മതമില്ലാത്ത ജീവനും ഒളിച്ചുകടത്തുന്ന മതനിരാസവും
2008-09 അധ്യയന വർഷം. ഇടതുമുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി എം.എ ബേബി. ആ വർഷം ഏഴാം ക്ലാസിലെ സാമൂഹികപാഠം പുസ്തകത്തിൽ പുതിയ പാഠം പ്രത്യക്ഷപ്പെട്ടു; 'മതമില്ലാത്ത ജീവൻ'. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലങ്ങിമറിയാനിടയാക്കിയ പാഠഭാഗമായിരുന്നു അത്. പാഠപുസ്തകങ്ങളിലൂടെ മതനിരാസത്തിന്റെ ആദ്യപാഠങ്ങൾ കടന്നുവരുന്നത് തിരിച്ചറിഞ്ഞ് വിവിധ മത, സാമുദായിക സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തത്തി. ആദ്യഘട്ടത്തിൽ വിശദീകരണം നൽകി പിടിച്ചുനിൽക്കാൻ ശ്രമിച്ചു സംസ്ഥാന സർക്കാർ. നാൾക്കുനാൾ പ്രക്ഷോഭം ശക്തമായി. സംഘടനകൾ നിലപാട് കടുപ്പിച്ചതോടെ സർക്കാരിന് മുട്ടുകുത്തേണ്ടിവന്നു. സാമൂഹികപാഠ പുസ്തകത്തിൽ നിന്ന് വിവാദ ഭാഗം പിൻവലിച്ചു രക്ഷപ്പെടുകയായിരുന്നു സർക്കാർ. 2012ൽ ഇതേ പാഠമുള്ള പുസ്തകംതന്നെ മലപ്പുറം, പാലക്കാട് ജില്ലകളിലെ ചിലഭാഗങ്ങളിൽ വീണ്ടും വിതരണത്തിനെത്തി. സംഘടനകൾ പ്രതിഷേധിച്ചതോടെ അബദ്ധത്തിൽ വിതരണത്തിന് എത്തിച്ചതാണെന്ന വിശദീകരണത്തോടെ പുസ്തകം പിൻവലിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ പദ്ധതിയിലേക്ക് മതനിരാസ പാഠങ്ങൾ ഒളിഞ്ഞും തെളിഞ്ഞും കടത്തിവിടാനുള്ള ശ്രമങ്ങൾ നിരന്തരമായി നടക്കുന്നുണ്ട്; ഈയടുത്ത കാലത്ത് തലപൊക്കിയ പുതിയൊരു പ്രവണതയല്ല ഇതെന്ന് ചുരുക്കം.
എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നത് സമൂഹത്തിൽ ധാർമിക മൂല്യങ്ങൾ നിലനിൽക്കണമെന്നു തന്നെയാണ്. അത്തരം മൂല്യങ്ങളിൽ കത്തിവയ്ക്കുക എന്നത് മതനിരാസ ശക്തികളുടെ ഒളിയജൻഡയാണ്. ഇത്തരം രഹസ്യ വഴികളിലൂടെ വിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും കടന്നുവരുന്നവരുടെ എണ്ണം അടിക്കടി വർധിച്ചുവരികയാണ്.
കൊവിഡ് കാലത്തെ അടച്ചുപൂട്ടലിന് ശേഷം കലാലയങ്ങൾ തുറന്നപ്പോൾ കാംപസുകളിലേക്ക് വിദ്യാർഥികളെ വരവേൽക്കുന്നതിന് പ്രത്യക്ഷപ്പെട്ട ചില ബാനറുകളും ബോർഡുകളുമുണ്ട്. ഫ്രീ സെക്‌സിനെ മഹത്വവൽക്കരിക്കുന്നവയായിരുന്നു അവ. ഇതു വച്ചത് കേരളത്തിലെ പ്രമുഖ വിദ്യാർഥി സംഘടനയായിരുന്നു. ഈ ബോർഡുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാകട്ടെ ധാർമികതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നവയും. ഒരുകാലത്ത് വിദ്യാർഥികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരമുഖത്തെ ജ്വലിക്കുന്ന താരമായിരുന്നു പ്രസ്തുത വിദ്യാർഥി സംഘടന. എന്നാൽ, അടുത്തകാലത്തായി അത്തരം സമരങ്ങളിൽ അവരുടെ സാന്നിധ്യം ഇല്ലാതായി. പ്രതിപക്ഷത്തുനിന്ന് ഭരണപക്ഷത്തേക്ക് ചുവടുമാറിയപ്പോഴുള്ള സ്വാഭാവിക പരിണാമമായിരുന്നു അത്. അതോടെ, അണികളെ ആകർഷിക്കുന്നതിനുള്ള എളുപ്പ മാർഗമായാണ് സ്വതന്ത്ര ലൈംഗികത കരുതിപ്പോന്നത്.
സാമൂഹികവ്യവസ്ഥയുടെ ഏറ്റവും കെട്ടുറപ്പുള്ള അടിത്തറയാണ് കുടുംബം. കുടുംബഘടനയെ പാടേ നിരാകരിച്ച് ഫ്രീസെക്‌സും ലിവിങ് ടുഗെതറും സ്വവർഗ വിവാഹവുമൊക്കെ പ്രോത്സാഹിപ്പിച്ച് കുടുംബ സങ്കൽപത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് വ്യാപകമായി നടക്കുന്നത്. അതിന് പിന്തുണയുമായി എത്തുന്നത് പ്രമുഖ രാഷ്ട്രീയ സംഘടനകളും വിദ്യാർഥി സംഘടനകളും സൈബർ ബുദ്ധിജീവികളുമൊക്കെയാണ് എന്നത് സ്ഥിതി കൂടുതൽ ആശങ്കാജനകമാക്കുന്നു.
ലിംഗസമത്വ യൂനിഫോമും ഇടകലർത്തിയിരുത്തലുമൊക്കെ സമൂഹത്തിൽ ധാർമികതയുടെ ബാക്കിനിൽക്കുന്ന അതിർവരമ്പുകൾ കൂടി എടുത്തുകളയുകയെന്നു ലക്ഷ്യംവച്ചുള്ളതാണ്. ആൺ-പെൺ വേർതിരിവുകൾ അതിലംഘിക്കുന്ന സംഭവങ്ങളെ ആഘോഷമാക്കുന്നതിന് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്.ഈ ഓണക്കാലത്ത് കലാലയങ്ങളിൽ നടന്ന ഓണാഘോഷങ്ങളുടെ ഭാഗമായി ഏതാനും പെൺകുട്ടികൾ മുണ്ടും ടീഷർട്ടുമണിഞ്ഞ് എത്തിയ ചിത്രം ഫോർവേർഡ് ചെയ്ത് അതിനെ മഹത്വവൽകരിക്കുന്ന സന്ദേശങ്ങൾ എഴുതിയവരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്.
ലഹരിമാഫിയകളും വാണിഭ സംഘങ്ങളും അഴിഞ്ഞാടുന്ന കാലത്ത്, സമൂഹത്തിലെ പ്രതീക്ഷയുടെ അവസാന തുരുത്താണ് പുതിയ തലമുറയിൽ അങ്കുരിക്കേണ്ട ധാർമിക സദാചാര ചിന്തകൾ. അതുകൂടി ഇല്ലാതെയാവുന്നതോടെ 'ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ?' എന്ന ചോദ്യമല്ല നമ്മൾ നേരിടേണ്ടിവരിക. അതിനുമപ്പുറം, ധാർമികതയെ തിരിച്ചറിയുന്ന തലമുറതന്നെ ഇവിടെ ബാക്കിയുണ്ടാകുമോ എന്ന ആശങ്കയാണ്. ആഭാസവും സദാചാരവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്തത്രയും ആശയക്കുഴപ്പമുളവാക്കുന്ന കാലത്തിന്റെ കവാടത്തിലേക്കാണ് ലിംഗസമത്വ വാദത്തിലൂടെ പരിഷ്‌കാരം നടപ്പാക്കാൻ ശ്രമിക്കുന്നവർ ഈ തലമുറയെ ക്ഷണിക്കുന്നത്.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."