എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്ക; വേനല്‍ക്കാലവസതിയായ ബാല്‍മോറലില്‍ നിരീക്ഷണത്തില്‍
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്ക. ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തില്‍ എലിസബത്ത് രാജ്ഞി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലെന്ന് ബക്കിങ്ങാം പാലസ് അറിയിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ വേനല്‍ക്കാലവസതിയായ ബാല്‍മോറിലാണ് രാജ്ഞി വിദഗ്ധ ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണത്തിലുള്ളത്.
കീരീടാവകാശിയായ ചാള്‍സ് രാജകുമാരന്‍ ഉള്‍പെടെ നാലു മക്കളും സമീപത്തുണ്ട്. വില്യം രാജകുമാരനും ബാല്‍മോര്‍ കൊട്ടാരത്തിലുണ്ട്. ഹാരി രാജകുമാരന്‍ സ്‌കോട്ട്‌ലന്‍ഡിലേക്കു തിരിച്ചു.
രാജ്ഞിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഹൗസ് ഓഫ് കോമണ്‍സില്‍ സ്പീക്കര്‍ അടിയന്തര വിശദീകരണം നല്‍കി. എനര്‍ജി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു പാര്‍ലമെന്റ് അംഗങ്ങളോട് ഈ അടിയന്തര സന്ദേശം സ്പീക്കര്‍ പങ്കുവച്ചത്. രാജ്ഞിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ രാജ്യമൊട്ടാകെ ആശങ്കയിലാണെന്നു പ്രധാനമന്ത്രി ലിസ് ട്രസ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് സര്‍ കെയ്ര്‍ സ്റ്റാമര്‍, കാന്റര്‍ബറി ആര്‍ച്ച് ബിഷപ് തുടങ്ങിയ പ്രമുഖരെല്ലാം വാര്‍ത്തകളില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തുവന്നു.
ഗൗരവമേറിയ സാഹചര്യങ്ങളിലേക്കാണു സൂചനകള്‍ വിരല്‍ചൂണ്ടുന്നതെന്ന് ബിബിസിയുടെയും മറ്റും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. രാജ്ഞിയുടെ ആരോഗ്യം മോശമാണെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ ബാല്‍മോര്‍ കൊട്ടാരത്തിലേക്കു ജനങ്ങള്‍ പ്രവഹിക്കുകയാണ്. ബക്കിങ്ങാം പാലസിനു മുന്നിലും നിരവധിയാളുകളാണു പ്രാര്‍ഥനകളുമായെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."