കൊവിഡ്: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരതുക സംബന്ധിച്ച് ഒന്നരമാസത്തിനുള്ളില്‍ തീരുമാനം എടുക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ ധനസഹായം ഉള്‍പ്പെടെയുള്ള ആശ്വാസനടപടികള്‍ നല്‍കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് ഉത്തരവാദിത്വമുണ്ട്. ധനസഹായം നല്‍കാത്തതിലൂടെ അവര്‍ ആ കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിരീക്ഷിച്ചു.
ധനസഹായം എത്രവേണം എന്ന കാര്യം ബെഞ്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനുവിട്ടു.
നഷ്ടപരിഹാരം സംബന്ധിച്ച ദുരന്ത നിവാരണ നിയമത്തിലെ 12ാം വകുപ്പ് നിര്‍ബന്ധിതമാക്കേണ്ടതല്ലെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചെങ്കിലും കോടതി തള്ളി.
12ാം വകുപ്പുപ്രകാരം മഹാമാരിയുടെ ഇരകള്‍ക്കു നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. ധനസഹായം പണമായി തന്നെ നല്‍കുന്നതിനു പകരം അതു ചികിത്സാസഹായത്തിലേക്ക് മാറ്റാമെന്ന നിര്‍ദേശം സര്‍ക്കാര്‍വച്ചെങ്കിലും അതും കോടതി തള്ളി.
സഹായം പണമായി നല്‍കണമെന്നത് ദുരന്തനിവാരണ നിയമപ്രകാരമുള്ള ബാധ്യതയാണെന്നും അതു സര്‍ക്കാര്‍ നിറവേറ്റേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
എത്ര തുക വീതം നല്‍കണം എന്നതിന് മാനദണ്ഡം തയാറാക്കണം. അതിനുള്ള മാര്‍ഗരേഖയും ഒന്നരമാസത്തിനുള്ളില്‍ തയാറാക്കണമെന്നും കോടതി ഉത്തരവിട്ടു.
മരണസര്‍ട്ടിഫിക്കറ്റുകളില്‍ കൊവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം. അതില്‍ പിഴവുകള്‍ ഉണ്ടായാല്‍ അതു തിരുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഇളവ് ചെയ്യണമെന്നും കോടതി വിധിച്ചു.
കൊവിഡ് ബാധിച്ച് മരിച്ചവവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഗൗരവ് കുമാര്‍ ബന്‍സലും റീപക് കന്‍സലും നല്‍കിയ ഹരജികളിലാണ് കോടതിയുടെ നിര്‍ദേശം.
നാലുലക്ഷത്തിനടുത്ത് ആളുകളാണ് ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."