ജമ്മുവില്‍ വീണ്ടും ഡ്രോണുകള്‍; ജാഗ്രതയോടെ സൈന്യം
ജമ്മു: ജമ്മു നഗരത്തിന്റെ പലഭാഗങ്ങളിലായി മൂന്നിടത്ത് സംശയകരമായ രീതിയില്‍ ഡ്രോണുകള്‍ പറക്കുന്നത് കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയുമാണ് മൂന്നിടത്ത് ഡ്രോണുകള്‍ കണ്ടെത്തിയത്. ഇതോടെ സൈന്യം അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പിന്നാലെ അതിര്‍ത്തി ജില്ലയായ രജൗരിയില്‍ ഡ്രോണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ജില്ലാ അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഡ്രോണുകളുടെ വില്‍പ്പന, കൈവശം വയ്ക്കല്‍, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയവക്കാണ് രജൗരി ജില്ലാകലക്ടര്‍ രാജേഷ് കുമാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ജമ്മുവിലെ മിരാന്‍ സാഹിബില്‍ ചൊവ്വാഴ്ച രാത്രി 9.23നാണ് ഡ്രോണുകള്‍ കണ്ടത്. പിന്നാലെ ബുധനാഴ്ച പുലര്‍ച്ചെ 4.40നും 4.52നുമായി കലുചക്, കുഞ്ച്‌വാനി എന്നിവിടങ്ങളിലുമാണ് ഡ്രോണുകള്‍ പറന്നത്. ഞായറാഴ്ച പുലര്‍ച്ചെ ജമ്മുവിലെ വ്യോമസേനാ വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ എല്ലാ ദിവസവും ജമ്മുവില്‍ സംശയകരമായ രീതിയില്‍ ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയും കലുചക്, രത്‌നുചക്, കുഞ്ച്‌വാനി ഭാഗങ്ങളില്‍ ഡ്രോണുകള്‍ കണ്ടിരുന്നു. തിങ്കളാഴ്ച കലുചക്-രത്‌നുചക് സൈനികത്താവളത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ട ഡ്രോണുകള്‍ സൈനികര്‍ വെടിവച്ച് തുരത്തി.
രജൗരിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയേക്കാമെന്ന ഭീതിയുടെ അടിസ്ഥാനത്തിലാണ് ഡ്രോണുകള്‍ നിരോധിച്ചത്. രജൗരിയിലെ പൊലിസ് സ്റ്റേഷനുകള്‍ക്ക് നേരേ ഡ്രോണ്‍ ആക്രമണമുണ്ടായേക്കാമെന്നാണ് അധികൃതര്‍ ഭയക്കുന്നത്.
അതേസമയം, നിരീക്ഷണം, സര്‍വേ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊലിസിനും ഡ്രോണുകള്‍ ഉപയോഗിക്കാമെന്നും നിരോധന ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."