രാജ്യത്തെ ആദ്യ അധ്യാപിക, പെണ്‍കുട്ടികള്‍ക്കായി ആദ്യ സ്‌കൂള്‍; അറിയാം സാവിത്രിഭായ് ഫൂലെ എന്ന ധീര വനിതയെ
അടിച്ചമര്‍ത്തലുകളിലും അന്ധവിശ്വാസങ്ങളിലും കൊടിയ ദാരിദ്ര്യത്തിലും അജ്ഞതയിലും ആണ്ടുകിടന്നിരുന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന വിപ്ലവകരമായി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച ധീര വനിത. രാജ്യത്തെ ആദ്യ അധ്യാപിക. സാമൂഹിക പരിഷ്‌കര്‍ത്താവ്, സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ ആദ്യ നേതാവ്, കവയത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ നിരവധി സാവിത്രിഭായ് ഫൂലെ എന്ന മനുഷ്യസ്‌നേഹിക്ക് അധികമാകില്ല.
മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നയാഗോണിലെ ഒരു ദളിത് കുടുംബത്തില്‍ 1831 ജനുവരി 3 ന് ജനനം. പിതാവിന്റെ പേര് ഖണ്ഡോജി നൈവേസ്, അമ്മയുടെ പേര് ലക്ഷ്മി.
പതിനെട്ടാം നൂറ്റാണ്ടില്‍, സ്ത്രീകള്‍ സ്‌കൂളില്‍ പോകുന്നത് പാപമായി കണക്കാക്കപ്പെട്ടപ്പോള്‍, രാജ്യത്തെ ആദ്യത്തെ സ്‌കൂള്‍ തുറന്ന് സ്ത്രീകളെ പഠിപ്പിക്കുന്നതിനുള്ള വലിയ ചുവടുവെപ്പ് അവര്‍ നടത്തി. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകളും ആക്ഷേപങ്ങളും ഉണ്ടായെങ്കിലും തന്റെ ലക്ഷ്യസ്ഥാനത്തുനിന്ന് ഒരിക്കലും അവര്‍ വ്യതിചലിച്ചില്ല.
ഒമ്പതാം വയസ്സില്‍ വിവാഹം
1840ല്‍ ഒമ്പതാം വയസ്സില്‍ സാമൂഹ്യപ്രവര്‍ത്തകയായ ജ്യോതിബ ഫൂലെയുമായി സാവിത്രിഭായിയുടെ വിവാഹം നടന്നു. വിവാഹശേഷം ഭര്‍ത്താവിനൊപ്പം പൂനെയിലെത്തി. വിവാഹത്തിന് മുമ്പ് അവള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും പഠനത്തില്‍ അവള്‍ അതീവ തത്പരയായിരുന്നു. വായിക്കാനും പഠിക്കാനുമുള്ള അവളുടെ ആഗ്രഹത്തിന് ഭര്‍ത്താവ് ജ്യോതിബ ഫൂലെ ഒപ്പം നിന്നു. അവളെ വായിക്കാനും എഴുതാനും പഠിക്കാന്‍ സഹായിച്ചു.
18 ാം വയസില്‍ ആദ്യ വിദ്യാലയം
1848 ജനുവരി 3ന് അവളുടെ 18ാം ജന്മദിനത്തില്‍ ഭര്‍ത്താവ് ജ്യോതിബ ഫൂലെയുടെ സഹായത്താല്‍ സാവിത്രിബായി പെണ്‍കുട്ടികള്‍ക്കായി പൂനെയില്‍ ആദ്യത്തെ സ്‌കൂള്‍ സ്ഥാപിച്ചു. വിവിധ ജാതികളില്‍പ്പെട്ട ഒമ്പത് പെണ്‍കുട്ടികള്‍ ഇവിടെ പ്രവേശനം നേടി. ഇതോടുകൂടി അവര്‍ നിര്‍ത്തിയില്ല, ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ച് പുതിയ സ്‌കൂളുകള്‍ തുറന്നു.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിന് വിലക്കുണ്ടായിരുന്ന അക്കാലത്ത് ഒരു ഗേള്‍സ് സ്‌കൂള്‍ നടത്തിക്കൊണ്ടുപോവുക എന്നത് എളുപ്പമായിരുന്നില്ല. എന്നാല്‍ സാവിത്രിഭായ് ഫൂലെ സ്വന്തം പഠനത്തോടൊപ്പം മറ്റ് പെണ്‍കുട്ടികളുടെ പഠനത്തിനും വേണ്ടുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കി.
പകരം ലഭിച്ചത് കല്ലേറും പരിഹാസവും
അധ്യാപികയായി സാവിത്രിഭായിയുടെ യാത്ര വളരെ ദുഷ്‌കരമായിരുന്നു. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് അവര്‍ യാത്ര ചെയ്തിരുന്നത്. സ്‌കൂളിലേക്കുള്ള പാതയില്‍ ചെളിയും മണ്ണും കല്ലേറുകളും അവളെ കാത്തിരുന്നിരുന്നു. സാവിത്രിഭായി എപ്പോഴും ഒരു സാരി ബാഗില്‍ കരുതുകയും സ്‌കൂളില്‍ എത്തുമ്പോള്‍ മണ്ണില്‍ കുളിച്ച മുഷിഞ്ഞ സാരി മാറ്റുകയും ചെയ്യുമായിരുന്നു.
അതേസമയം, 1854ല്‍ സാവിത്രിബായി വിധവകള്‍ക്കായി ഒരു അഭയകേന്ദ്രവും തുറന്നു. ഇവിടെ നിര്‍ധനരായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും ഇടം നല്‍കി. ഇവര്‍ക്കും എഴുത്തും വായനയും പകര്‍ന്നുനല്‍കി.
പ്ലേഗിനെതിരെയുള്ള പ്രതിരോധവും മരണവും
1897ല്‍ പൂനെയെ ഗ്രസിച്ച പ്ലേഗ് രോഗത്തെ പ്രതിരോധിക്കാന്‍ വളര്‍ത്തുമകനായ യഷ്വന്ത് റാവുവും സാവിത്രിബായിയും ചേര്‍ന്ന് ആശുപത്രി തുടങ്ങി. സാവിത്രിബായി തന്നെയാണ് പ്ലേഗ് രോഗികളെ പരിചരിച്ചത്. അതിനിടയില്‍ സാവിത്രിബായിയേയും പ്ലേഗ് ബാധിച്ചു. 1897 മാര്‍ച്ച് 10ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കടപ്പാട്: ടൈംസ് നൗ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."