സാപൊറീഷ്യയില്‍ ആണവ വികിരണ ദുരന്തമുണ്ടായേക്കുമന്ന് സെലന്‍സ്‌കിയുടെ മുന്നറിയിപ്പ്
കീവ്: ഉക്രൈനിലെ സാപൊറീഷ്യയിലെ ആണവ നിലയത്തില്‍ വികിരണ ദുരന്തമുണ്ടായേക്കുമന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭയുടെ ആണവ സമിതി അംഗങ്ങള്‍ യു.എന്‍ രക്ഷാസമിതിക്ക് റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് സെലന്‍സ്‌കിയുടെ പ്രസ്താവന.
യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സാപൊറീഷ്യ റഷ്യന്‍ സൈന്യം ഉക്രൈന്‍ അധിനിവേശത്തിനിടെ കഴിഞ്ഞ ഫെബ്രുവരി 24നാണ് പിടിച്ചെടുത്തത്. ആണവ പ്ലാന്റിന്റെ നിയന്ത്രണത്തിനായി ഇരു രാജ്യങ്ങളും ഏറ്റുമുട്ടല്‍ തുടരുന്നത് വലിയ സുരക്ഷാഭീതി ഉയര്‍ത്തുന്നു. പലതവണ പ്ലാന്റിനും സമീപത്തും റോക്കറ്റാക്രമണങ്ങളുണ്ടായി. ആക്രമണത്തിന്റെ പേരില്‍ പരസ്പരം പഴിചാരല്‍ തുടരുന്നതിനിടെ തുര്‍ക്കിയുടെയും മറ്റും ഇടപെടലിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്രസമിതി വിഷയത്തില്‍ ഇടപെടുന്നത്. ഐക്യരാഷ്ട്ര സഭയുടെ ആണവ സമിതി അംഗങ്ങള്‍ യു.എന്‍ രക്ഷാസമിതിക്ക് ഇന്നോ നാളെയോ റിപ്പോര്‍ട്ട് നല്‍കിയേക്കും.
ഷെല്ലാക്രമണത്തെ തുടര്‍ന്നുള്ള തീപിടിത്തത്തില്‍ ആറാം നമ്പര്‍ ആണവ റിയാക്ടറിന് വിള്ളല്‍ സംഭവിച്ചതായി സെലന്‍സ്‌കി വെളിപ്പെടുത്തി. ഇവിടേക്കുള്ള വൈദ്യുത ലൈനുകളിലും തകരാറുകളുണ്ടായി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ കണക്കനുസരിച്ച് നിലവില്‍ ആറ് ആണവ റിയാക്ടറുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ആണവ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയും ഉക്രൈനും പ്രതിജ്ഞാബദ്ധമാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും പ്ലാന്റിന്റെ നിയന്ത്രണത്തിനായി സൈനിക നീക്കം തുടരുന്നതിനാല്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."