എംപാനല്‍ ആശുപത്രികളിലെ കൊവിഡ് ചികിത്സ ദുരുപയോഗം തടയാന്‍ മാനദണ്ഡങ്ങള്‍ പുതുക്കി
ഫൈസല്‍ കോങ്ങാട്
പാലക്കാട്: സ്വകാര്യ ആശുപത്രികളില്‍ സൗജന്യമായി മികച്ച കൊവിഡ് ചികിത്സ നല്‍കുന്ന പദ്ധതി വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തരവിറക്കി.
എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്കും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കേണ്ടവര്‍ക്കും സൗജന്യ ചികിത്സ നല്‍കണമെന്ന് നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ രാഷ്ട്രീയ സ്വാധീനമുള്ളവരും അതിസമ്പന്നരുംവരെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് അനര്‍ഹമായി റഫറല്‍ വാങ്ങി സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടുന്നതായി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ റഫറല്‍ സംവിധാനത്തില്‍ കര്‍ശന നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും മാറ്റി നിശ്ചയിച്ചത്.
രോഗതീവ്രതയ്ക്കനുസരിച്ച് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്ന ബി, സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്കാണ് വിദഗ്ധ ചികിത്സ ആവശ്യമായഘട്ടത്തില്‍ സ്വകാര്യആശുപത്രികളിലേക്ക് സൗജന്യ റഫറല്‍ ലഭിക്കുക. രോഗിയുടെ സാമ്പത്തിക സ്ഥിതി ഇതിന് മാനദണ്ഡമല്ല.
താരതമ്യേന ഗുരുതരമല്ലാത്തതും പ്രയാസങ്ങളില്ലാത്തതുമായ രോഗികളെയാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് റഫറല്‍ ചികിത്സ ലഭിക്കില്ല. റഫറല്‍ ലഭിക്കുന്ന രോഗികള്‍ക്ക് ചികിത്സാ ചെലവ്, പരിശോധനകള്‍, മരുന്ന്, ആവശ്യമായ ഘട്ടങ്ങളില്‍ ഓക്‌സിജന്‍, വെന്റിലേറ്റര്‍ സൗകര്യം എന്നിവ സൗജന്യമായി ലഭിക്കും.
എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ ബെഡ് ഒഴിവില്ലാതിരിക്കുക, ചികിത്സിക്കാനുള്ള ഉപകരണങ്ങളുടെ കുറവ്, സൗകര്യങ്ങളുടെ കുറവ്, രോഗത്തിന്റെ തീവ്രത എന്നിവ ഉണ്ടെങ്കില്‍ മാത്രമേ ഇനി റഫറല്‍ കൊടുക്കേണ്ടതുള്ളൂവെന്നാണ് സര്‍ക്കാര്‍ ഡി.എം.ഒമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അല്ലാത്ത പക്ഷം സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ചികിത്സ നടത്തണമെന്നാണ് നിര്‍ദേശം. രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ബെഡ്, വെന്റിലേറ്റര്‍, ഐ.സി.യു സൗകര്യങ്ങള്‍ പര്യാപ്തമാണെന്നതും പുതിയ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."