ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ഭാരത് ജോഡോ യാത്ര
ഇന്ത്യൻ നാഷനൽ കോൺഗ്രസിന് പുതുജീവൻ നൽകികൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ വൈകിട്ട് അഞ്ചിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽ നിന്നും കാൽനട ആരംഭിക്കുകയാണ്. പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റർ താണ്ടുന്ന പദയാത്ര മുൻ പ്രസിസന്റ് കൂടിയായ രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഇപ്പോൾ നേരിടുന്ന വെല്ലുവിളികളേയും വിമർശനങ്ങളേയും അതിജീവിക്കാനും കൂടി ഉള്ളതായി മാറും. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് പദയാത്ര നടത്തുന്ന ഏക ദേശീയ നേതാവ് എന്ന സവിശേഷതയും രാഹുൽ ഗാന്ധിയുടെ യാത്രക്ക് ഉണ്ട്. 'മൈൽ കദം, ജൂഡെ വതാൻ' എന്നാണ് പദയാത്രയുടെ മുദ്രാവാക്യം. 'ഒരുമിച്ചു ചേരൂ രാജ്യം ഒന്നിക്കും' എന്നാണ് ഈ മുദ്രാവാക്യത്തിന്റെ അർഥം.
ജനങ്ങളുമായി നേരിട്ട് സംവദിക്കാനും എന്താണ് ഇന്ത്യയുടെ ഹൃദയ വികാരമെന്ന് മനസിലാക്കാനും മാസങ്ങൾ നീളുന്ന കാൽനട യാത്രയിലൂടെ അറിയാനും അതിനനുസരിച്ച് തന്റെ രാഷ്ട്രീയ നിലപാടുകളിൽ എന്തു മാറ്റം വരുത്തണമെന്ന് ആലോചിച്ച് ഉറപ്പിക്കാനും ഈ യാത്ര അദ്ദേഹത്തിന് ഉപകാരപ്പെടും. ഉപകാരപ്പെടണം.
ശിശിര കാലത്ത് ഇല പൊഴിയും പോലെയാണ് കോൺഗ്രസിൽ നിന്നും നേതാക്കൾ പൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഇത് പക്ഷേ അണികളിൽ വലിയ ചലനം സൃഷ്ടിക്കുന്നില്ല എന്നതാണ് കൗതുകകരം. ഇതിൽ നിന്നും മനസിലാക്കേണ്ടത് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് അണികളിൽ ഭാവഭേദങ്ങളൊന്നും സൃഷ്ടിക്കുന്നില്ല എന്നാണ്. ഇന്നും ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരേ ശക്തമായ പ്രതിപക്ഷ നിര കെട്ടിപ്പടുക്കാൻ കെൽപ്പുള്ള ഏക രാഷ്ട്രീയ പാർട്ടി കോൺഗ്രസ് തന്നെയാണ് എന്ന സന്ദേശമാണ് അണികളുടെ ഉറച്ച നിലപാടിലൂടെ വ്യക്തമാകുന്നത്. പക്ഷേ അവരെ ആര് നയിക്കുമെന്നതാണ് കോൺഗ്രസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ചോദ്യം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും രാജിവച്ചത്. അന്ന് തൊട്ട് രാജി പിൻവലിച്ച് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള നേതാക്കളുടെ സമ്മർദത്തിന് കഴിഞ്ഞ ദിവസം രാംലീല മൈതാനത്തെ റാലിയിൽ വരെ അദ്ദേഹം വഴങ്ങിയിട്ടില്ല. ഈയൊരു പശ്ചാത്തലത്തിലും കൂടിയാണ് കോൺഗ്രസ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനൊരുങ്ങുന്നത്.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റത്തിനെതിരേ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലിയാണ് കഴിഞ്ഞ ദിവസം രാംലീല മൈതാനിയിൽ നടന്നത്. വിലക്കയറ്റത്തിനെതിരേ പ്രതിഷേധിക്കുന്നതിനേക്കാൾ ഉപരിയായി അണികളിൽ നിന്നും ഉയർന്നുവന്ന ഏറ്റവും വലിയ ആവശ്യം രാഹുൽ ഗാന്ധി അധ്യക്ഷ പദവിയിൽ തിരിച്ചെത്തണമെന്നായിരുന്നു. അതിനായി വലിയ ബാനറുകൾ വരെ ഉയർത്തപ്പെട്ടു.
രാഹുൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചു വരണമെന്ന ആവശ്യത്തിന് അനുദിനം ശക്തിയേറുമ്പോൾ യാത്രക്കിടയിൽ ഒരു പുനരാലോചനക്ക് അദ്ദേഹം നിർബന്ധിതനായേക്കാം. കോൺഗ്രസിനെ ഒന്നിച്ചുനിർത്താനും നയിക്കാനും ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരാളെ പരിഗണിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നത് ആ പാർട്ടിയുടെ പരിമിതിയും കൂടിയാണ്. രാജ്യത്തിന്റെ ചരിത്രം ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അറുത്തുമാറ്റുവാൻ കഴിയാത്ത വിധം ഇഴചേർന്ന് നിൽക്കുന്നതിനാലാവാം ഗാന്ധി കുടുംബത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് പാർട്ടിക്ക് ചിന്തിക്കാനാവാത്തത്.
നെഹ്‌റു രാജ്യത്തിന് നൽകിയ അമൂല്യ സംഭാവനകളെ തമസ്‌ക്കരിക്കാൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾ ഇന്ത്യൻ മനസിൽ വേരുപിടിക്കാതെ പോകുന്നതും തേജോമയമായ നെഹ്‌റുവിന്റെ വ്യക്തിത്വത്തിനാലാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാകാതെ ഹിമാലയത്തെപ്പോലെ തടഞ്ഞ് നിർത്തി രാജ്യത്തെ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി അവരോധിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ജവഹർലാൽ നെഹ്‌റുവായിരുന്നു. ഹിന്ദുത്വ ശക്തികളിൽ അണയാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന ആ വിദ്വേഷമാണ് നെഹ്‌റുവിനെ രാജ്യചരിത്രത്തിൽ നിന്നും നിഷ്‌ക്കാസനം ചെയ്യാൻ നടത്തുന്ന ശ്രമങ്ങൾ. രാംലീല മൈതാനിയിൽ നടന്ന കൂറ്റൻ റാലിയിലും പക്ഷേ അണികളുടെ ആവശ്യത്തിനനുകൂലമായ പ്രതികരണം രാഹുൽ ഗാന്ധിയിൽ നിന്നും ഉണ്ടായിട്ടില്ല.
ഇത്തരം സമ്മർദങ്ങൾക്കും പ്രസിഡന്റ് തെരഞ്ഞെടുപ്പ് വെല്ലുവിളികൾക്കും മധ്യത്തിൽ നിന്നാണ് നാളെ അദ്ദേഹം കന്യാകുമാരിയിൽ നിന്നും പദയാത്ര ആരംഭിക്കുന്നത്. ഗാന്ധിജിയെ നാഥുറാം ഗോഡ്‌സെ വെടിവച്ചു കൊന്നതിന്റെ വാർഷിക ദിനമായ 2023 ജനുവരി മുപ്പതിന് ജമ്മുകശ്മിരിൽ പദയാത്ര അവസാനിക്കുമ്പോൾ കോൺഗ്രസിന് അതിശക്തമായ ഒരു തിരിച്ചുവരവ് സാധ്യമാകേണ്ടതുണ്ട്.
ട്വിറ്ററിലൂടെ ജനവികാരം തിരിച്ചറിയാൻ കഴിയില്ല. അതിനായി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. അഞ്ച് മാസം നീണ്ടുനിൽക്കുന്ന രാഹുൽ ഗാന്ധിയുടെ പദയാത്ര അനുഭവങ്ങളുടെ പുതിയൊരു ലോകമായിരിക്കും അദ്ദേഹത്തിന് മുമ്പിൽ തുറന്നിടുക. തന്റെ രാഷ്ട്രീയ യാത്രയിലെ മുമ്പോട്ടുള്ള ഗമനത്തിൽ എന്ത് മാറ്റങ്ങൾ വരുത്തണമെന്ന പാഠം ഈ യാത്ര അദ്ദേഹത്തിന് നൽകും.സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ജനങ്ങളെ കൂടുതൽ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ആസുരകാലത്ത് ജനങ്ങളെ ഒന്നിപ്പിക്കാൻ നടത്തുന്ന രാഹുൽ ഗാന്ധിയുടെ പദയാത്ര പ്രതീക്ഷാനിർഭരമാണ്.
ഭൂരിപക്ഷം വരുന്ന മതേതര ഇന്ത്യയുടെ മനസിന്റെ ആഴം അറിയുവാനും അതിനനുസരിച്ചു കോൺഗ്രസിനെ പുനർനിർമിക്കാനും പദയാത്ര അദ്ദേഹത്തിന് ഉപകാരപ്പെടേണ്ടതുണ്ട്. രാജ്യത്തെ ഒന്നിപ്പിക്കാൻ ഒറ്റക്കെട്ടായി നീങ്ങാമെന്ന മുദ്രാവാക്യം സഫലമാകാൻ ഭാരതയാത്ര അദ്ദേഹത്തിന് ഊർജമാകുമെന്നാശിക്കാം.
സമ്പന്നർ അതി സമ്പന്നരായി മാറുന്നു. ദരിദ്ര സമൂഹം അതി ദരിദ്രമായ അവസ്ഥയിലേക്കു തള്ളപ്പെടുന്നു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും രൂക്ഷമായിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളൊക്കെയും തുച്ഛവിലക്ക് മൂലധന ശക്തികൾക്ക് വിൽക്കുന്നു. സർക്കാരിനേയും മാധ്യമങ്ങളേയും കോർപറേറ്റുകൾ നിയന്ത്രിക്കുന്നു. പ്രതിപക്ഷത്തിന് നേരെ മാധ്യമങ്ങൾ മുഖം തിരിക്കുന്നു. അവരുടെ ശബ്ദങ്ങൾക്ക് ചെവി കൊടുക്കാതിരിക്കുന്നു. രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആപൽ സന്ധികളാണിതൊക്കെയും. അത്തരമൊരു അവസ്ഥ ജനതയെ ബോധ്യപ്പെടുത്താൻ അവരിലേക്ക് ഇറങ്ങി ചെല്ലുക തന്നെ വേണമെന്ന തിരിച്ചറിവിന്റെ ഫലശ്രുതിയാണ് നാള തുടങ്ങുന്ന പദയാത്ര. അതോടൊപ്പം ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും കുടുതൽ കരുത്തു പകരുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."