നഗരസഭാ യോഗം; നിര്‍ണായക തീരുമാനങ്ങളില്‍ യു.ഡി.എഫിന്റെ വിയോജനക്കുറിപ്പ്
കാഞ്ഞങ്ങാട്: കഴിഞ്ഞദിവസംനടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലെടുത്ത തീരുമാനങ്ങളില്‍ യു.ഡി.എഫ് അംഗങ്ങള്‍ വിയോജനക്കുറിപ്പുകളെഴുതി. കഴിഞ്ഞവര്‍ഷം വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തിയുടെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തതില്‍ കരാറുക്കാരന് 7.74000 രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുടിവെള്ള വിതരണത്തില്‍ സംശയങ്ങളുണ്ടെന്നും ഇത്രയും ഭീമമായ തുക ചെലവഴിക്കേണ്ടതില്ലെന്നും കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ നിലപാടെടുത്തു.
യു.ഡി.എഫിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാമെന്നേറ്റ ചെയര്‍മാന്‍ വി.വി രമേശന്‍ കരാറുക്കാരന് തുക നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. വി.വി രമേശന്റെ ഭാര്യ സി.അനിതയുടെ ഉടമസ്ഥതയില്‍ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലെ ഖാദി വിപണന ഷോറൂമില്‍ അറ്റകുറ്റപ്പണി നടത്താനുള്ള അപേക്ഷയുംകൗണ്‍സില്‍ യോഗം അംഗീകരിച്ചിരുന്നു.
രണ്ട് ഉടമസ്ഥരുടെ പേരിലുള്ള കെട്ടിടത്തില്‍ സ്റ്റെയര്‍കേസ് നിര്‍മിച്ചതിലുള്ള നിയമപരമായ പ്രശ്‌നവും ഈ കെട്ടിടത്തിന് നഗരസഭ ഉയര്‍ത്തി നല്‍കിയ വാടക നല്‍കാത്തതും സംബന്ധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായിരുന്നു.
ഈ തീരുമാനങ്ങള്‍ക്കെതിരേയാണ് കൗണ്‍സില്‍ യോഗം കഴിഞ്ഞയുടന്‍ യു.ഡി.എഫ് അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.
നഗരസഭാ ചെയര്‍മാന്‍ ഏകാധിപത്യ ഭരണം നടത്തുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ കഴിഞ്ഞദിവസം നഗരസഭ കവാടത്തിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
നഗരസഭാ ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ചെയര്‍മാന്‍ വിവേചനം കാണിച്ചുവെന്ന് ഉറപ്പായതോടെയാണ് കൗണ്‍സില്‍ യോഗം വിട്ടിറങ്ങിയ യു.ഡി.എഫ് അംഗങ്ങള്‍ നഗരസഭാ സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."