ജസ്റ്റിസ് അശോക് ഭൂഷണ് സുപ്രിംകോടതിയുടെ യാത്രയയപ്പ്
ന്യൂഡല്‍ഹി: ഈമാസം നാലിന് വിരമിക്കുന്ന സുപ്രിംകോടതി ജഡ്ജി അശോക് ഭൂഷണ് സുപ്രിംകോടതിയുടെ യാത്രയയപ്പ്. നാലിനാണ് വിരമിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ കോടതിയിലെ അവസാന പ്രവൃത്തി ദിവസമായ ഇന്നലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തില്‍ യാത്രയയപ്പൊരുക്കുകയായിരുന്നു.
മാതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് അലഹബാദിലെത്തേണ്ടതിനാല്‍ വിരമിക്കല്‍ ദിവസം വരെ ഭൂഷണ്‍ അവധിയിലാണ്. സുപ്രിംകോടതിയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് ജസ്റ്റിസ് ഭൂഷണ്‍ പറഞ്ഞു. കോടതിയിലെ സഹപ്രവര്‍ത്തകരും അഭിഭാഷകസമൂഹവും തനിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. വിധി പറയുന്ന ജഡ്ജി മാത്രമല്ല അഭിഭാഷക സമൂഹവും രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തിന് വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജുഡീഷ്യറിക്ക് ജസ്റ്റിസ് അശോക് ഭൂഷണ്‍ നല്‍കിയ സംഭാവനകള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. സ്വന്തം വിധികളുടെ പേരില്‍ അദ്ദേഹം എന്നും ഓര്‍മിക്കപ്പെടും. മനുഷ്യത്വത്തെ മുന്‍നിര്‍ത്തിയുളള വിധികളാണ് അദ്ദേഹം പുറപ്പെടുവിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കൊവിഡ് കാലത്ത് ദുരിതത്തിലായവര്‍ക്കായി നിരവധി വിധികള്‍ പുറപ്പെടുവിച്ച ജഡ്ജിയാണ് അശോക് ഭൂഷണെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.
അവസാനമായി പുറപ്പെടുവിച്ച വിധിയും കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നതായിരുന്നു. അദ്ദേഹം വിരമിക്കുന്നത് ജുഡീഷ്യറിക്ക് വലിയ നഷ്ടമാണെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞു.കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അശോക് ഭൂഷണ്‍ 2016 മെയ് 13നാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."