അനില്‍കാന്ത് സംസ്ഥാന പൊലിസ് മേധാവി
തിരുവനന്തപുരം: അനില്‍കാന്ത് സംസ്ഥാനത്തിന്റെ പുതിയ പൊലിസ് മേധാവി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ലോക്‌നാഥ് ബഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. പട്ടികവിഭാഗത്തില്‍നിന്ന് കേരളത്തില്‍ പൊലിസ് മേധാവിയാകുന്ന ആദ്യയാളാണ് അനില്‍കാന്ത്.നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറായിരുന്നു.
ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ ഇന്ന് സ്ഥാനമൊഴിഞ്ഞതോടെയാണ് പുതിയ പൊലിസ് മേധാവിയെ നിയമിക്കുന്നത്. യു.പി.എസ്.സി തയ്യാറാക്കിയ മൂന്നംഗ പാനലില്‍നിന്നാണ് അനില്‍കാന്തിനെ നിയമിച്ചത്. ഫയര്‍ ഫോഴ്സ് മേധാവി ബി.സന്ധ്യ, വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് രണ്ട്‌പേര്‍.
കേരളാകേഡറില്‍ എഎസ്പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അനില്‍കാന്ത് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ് പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പി ആയും പ്രവര്‍ത്തിച്ചു.
സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ആയിരുന്നു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്‌സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.
വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ാമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ്. പരേതനായ റുമാല്‍ സിംഗ് അച്ഛനും ശകുന്തള ഹാരിറ്റ് അമ്മയുമാണ്. ഭാര്യ :പ്രീത ഹാരിറ്റ്, മകന്‍ റോഹന്‍ ഹാരിറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."