അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വീണ്ടും തിരിച്ചടി; ദ്വീപുകാര്‍ക്ക് രക്ഷയായി നീതിപീഠം
കൊച്ചി: ലക്ഷദ്വീപില്‍ തീരത്തോട് ചേര്‍ന്നുള്ള വീടുകള്‍ പൊളിക്കുന്നത് ഹൈക്കോടതിയുടെ പുതിയ ഉത്തരവുണ്ടാകുന്നതുവരെ സ്റ്റേ ചെയ്തു. ലക്ഷദ്വീപ് നിവാസികളായ ഉബൈദുള്ള കുഞ്ഞിയമങ്കട, ഖാലിദ് കുറ്റിപ്പാപ്പിപുരം എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് മറ്റൊരുത്തരവുണ്ടാകുന്നതുവരെ വീടുകളൊന്നും പൊളിക്കരുതെന്നു ഇടക്കാല ഉത്തരവിട്ടത്. ഹരജിക്കാര്‍ നല്‍കിയ പരാതികള്‍ പരിശോധിച്ച് തീരുമാനമെടുക്കാനും കോടതി അഡ്മിനിസ്‌ട്രേറ്റര്‍ക്കും ബ്ലോക്ക് വികസന ഓഫിസര്‍ക്കും നിര്‍ദേശം നല്‍കി. ഹരജിയില്‍ രണ്ടാഴ്ചയ്ക്കകം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍
നിലപാടറിയിക്കണം. കടല്‍ തീരത്തോട് ചേര്‍ന്ന വീടുകളും നിര്‍മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചുമാറ്റണമെന്ന് കവരത്തി ബ്ലോക്ക് വികസന ഓഫിസറാണ് പ്രദേശവാസികള്‍ക്ക് നോട്ടിസ് നല്‍കിയത്. ഹരജിക്കാര്‍ തീരപ്രദേശത്ത് പരമ്പരാഗതമായി താമസിക്കുന്നവരാണെന്നു ഹരജിയില്‍ പറയുന്നു. 1950 മുതല്‍ തങ്ങളുടെ പിതാവിന്റെ കൈവശത്തിലും പിന്നീട് തങ്ങളുടെ ഉടമസ്ഥതയിലുമിരിക്കുന്ന സ്ഥലത്താണ് വീടു വച്ചിട്ടുള്ളത്. ഇപ്പോള്‍ ഇതു നിയമവിരുദ്ധ നിര്‍മാണമാണെന്നു ചൂണ്ടിക്കാട്ടി പൊളിച്ചു മാറ്റണമെന്നു പറയുന്നത് ശരിയല്ലെന്ന്, സൂപ്രിംകോടതി 2014ല്‍ പ്രസ്താവിച്ച വിധിന്യായത്തില്‍ പറയുന്നുണ്ടെന്നു ഹരജിക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഉയര്‍ന്ന തിരമാല രേഖാ പരിധിയായ 20 മീറ്ററിനു പുറത്താണ് തങ്ങളുടെ വീടുകളുള്ളതെന്നും നിയമപ്രകാരം ഇവ പൊളിക്കേണ്ടതില്ലെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."