'നിതീഷ് കുമാറും, ഹേമന്ത് സോറനും മറ്റു നേതാക്കളും പിന്നെ ഞാനും ഒറ്റക്കെട്ടായി നില്‍ക്കും ബി.ജെ.പിയെ തകര്‍ത്തെറിയും' പ്രതിപക്ഷ ഐക്യം ഉറപ്പിച്ച് മമത
കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനുള്ള പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന് ബി.ജെ.പിയെ തറപറ്റിക്കുമെന്ന് മമതവ്യക്തമാക്കി.
'മനസിന്റെ വര്‍ത്തമാനം' 'മനസിന്റെ വേദന'യായി മാറുന്നത് ഉടനെ കാണാമെന്നും നരേന്ദ്ര മോദിയെ ലക്ഷ്യംവെച്ചുകൊണ്ട് അവര്‍ പറഞ്ഞു.
'ഞങ്ങള്‍ ഒരുമിക്കും. നിതീഷ്, അഖിലേഷ്, ഹേമന്ത്, ഞങ്ങള്‍ എല്ലാവരും ഉണ്ട്. രാഷ്ട്രീയം ഒരു യുദ്ധക്കളമാണ്. 34 വര്‍ഷമായി ഞങ്ങള്‍ പോരാട്ടത്തിലാണ്'- മമത പറഞ്ഞു.
എം.എല്‍.എമാര്‍ക്ക് പത്തുകോടിയും മന്ത്രി പദവിയും വാഗ്ദാനം ചെയ്താണ് ജാര്‍ഖണ്ഡില്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അവര്‍ ശ്രമിച്ചത്. കൈയ്യോടെ പിടികൂടിയാണ് ആ ശ്രമം നമ്മള്‍ തകര്‍ത്തതെന്നും പാര്‍ട്ടി പരിപാടിയില്‍ മമത പറഞ്ഞു.
'അവര്‍ ജാര്‍ഖണ്ഡിനെ വില്‍ക്കുകയായിരുന്നു. ഞങ്ങള്‍ ജാര്‍ഖണ്ഡിനെ രക്ഷിക്കുകയും എംഎല്‍എമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു'- മമത ചൂണ്ടിക്കാട്ടി. പശുക്കടത്ത് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്
അനുബ്രത മൊണ്ഡലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതിനെതിരെയും മമത രംഗത്തെത്തി.'അനുബ്രതയെ അവര്‍ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ബിര്‍ഭുമിലെ രണ്ട് സീറ്റുകള്‍ നിങ്ങള്‍ നേടുമെന്ന് കരുതുന്നുണ്ടോ? അദ്ദേഹത്തിന്റെ മോചനത്തിനായി ഞങ്ങള്‍ പോരാടും. അനുബ്രത മൊണ്ഡല്‍ ഒരു ധീരനെപ്പോലെ ജയിലില്‍ നിന്ന് പുറത്തുവരും-മമത കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയോട് ഏറ്റുമുട്ടാന്‍ തയാറെടുക്കാന്‍ പാര്‍ട്ടി നേതാക്കളോട് അവര്‍ ആവശ്യപ്പെട്ടു. കളി തുടങ്ങിയിട്ടേയുള്ളൂ. സമാധാനപരമായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അതിന് ശേഷം 2024 ലെ തെരഞ്ഞെടുപ്പില്‍ നമ്മളെങ്ങിനെയാണ് കളിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണൂവെന്നും അവര്‍ പാര്‍ട്ടി നേതാക്കളോട് പറഞ്ഞു.
300 ഓളം സീറ്റിന്റെ അഹങ്കാരം ബി.ജെ.പി മുന്നണിയെ തകര്‍ക്കും. രാജീവ് ഗാന്ധിക്ക് 400 സീറ്റ് കിട്ടിയിരുന്നെന്നും അത് നിലനിന്നിട്ടില്ലെന്നും മമത ഓര്‍മിപ്പിച്ചു.
2024 നുള്ള ഒരുക്കങ്ങള്‍ ബംഗാളില്‍ തുടങ്ങിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. നിതീഷ് കുമാറും അഖിലേഷ് യാദവും ഹേമന്ത് സോറനും കൂടെയുണ്ട്. എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുന്നുണ്ട്. 2024 ല്‍ ബി.ജെ.പിയുടെ അഹങ്കാരം അവസാനിക്കുമെന്നും അവര്‍ പറഞ്ഞു.
ഇ.ഡിയെയും സി.ബി.ഐയും ഉപയോഗിച്ച് ഭീഷണിപ്പെടുത്താമെന്നാണ് ബി.ജെ.പി കരുതുന്നത്. അവരുടെ അത്തരം തന്ത്രങ്ങള്‍ അവരെ പരാജയത്തോടടുപ്പിക്കുകയാണെന്നും മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."