ഫ്രഞ്ച് കണ്ണീരില്‍ വിരിഞ്ഞ സ്വിസ് വസന്തം
ബുക്കാറെസ്റ്റ്: ലോകം കീഴടക്കിയ സന്തോഷത്തിലാണ് സ്വിസ് ജനത. ആ സന്തോഷത്തിന്റെ അലയടികള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഓരോ തെരുവു വീഥികളിലും ബാന്റടി മേളമായും നൃത്തച്ചുവടുകളുമായും തകര്‍ത്താടുകയാണ്. എന്തിനാണ് ഇങ്ങനെയൊരു ആഘോഷമെന്ന് ചോദിച്ചാല്‍ അവര്‍ക്ക് പറയാനുള്ളത് രണ്ട് കാരണങ്ങളാണ്. ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അട്ടിമറിച്ച് അവരുടെ ഫുട്‌ബോള്‍ ടീം ചരിത്രവിജയം സ്വന്തമാക്കി. ഇതിലൂടെ 67 വര്‍ഷമായി ഉറങ്ങിക്കിടന്ന പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ പ്രവേശനം എന്ന നാഴികക്കല്ലും അവര്‍ പിന്നിട്ടിരിക്കുന്നു.
ഈ വിജയം ടീമിലെ ഓരോ കളിക്കാര്‍ക്കും അര്‍ഹതപ്പെട്ടതാണ്, എല്ലാത്തിലുമുപരി ടീമിലെ ഒത്തിണക്കവും വിജയത്തില്‍ നിര്‍ണായക ഘടകമായി.
കഴിഞ്ഞ ദിവസം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വാഴ്ചയ്ക്ക് പകരം ലോക ചാംപ്യന്‍മാരുടെ തോല്‍വിയാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. താരസമ്പത്തുള്ള ഫ്രാന്‍സിനെ കെട്ടുകെട്ടിച്ച സ്വിസ് ടീമില്‍ മുന്‍പ് ക്ലബ്ബുകളിലായി പേരെടുത്ത് നിന്നത് രണ്ടോ മൂന്നോ പേര്‍. അതില്‍ ശരാശരി ഒരു ഫുട്‌ബോള്‍ പ്രേമിയോട് സ്വിസ് ടീമിലെ താരപട്ടിക ആരാഞ്ഞാല്‍ ഷാക്കിരിയെയോ ഗ്രനിത് സാക്കയെയോ പറയും... അവിടെ തീര്‍ന്നു സ്വിസ് എന്ന കുഞ്ഞന്‍ടീമിന്റെ നിര. ഇപ്പോള്‍ ലോക ചാംപ്യന്‍മാരെ അട്ടിമറിച്ച് പുതിയ രാജ്യം കെട്ടിപ്പടുക്കാന്‍ ഒരുങ്ങിവന്ന അധിനിവേഷകരായാണ് അവര്‍ പേരെടുത്തിരിക്കുന്നത്
മുന്‍പ് 1954ലാണ് (ലോകകപ്പില്‍) സ്വിറ്റ്‌സര്‍ലന്‍ഡ് ടീം ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തിയത്. അന്ന് സൃഷ്ടിച്ച ചരിത്രത്തിന്റെ രണ്ടാം പതിപ്പാണ് കഴിഞ്ഞ ദിവസത്തിലും ആവര്‍ത്തിച്ചത്. ഫ്രാന്‍സിനെതിരായ ജയത്തോടെ യൂറോകപ്പില്‍ ആദ്യമായി ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തും സ്വിസ് ടീം ചരിത്രത്തിന്റെ ഭാഗമായി.
120 മിനുട്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നടന്ന പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു സ്വിസ് ചിരി. സ്വിറ്റ്‌സര്‍ലന്‍ഡിനായി തൊടുത്ത അഞ്ച് പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിയപ്പോള്‍ കിലിയന്‍ എംബാപ്പെയിലൂടെ ഫ്രാന്‍സിന് വീണ്ടുമൊരു കിരീടമോഹം വീണുടഞ്ഞു.
മത്സരത്തില്‍ ഇരട്ടഗോളുമായി ഫ്രാന്‍സിനെ മുന്നില്‍ നിന്ന് നയിച്ച കരിം ബെന്‍സേമ പരുക്കേറ്റ് പുറത്തായതാണ് ഫ്രാന്‍സിനേറ്റ ആദ്യ തിരിച്ചടി. 15ാം മിനുട്ടില്‍ സെഫറോവിച്ചിന്റെ ഹെഡ്ഡറിലൂടെ മുന്നിലെത്തിയ സ്വിസ് ടീമിനെതിരേ ഇട്ടഗോളുകള്‍ നേടി ബെന്‍സേമ ഫ്രാന്‍സിനെ കാത്തു. തുടര്‍ന്ന് 75ാം മിനുട്ടില്‍ മികച്ചൊരു റോക്കറ്റ് ഷോട്ടിലൂടെ പോഗ്ബയും ഗോള്‍ നേടിയതോടെ ഫ്രാന്‍സ് വിജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ മത്സരം അവസാനിക്കാന്‍ 10 മിനുട്ടുകള്‍ ബാക്കി നില്‍ക്കേ ഫ്രഞ്ച് വലയില്‍ രണ്ട് ഗോളുകള്‍ വീണത് മത്സരത്തിന്റെ ഗതി തന്നെ മാറ്റി. 81ാം മിനുട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാം ഗോള്‍ നേടി. സമനില പിടിക്കാനായി പൊരുതിയ സ്വിസ് ടീമിന് 90ാം മിനുട്ടില്‍ വല കുലുക്കി ഗാവ്‌റനോവിച്ചാണ് പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയത്. ആ ഗോള്‍ ലോക ചാംപ്യന്‍മാര്‍ക്ക് ഇന്നും കണ്ണിലെ കരടായി മാറി.
തുടര്‍ന്നുള്ള എക്‌സ്ട്രാ ടൈമില്‍ ലഭിച്ച അനവധി അവസരങ്ങള്‍ തുലച്ചതിനു ഫ്രാന്‍സ് കനത്ത വിലയാണ് നല്‍കേണ്ടി വന്നത്. എക്‌സ്ട്രാ ടൈമില്‍ ഗോളുകളൊന്നും വീഴാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കലാശിച്ചു. പെനാല്‍റ്റിയില്‍ എംബാപ്പെയുടെ അവസാന കിക്ക് തടുത്ത് യാന്‍ സോമര്‍ സ്വിസ് പടയ്ക്ക് ആദ്യ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."