ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളുടെ സൂത്രധാരന്‍ യു.എസ് മുന്‍ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് അന്തരിച്ചു
വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് അന്തരിച്ചു. അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ സെക്രട്ടറിയെന്ന റെക്കോഡ് സ്വന്തം പേരില്‍ കുറിച്ച റംസ് ഫെല്‍ഡ് ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്ക നയിച്ച യുദ്ധങ്ങളുടെ സൂത്രധാരനെന്നാണ് അറിയപ്പെട്ടിരുന്നത്. 1975 മുതല്‍ 1977 വരെ പ്രസിഡന്റ് ജെറാള്‍ഡ് ഫോഡിനൊപ്പവും 2001 മുതല്‍ 2006 വരെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
പതിനായിരങ്ങളുടെ മരണത്തിനിടയാക്കി 2001ല്‍ അഫ്ഗാനിസ്താനിലും 2003ല്‍ സദ്ദാം ഹുസൈന്‍ ഭരിച്ച ഇറാഖിലും അധിനിവേശം നടത്താന്‍ ഭരണകൂടങ്ങള്‍ക്ക് ബുദ്ധിയുപദേശിച്ച് പ്രശസ്തനാണ് റംസ്‌ഫെല്‍ഡ്. കുറ്റവാളികളുടെ വിചാരണയെന്ന പേരില്‍ അധിനിവിഷ്ട ഭൂമികളിലും പുറത്തും തടങ്കല്‍ പാളയങ്ങള്‍ തീര്‍ത്ത് മഹാക്രൂരതകള്‍ അടിച്ചേല്‍പിക്കുന്നതിലും റംസ്‌ഫെല്‍ഡിന്റെ പങ്ക് വലുതായിരുന്നു.
എഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങള്‍ മെനഞ്ഞ 43കാരനായ റംസ്‌ഫെല്‍ഡ് പിന്നീട് 74ാം വയസ്സിലാണ് ജോര്‍ജ് ഡബ്ല്യു. ബുഷിനൊപ്പം പ്രവര്‍ത്തിക്കുന്നത്. 1932ല്‍ ഷിക്കാഗോയില്‍ ജനിച്ച അദ്ദേഹം 1960കളിലാണ് യു.എസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.
2001ല്‍ ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം നടക്കുമ്പോള്‍ റംസ്‌ഫെല്‍ഡ് പെന്റഗണ്‍ ആസ്ഥാനത്തുണ്ടായിരുന്നു. അതുകഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഭീകര സംഘടനയായ അല്‍ഖാഇദക്കു നേരെ ആക്രമണം ആരംഭിക്കുന്നതും അത് അഫ്ഗാനിസ്താന്‍ അധിനിവേശമായി പരിണമിക്കുന്നതും. ആഴ്ചകള്‍ക്കകം താലിബാന്‍ ഭരണം ഇല്ലാതാക്കിയ റംസ്‌ഫെല്‍ഡ് 2003ല്‍ മാര്‍ച്ചില്‍ ഇറാഖ് അധിനിവേശവും ആരംഭിച്ചു.
ഇറാഖിലും അഫ്ഗാനിസ്താനിലും ജനാധിപത്യം തിരികെ കൊണ്ടുവരാനെന്ന പേരില്‍ ഭരണകൂടങ്ങളെ പുറത്താക്കുകയും അരാജകത്വം പകരം നല്‍കുകയും ചെയ്തതിലെ വലിയ പങ്ക് റംസ്‌ഫെല്‍ഡിനായിരുന്നു. ആവശ്യത്തിന് സൈന്യത്തെ വിന്യസിക്കാതെയായിരുന്നു ഇരു രാജ്യങ്ങളിലും അമേരിക്ക നയിച്ച അധിനിവേശങ്ങള്‍. പ്രതിരോധ സെക്രട്ടറി പദവി അദ്ദേഹം വിട്ട് പിന്നെയും അഞ്ചു വര്‍ഷം കഴിഞ്ഞ് 2011ലാണ് ഇറാഖില്‍നിന്ന് യു.എസ് സേന ഭാഗികമായി പിന്‍വാങ്ങിയത്. അഫ്ഗാനിസ്താനില്‍നിന്നാകട്ടെ, ഇപ്പോഴും പിന്‍മാറ്റം പൂര്‍ത്തിയായിട്ടില്ല.
നിരപരാധികളെ വിചാരണകൂടാതെ മഹാക്രൂരതകള്‍ക്കിടയാക്കിയ ഗ്വാണ്ടാനമോ, അബൂഗുറൈബ് തടവറകളുടെ പേരിലും പഴിയേറെ കേട്ട റംസ്‌ഫെല്‍ഡ് 2006ല്‍ രാജിവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."