ആം ആദ്മി ഗുജറാത്തിലെത്തുമ്പോള്‍
നിഷാദ് അമീന്‍
ഡല്‍ഹിക്കും പഞ്ചാബിനും ശേഷം ഗോവയിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാന പാര്‍ട്ടി പദവി അനുവദിച്ചതോടെ ദേശീയ പാര്‍ട്ടി പദവിയിലേക്ക് ഒരു ചുവടുമാത്രം അകലെയാണ് ആം ആദ്മി പാര്‍ട്ടി. ഒരു സംസ്ഥാനത്തു കൂടി സാന്നിധ്യമറിയിക്കാനായാല്‍ ദേശീയ പാര്‍ട്ടി പദവി കൈവരിക്കാനാവും. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് എ.എ.പിയുടെ അടുത്ത പ്രധാന ലക്ഷ്യം. നാല് സംസ്ഥാനങ്ങളില്‍ നിയമസഭയിലേക്ക് അവസാനമായി നടന്ന തെരഞ്ഞെടുപ്പില്‍ ഒരോ സംസ്ഥാനത്തും ആറ് ശതമാനം വീതം വോട്ട് വിഹിതം ലഭിക്കുകയും ലോക്‌സഭയിലേക്ക് നാല് സീറ്റുകള്‍ ലഭിക്കുകയും ചെയ്താല്‍ ദേശീയ പാര്‍ട്ടി പദവി ലഭിക്കും. അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചാലും മതി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആകെ വോട്ടിന്റെ രണ്ട് ശതമാനവും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് എം.പിമാര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്താലും ദേശീയ പദവി ലഭിക്കും. ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കടപുഴക്കി അധികാരം അരക്കിട്ടുറപ്പിച്ച എ.എ.പി പഞ്ചാബില്‍ പരമ്പരാഗത ശക്തികളായ അകാലിദളിനെയും കോണ്‍ഗ്രസിനെയും തറപറ്റിച്ച് ദേശീയ രാഷ്ട്രീയത്തില്‍ സ്ഥാനം അടയാളപ്പെടുത്തുകയായിരുന്നു.
തീവ്രഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി വിലയിരുത്തപ്പെട്ട ഗുജറാത്തിലേക്ക് എ.എ.പി എത്തുമ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എ.എ.പി ബി.ജെ.പിക്ക് ശരിയായ രാഷ്ട്രീയ ബദലാണോ എന്നതാണ് ഇതില്‍ പ്രധാനം. രാജ്യം നേരിടുന്ന വലിയ ഭീഷണിയായ മതാന്ധതയും വര്‍ഗീയതും സംഘ്പരിവാരത്തിന്റെ രാഷ്ട്രീയ ഉള്ളടക്കമായി മാറുമ്പോള്‍ വിശേഷിച്ചും. എ.എ.പിയുടെ ഇതുവരെയുള്ള ട്രാക്ക് റെക്കോഡ് പരിശോധിച്ചാല്‍ സംഘ്പരിവാരത്തിന്റെ വര്‍ഗീയ അജണ്ടകളെ നേര്‍ക്കുനേര്‍ എതിരിടാതെ അഴിമതിക്കെതിരേ ജനപക്ഷ വികസനോന്മുഖ നവരാഷ്ട്രീയ മുന്നേറ്റമെന്ന ലേബല്‍ ഉണ്ടാക്കിയെടുക്കാനാണ് അവര്‍ ശ്രദ്ധിച്ചതെന്ന് വ്യക്തമാവും. 2020ലെ ഡല്‍ഹി കലാപം, പൗരത്വ നിയമം, ഗോമാംസ നിരോധനം, തല്ലിക്കൊല്ലല്‍, ന്യൂനപക്ഷ സ്ഥാപനങ്ങളും ആരാധനാലയങ്ങളും മറ്റും കൈയേറല്‍, ചരിത്രത്തേയും സ്ഥാപനങ്ങളേയും വികലമാക്കല്‍, ബുള്‍ഡോസര്‍ രാജ് തുടങ്ങിയ വിഷയങ്ങളില്‍ ബോധപൂര്‍വമായ അകലംപാലിക്കാനാണ് എ.എ.പി ശ്രദ്ധിച്ചത്. അവര്‍ ഡല്‍ഹി ഭരിക്കുമ്പോഴാണ് കലാപമെങ്കിലും ക്രമസമാധാനം കേന്ദ്രത്തിന്റെ ചുമതലയിലാണെന്ന ന്യായംനിരത്തി വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലും സൗജന്യങ്ങള്‍ നല്‍കുന്നതിലുമാണ് ഊന്നല്‍ എന്ന നയവുമായി മുന്നോട്ടുപോയി. അഴിമതി ഒഴികെ എല്ലാത്തിനോടും ചേര്‍ന്നുനില്‍ക്കാന്‍ കെജ്‌രിവാളിന് സാധിക്കുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ക്കാ ദത്ത് മുമ്പ് ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഹിന്ദുത്വ മുദ്രാവാക്യങ്ങളില്‍ കൊത്താതിരിക്കാന്‍ തുടക്കം മുതല്‍ ബോധപൂര്‍വമായ ശ്രദ്ധപുലര്‍ത്തുന്നത് അവരുടെ രാഷ്ട്രീയ തന്ത്രമായി കാണാം. താന്‍ ഒരു കടുത്ത ഹിന്ദു ഭക്തനാണെന്ന് അറിയിക്കാന്‍ കൃത്യവും പ്രകടവുമായ നടപടികള്‍ പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളില്‍ നിന്ന് ഉണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോഴും പ്രധാന അമ്പലങ്ങളിലെല്ലാം പോയത് അതിന്റെ ഭാഗമാണ്. ഗുജറാത്തിലെ ഭാവ്‌നഗറിലെ രാജാവായിരുന്ന കൃഷ്ണകുമാര്‍ സിന്‍ഹിനെ ഭാരതരത്‌ന നല്‍കി രാജ്യം ആദരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത് പ്രാദേശിക പിന്തുണ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളെ പരസ്യമായി പിന്തുണയ്ക്കാതിരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതായി കാണാം.
ബി.ജെ.പിക്ക് ബദലായി മൃദുഹിന്ദുത്വവാദം ഉയര്‍ത്താതെ തന്നെ ഹൈന്ദവ വോട്ടുകളും അതോടൊപ്പം മറ്റു ജനവിഭാഗങ്ങളുടെ വോട്ടും സമാഹരിക്കുകയാണ് അവരുടെ തന്ത്രം. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ലക്ഷ്യവുമായി നീങ്ങുന്ന ബി.ജെ.പിക്ക് കോണ്‍ഗ്രസിനേക്കാള്‍ പ്രാദേശിക പാര്‍ട്ടികളില്‍ നിന്നാണ് വെല്ലുവിളി ഉയരുന്നതെന്ന് ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതി പരിശോധിച്ചാല്‍ വ്യക്തമാണ്. ബംഗാളിന്റെ പുത്രിയെന്ന ലേബല്‍ മമത ബാനര്‍ജിക്ക് അനുയായികള്‍ നല്‍കുമ്പോള്‍ ഇന്ത്യയുടെ പുത്രന്‍ എന്ന ക്യാച്ച് വേഡുമായി ദേശീയ രാഷ്ട്രീയ മോഹങ്ങള്‍ കെജ്‌രിവാള്‍ മറച്ചുവയ്ക്കുന്നില്ല. പല വിഷയങ്ങളിലും ഇരുവരും ബി.ജെ.പിക്ക് ശക്തമായ വെല്ലുവിളി തന്നെയാണ്.
സംഘ്പരിവാരം ഉയര്‍ത്തുന്ന വര്‍ഗീയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ കെണിയാണെന്നും അതിനോടുള്ള പരസ്യപ്രതികരണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷംചെയ്യുമെന്നും അത് ആത്യന്തികമായി സംഘ്പരിവാരത്തിനാണ് ഊര്‍ജം പകരുകയെന്നും തിരിച്ചറിഞ്ഞുകൊണ്ടുള്ള കരുതലോടെയുള്ള നീക്കമാണ് എ.എ.പി നടത്തുന്നതെന്ന് വ്യാഖാനിക്കപ്പെടുന്നുണ്ട്. നിയമസഭയിലേക്ക് എ.എ.പിയെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തിലേറ്റിയ ഡല്‍ഹി നിവാസികള്‍ തന്നെ തൊട്ടുപിന്നാലെ ലോക്‌സഭയിലേക്ക് ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന്റെ ചുവരെഴുത്തുകള്‍ വായിക്കാതിരുന്നുകൂട. രാഷ്ട്രീയമായി കോണ്‍ഗ്രസിനെ മുഖ്യഎതിരാളിയാക്കിയാണ് ആപിന്റെ തുടക്കമെങ്കിലും ശിരോമണി അകാലിദളിനെ പിന്തള്ളി പഞ്ചാബും കടന്ന് മോദി-അമിത് ഷായുടെ സ്വന്തംതട്ടകമായ ഗുജറാത്തിലെത്തുമ്പോള്‍ ബി.ജെ.പി കടുത്ത ആശങ്കയോടെയാണ് അതിനെ നോക്കിക്കാണുന്നതെന്ന് അവരുടെ സമീപകാല പ്രതികരണങ്ങളും എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേണ്ടയാടുന്നതും ബോധ്യപ്പെടുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എക്‌സൈസ് അഴിമതി ആരോപണമുയര്‍ത്തി പൂട്ടാന്‍ സി.ബി.ഐ ശക്തമായി രംഗത്തുണ്ട്. ഈ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെയും സിസോദിയയുടെയും ഗുജറാത്ത് പര്യടനം.
ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിത്തു വഗാനിയുടെ മണ്ഡലമായ ഭാവ്‌നഗറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ ഗുജറാത്തിലെ സ്വകാര്യ മേഖലയിലെ തൊഴിലുകളില്‍ 80 ശതമാനം ക്വാട്ട സംസ്ഥാനത്തെ യുവാക്കള്‍ക്ക് ഉറപ്പാക്കുന്ന നിയമനിര്‍മാണം നടത്തുമെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. ഭാവ്‌നഗര്‍ ടൗണ്‍ ഹാളിലെ വേദിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു. സിസോദിയയുടെ വസതി ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളിലായി 31 ഇടങ്ങളിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. സിസോദിയക്കെതിരേ അന്വേഷണം നടത്താന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന അനുമതി നല്‍കിയതിനു പിന്നാലെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2021-2022 കാലത്തെ ഡല്‍ഹി മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിക്കുന്ന എഫ്.ഐ.ആറില്‍ സിസോദിയ ഉള്‍പ്പെടെ 15 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
എക്‌സൈസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും മദ്യവ്യാപാരികളുമാണ് പ്രതിപ്പട്ടികയിലെ മറ്റുള്ളവര്‍. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയില്‍ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് സിസോദിയയുടെ നിലപാട്. നേരത്തേ ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദര്‍ ജെയിനിനെ വേട്ടയാടിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സിസോദിയയെ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് എ.എ.പി കുറ്റപ്പെടുത്തുന്നു. മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സി.ബി.ഐ റെയ്‌ഡെന്ന് കെജ്‌രിവാളും പ്രതികരിക്കുന്നു. സിസോദിയക്കെതിരായ സിബി.ഐ അന്വേഷണത്തെ കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്നു മാത്രമല്ല, അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.
അഴിമതിക്കെതിരായ പോരാട്ടം ഏറ്റവും വലിയ ആയുധമാക്കി രംഗത്തിറങ്ങി അധികാരസോപാനങ്ങള്‍ കീഴടക്കുന്ന ആപിനെ അതേ അഴിമതി ആരോപണം കൊണ്ടുതന്നെ തടയിട്ട് മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്ന പ്രതിതന്ത്രമാണ് ബി.ജെ.പി മെനയുന്നത്. ഗുജറാത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ എ.എ.പിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വര്‍ധിച്ച ജനപിന്തുണ കണ്ട് വിറളിപിടിച്ചാണ് തന്റെ കഴുത്തില്‍ കുരുക്ക് മുറുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതെന്ന് സിസോദിയ ആരോപിക്കുന്നു. തെറ്റൊന്നും ചെയ്യാത്തതിനാല്‍ ആ കുരുക്ക് തന്റെ കഴുത്തിന് പാകമാവില്ലെന്നും ഭാവ്‌നഗറിലെ പൊതുയോഗത്തില്‍ സിസോദിയ പറഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍ പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും കെജ്‌രിവാളിന്റെ മുഖ്യവിഷയമാണ്. അധികാരത്തിലെത്തിയാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരെ തുറുങ്കിലടയ്ക്കുമെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം സര്‍ക്കാര്‍ ജോലികളിലേക്കുള്ള വിവിധ പരീക്ഷകളുടെ തീയതികള്‍ വ്യക്തമാക്കി കലണ്ടര്‍ അദ്ദേഹം പുറത്തുവിട്ടതും കൃത്യമായ ഗൃഹപാഠത്തോടെയാണ് ആപ് ഗുജറാത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു.
ബി.ജെ.പി ക്യാംപിലാകെ വിറളിപിടിച്ചിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പാട്ടീലിന്റെ കസേര ഉടന്‍ തെറിക്കുമെന്നുമുള്ള കെജ്‌രിവാളിന്റെ വാക്കുകള്‍ വലിയ അനുരണനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇതിനോടുള്ള ബി.ജെ.പി പ്രതികരണങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. ദിവാസ്വപ്‌നം കാണുക നേരമ്പോക്കായി എടുത്തയാളാണ് കെജ് രിവാളെന്നും താങ്കള്‍ ബി.ജെ.പിയെ കുറിച്ച് വേവലാതിപ്പെടേണ്ടതില്ലെന്നും മദ്യപാനിയായ സിസോദിയയെ രക്ഷിച്ചെടുക്കാന്‍ നോക്കൂ എന്നുമായിരുന്നു ബി.ജെ.പിയുടെ മറുപടി. മഹാഭാരത പുരാണത്തില്‍ തിന്മയുടെ ശക്തിയായ കൗരവരെ തോല്‍പ്പിക്കുന്ന പാണ്ഡവരായി എ.എ.പിയെ അവതരിപ്പിക്കാനും കെജ്‌രിവാള്‍ ശ്രമിച്ചു. ഗുജറാത്തിലെ ബി.ജെ.പിക്കെതിരായ പോരാട്ടത്തെ കൗരവ-പാണ്ഡവ യുദ്ധമായി ചിത്രീകരിക്കുന്നതില്‍ വിജയിച്ചാല്‍ നേട്ടമാവുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."