പൊലിസ് മേധാവിയില്‍നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്
സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്നു പടിയിറങ്ങുകയാണ്. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിങ് താവളമാണെന്ന് സര്‍വിസിന്റെ അവസാനമാണ് അദ്ദേഹം പറഞ്ഞത്. ഇതു സംബന്ധിച്ച് തെളിവുകള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല. കേരളത്തെ ദുരൂഹതയില്‍
നിര്‍ത്തിയിരിക്കുകയാണ്. അഞ്ച് വര്‍ഷം ഡി.ജി.പി തസ്തികയില്‍ ഇരുന്ന ബെഹ്‌റ എന്തെടുക്കുകയായിരുന്നു. എന്തുകൊണ്ട് ഇതേക്കുറിച്ച് ഒരന്വേഷണം നടത്തി പൊതുസമൂഹത്തോട് അത് വിളിച്ചു പറഞ്ഞില്ല.
അധികാരമേറ്റെടുത്തതിനു പിന്നാലെ ആരോപണങ്ങളും വിവാദങ്ങളും ബെഹ്‌റയെ വിടാതെ പിന്തുടര്‍ന്നിരുന്നു. പടിയിറങ്ങുന്ന വേളയിലും മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിനേയും പന്തീരാങ്കാവില്‍ രണ്ട് വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനേയും ന്യായീകരിക്കാന്‍ അദ്ദേഹം മറന്നില്ല. മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ നിരുപാധികം അവസരം നല്‍കിയിരുന്നുവെന്നാണദ്ദേഹം പറയുന്നത്. കീഴടങ്ങുന്നില്ലെങ്കില്‍ പൊലിസിന് മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലാമെന്ന് ഏത് നിയമപുസ്തകത്തിലാണ് പറയുന്നത്. ഒരാള്‍ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയാണ്. കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയിട്ടും പിരിയുന്നവേളയിലും അതിനെ ന്യായീകരിക്കുകയാണദ്ദേഹം. പുസ്തകങ്ങള്‍ കൈവശംവച്ചു എന്നതിനാണ് പന്തീരാങ്കാവിലെ വിദ്യാര്‍ഥികളായ അലനെയും ത്വാഹയേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലന്‍ ജാമ്യംനേടിയെങ്കിലും ജാമ്യംലഭിച്ച ത്വാഹക്ക് അത് റദ്ദാക്കപ്പെട്ട് വീണ്ടും ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്.
ടി.പി സെന്‍കുമാര്‍ സര്‍ക്കാരുമായുള്ള നിയമ പോരാട്ടത്തെത്തുടര്‍ന്ന് വീണ്ടും ഡി.ജി.പിയായി അവരോധിതനായപ്പോള്‍ താല്‍ക്കാലികമായി വിജിലന്‍സ് ഡയരക്ടറായി അദ്ദേഹത്തിന് ജോലി ചെയ്യേണ്ടിവന്നു. ഡി.ജി.പി സ്ഥാനത്തുനിന്ന് മാറിനില്‍ക്കുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവ് ഏറെ വിവാദമുണ്ടാക്കി. സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്നായിരുന്നു ഉത്തരവ്. ഇതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ടി.പി സെന്‍കുമാര്‍ ഉത്തരവിട്ടപ്പോള്‍ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് ബെഹ്‌റ എത്തിയിരുന്നു. അന്വേഷണം നടന്നില്ല. സര്‍ക്കാരിനും ബെഹ്‌റയെ കൈയൊഴിയാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ സര്‍ക്കാര്‍ അന്വേഷണവും ഉണ്ടായില്ല. ടി.പി സെന്‍കുമാറിനെതിരേയും നിരവധി ആരോപണങ്ങള്‍ വിജിലന്‍സില്‍ കെട്ടിക്കിടപ്പുണ്ടായിരുന്നു. വിജിലന്‍സ് പരിഗണനയിലുള്ള ടി.പി സെന്‍കുമാറിനെതിരേയുള്ള ആറ് പരാതികളില്‍ ബെഹ്‌റ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നുവെങ്കില്‍ അത് സെന്‍കുമാറിനും കുരുക്കാകുമായിരുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കുമ്പോഴാണ് സെന്‍കുമാറിനെതിരേ പരാതികള്‍ ലഭിച്ചത്.
ടി.പി സെന്‍കുമാര്‍ കെ.ടി.ഡി.സി മാനേജിങ് ഡയറക്ടറായിരിക്കെ 2010-11 കാലഘട്ടത്തില്‍ ചട്ടങ്ങള്‍ മറികടന്ന് ലോണ്‍ നല്‍കിയത് അദ്ദേഹത്തിനെതിരേയുള്ള പരാതിയായി വിജിലന്‍സ് സ്വീകരിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയരക്ടറായിരിക്കെ, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കരാറില്‍ കരാറുകാരന് രണ്ടുവര്‍ഷം നീട്ടിയതും സെന്‍കുമാറിനെതിരേയുള്ള പരാതിയാണ്.
പമ്പ മണല്‍ വാരല്‍ വിവാദത്തിലും ബെഹ്‌റ ഉള്‍പ്പെട്ടു. രണ്ട് മുന്‍ ചീഫ് സെക്രട്ടറിമാരായ ടോം ജോസ്, ബിശ്വാസ് മേത്ത എന്നിവര്‍ക്കൊപ്പം ലോക്‌നാഥ് ബെഹ്‌റയും ഹെലികോപ്റ്ററില്‍ പമ്പയില്‍ പറന്നിറങ്ങി പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് മറയാക്കി സ്വകാര്യ വ്യക്തിക്ക് മണല്‍ നല്‍കാന്‍ നീക്കം നടത്തിയെന്നായിരുന്നു ആരോപണം. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഇതു സംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ല. സര്‍ക്കാരും അന്വേഷണത്തിന് അനുമതി നല്‍കിയില്ല. നയതന്ത്ര സ്വര്‍ണക്കള്ളക്കടത്തിലും ഡി.ജി.പി ആരോപണ വിധേയനായിരുന്നു. വിദേശ നയതന്ത്ര പ്രതിനിധിയുടെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ബെഹ്‌റ നേരിട്ടാണ് കോണ്‍സുലേറ്റ് ജനറലിന് ഗണ്‍മാനെ അനുവദിച്ചതെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രസമ്മേളനം വിളിച്ചു ആരോപണം നടത്തിയിട്ടും സര്‍ക്കാര്‍ അന്വേഷണമുണ്ടായില്ല. അധികാര ദുര്‍വിനിയോഗത്തിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്ഥാനം തെറിച്ചതെങ്കില്‍ ബെഹ്‌റക്ക് അതുണ്ടായില്ല.
പൊലിസ് സേനയുടെ തോക്കുകളും വെടിയുണ്ടകളും കാണാതായത് സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വരെ ഇതു സംബന്ധിച്ച ചര്‍ച്ച നടന്നുവെങ്കിലും ബെഹ്‌റക്കെതിരേ നടപടികളൊന്നും ഉണ്ടായില്ല. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മുന്‍നിര്‍ത്തി സ്വകാര്യ സ്ഥാപനത്തിന് ലാഭം കൊയ്യാന്‍ ബെഹ്‌റ കരാര്‍ നല്‍കിയതും വമ്പിച്ച വിവാദമുയര്‍ത്തിയിരുന്നു.
കേന്ദ്ര ഫണ്ട് വകമാറ്റി 41 ആഡംബര വാഹനങ്ങള്‍ വാങ്ങി മറ്റൊരു ആരോപണവിധേയനും മുഖ്യമന്ത്രിയുടെ പൊലിസ് ഉപദേശകനുമായ ശ്രീവാസ്തവയടക്കമുള്ളവര്‍ക്ക് നല്‍കിയതും സി.എ.ജി റിപ്പോര്‍ട്ടില്‍ ബെഹ്‌റക്കെതിരേയുള്ള ആരോപണമാണ്. ഡി.ജി.പിമാര്‍ക്ക് സ്വന്തമായി ചെലവാക്കാന്‍ ഒരുകോടിയുടെ അനുമതിയാണുണ്ടായിരുന്നത്. ബെഹ്‌റ ആഭ്യന്തര വകുപ്പില്‍ സമ്മര്‍ദം ചെലുത്തി അത് ആദ്യം മൂന്നു കോടിയായും പിന്നീട് അഞ്ചു കോടിയായും ഉയര്‍ത്തിയത് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചതാണ്.
കഴിവും കാര്യപ്രാപ്തിയും സത്യസന്ധതയും കൈമുതലായിരുന്ന പൊലിസ് മേധാവികള്‍ സംസ്ഥാനത്തുണ്ടായിരുന്നു. പൊലിസ് സ്റ്റേഷനുകളിലെ ജോലിയെപ്പറ്റി അറിവുണ്ടായിരുന്ന അവര്‍ക്ക് മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാനും കഴിഞ്ഞു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ ശില്‍പി എന്നു വിശേഷിപ്പിക്കാവുന്ന മുന്‍ പൊലിസ് മേധാവി എം.കെ ജോസഫ് മികവുറ്റ കായിക സംഘാടകനും സഹൃദയനുമായിരുന്നു. പൊതുകാര്യങ്ങളില്‍ സജീവമായി അദ്ദേഹം ഇടപെട്ടു. അതേപോലെ സഹൃദയനും കലാസാഹിത്യ സാംസ്‌കാരിക രംഗത്ത് കഴിവുതെളിയിച്ച പ്രഗത്ഭ വ്യക്തിയായിരുന്നു പൊലിസ് മേധാവിയായിരുന്ന എന്‍. കൃഷ്ണന്‍ നായര്‍. ഇന്നു സത്യസന്ധതയും കഴിവുമല്ല ഡി.ജി.പി ആകാനുള്ള യോഗ്യത. പ്രതിഭയും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്ഥരെല്ലാം പിന്തള്ളപ്പെടുകയാണ്. കിട്ടിയ ഇന്നിങ്‌സ് നന്നായി കളിച്ചുവെന്ന് ഒരു ദൃശ്യമാധ്യമത്തിന് ബെഹ്‌റ നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ടെങ്കില്‍ എന്തിന് അത്ഭുതപ്പെടണം. സമൂഹവും നിയമവും ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് ഉയരുക എന്നതായിരിക്കണം ഓരോ പൊലിസ് മേധാവിയുടേയും നിയോഗം. സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൊലിസ് സ്റ്റേഷനുകളെ പരിവര്‍ത്തിപ്പിക്കണം. പൊലിസ് സ്റ്റേഷനുകളിലെ കീഴുദ്യോഗസ്ഥരെ കാര്യപ്രാപ്തിയുള്ളവരാകാന്‍ സഹായിക്കുകയും അവരെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന, നിസഹായരായ മനുഷ്യരുടെ പരാതികള്‍ അലിവോടെ കേള്‍ക്കുന്ന അതിനു പരിഹാരം കാണുന്ന സത്യസന്ധരായ പൊലിസ് മേധാവികളാണ് ഉണ്ടാകേണ്ടത്. അങ്ങനെയുള്ളവരായിരിക്കണം ഡി.ജി.പിമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."