തിരുവഞ്ചൂരിന് വധഭീഷണി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി. തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലിലെ മേല്‍വിലാസത്തില്‍ ഊമക്കത്തായാണ് വധഭീഷണി ലഭിച്ചത്. പത്തു ദിവസത്തിനകം തിരുവഞ്ചൂരും കുടുംബവും ഇന്ത്യ വിടണമെന്നും ഇല്ലെങ്കില്‍ വകവരുത്തുമെന്നുമാണ് കത്തിലുള്ള ഭീഷണി. കരിപ്പൂര്‍ കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്തുക്കേസില്‍ ടി.പി കേസ് പ്രതികളുമായി ബന്ധപ്പെടുത്തി സി.പി.എമ്മിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നപ്പോള്‍ മലബാറില്‍ നിന്നും അയച്ചതായി കരുതുന്ന ഭീഷണിക്കത്തിനെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്.
രണ്ടു പേജുള്ള കത്തില്‍ നിറയെ അസഭ്യപ്രയോഗങ്ങളുമുണ്ട്. കൊടുംക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി തിരുവഞ്ചൂര്‍ തന്റെ ജീവിതം തകര്‍ത്തെന്നും അതിനു പകരമായി തിരുവഞ്ചൂരിനെയും ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്തി താന്‍ ജയിലില്‍ പോകുമെന്നുമാണ് കത്തില്‍ പറയുന്നത്. സി.പി.എമ്മിനൊപ്പം ചേര്‍ന്നാണ് തിരുവഞ്ചൂര്‍ തന്നെ കൊടുംക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും തിരുവഞ്ചൂര്‍ പകല്‍ കോണ്‍ഗ്രസും രാത്രി സി.പി.എമ്മുമാണെന്നും കത്തില്‍ പറയുന്നു. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കത്തിനു പിന്നില്‍ ടി.പി കേസ് പ്രതികളാണെന്നു ആരോപിച്ച തിരുവഞ്ചൂര്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നല്കി. പിന്നാലെ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും കത്തിനു പിന്നില്‍ ടി.പി കേസ് പ്രതികളാണെന്ന ആരോപണം ഉന്നയിച്ചു.
ടി.പി കേസ് പ്രതികള്‍ ജയിലിനുള്ളിലിരുന്ന് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ്. മുന്‍ ആഭ്യന്തരമന്ത്രിക്ക് വധഭീഷണി ലഭിക്കുന്നത് ഗൗരവമായി കാണണമെന്നും തിരുവഞ്ചൂരിന് പ്രത്യേക സുരക്ഷ നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ടി.പി കേസ് പ്രതികള്‍ അറസ്റ്റിലായപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."