നാല്‍പ്പതിനായിരം രൂപയും വളണ്ടിയര്‍മാര്‍ ഇയാളുടെ കൈവശം കണ്ടെത്തിയിരുന്നു.
മുഷിഞ്ഞ വസ്ത്രം ധരിച്ചും ജഡ പിടിച്ചും മുടിയും താടിയും നീട്ടിയും വര്‍ഷങ്ങളോളമായി ഇയാള്‍ വീട്ടുകാരില്‍ നിന്നും അകന്ന് തെരുവിലാണ് കഴിയുകയായിരുന്നു. പല തവണ മക്കളും ബന്ധുക്കളും വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു. മാനസികമായ പ്രശ്‌നങ്ങളും വീട്ടിലേക്കുള്ള തിരിച്ചു പോക്കിന് തടസമായി. തെരുവില്‍ നിന്നും രക്ഷിച്ച ശേഷം ഇയാള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു. മുടി വെട്ടാനും കുളിക്കാനും വിസമ്മതിച്ചെങ്കിലും വളണ്ടിയേഴ്‌സിന്റെ തന്ത്രപൂര്‍വമായ പരിചരണത്തിനൊടുവില്‍ ഇയാള്‍ സമ്മതിക്കുകയായിരുന്നു.
താളപ്പിഴകള്‍ സംഭവിച്ച ജീവിതം വീണ്ടെടുക്കാന്‍ അയാളെ പ്രാപ്തനാക്കുക എന്ന സന്നദ്ധ സംഘത്തിന്റെ ലക്ഷ്യം വിജയം കാണുകയായിരുന്നുവെന്ന് അല്‍മാസ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കബീര്‍ പറഞ്ഞു. ശരീരം വൃത്തിയാക്കിയതിനു ശേഷം ചില പരിശോധനകളും വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തി. മാനസികമായ ചില പ്രശ്‌നങ്ങളും തൈറോയ്ഡ് സംബന്ധമായ പ്രയാസങ്ങളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. അതിനുമുള്ള ചികിത്സകളും പരിഹാരങ്ങളും വളണ്ടിയര്‍മാര്‍ നല്‍കുകയും ചെയ്തു. ഹോസ്പിറ്റല്‍ അധികൃതര്‍ ഇയാളുടെ കുടുംബത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ആശുപത്രിയില്‍ എത്തുകയും ഇയാളെ സന്ദര്‍ശിക്കുകയും ചെയ്തു. ചികിത്സക്ക് ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവാനുള്ള ഒരുക്കത്തിലാണിവര്‍. കോട്ടക്കലിലെ അല്‍മാസ് ഹോസ്പിറ്റലിന്റെ സഹായത്തോടെ കോട്ടക്കല്‍ സ്‌റ്റേഷന്‍ ട്രോമ കെയര്‍ യൂണിറ്റ് പ്രവര്‍ത്തകരാണ് ഈ സദുദ്യമത്തിന് നേതൃത്വം നല്‍കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."