കുട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം തടയാന്‍; യോദ്ധാവ്
തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും തടയാന്‍ ' യോദ്ധാവ്' എന്ന പദ്ധതിയുമായി പൊലിസ്. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുക. സ്‌കൂള്‍, കോളജ്, സര്‍വകലാശാല വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള ഒരു അധ്യാപകനെ വീതം എല്ലാ വിദ്യാലയങ്ങളില്‍നിന്നും തിരഞ്ഞെടുക്കും. ഇത്തരം അധ്യാപകര്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം നല്‍കിയശേഷം മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും അവരുടെ സേവനം വിനിയോഗിക്കും.
' യോദ്ധാവ് ' എന്നറിയപ്പെടുന്ന ഇത്തരം അധ്യാപകരുടെ യോഗം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കും. നര്‍ക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി ആയിരിക്കും നോഡല്‍ ഓഫിസര്‍. മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങള്‍ സ്വകാര്യമായി പങ്കു വയ്ക്കാനായി ഒരു ഹെല്‍പ്‌ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തും. മയക്കുമരുന്ന് കേസില്‍ പെടുന്നവരുടെ ഡേറ്റ ബേസ് തയാറാക്കി എല്ലാ പൊലിസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കുമെന്നും സംസ്ഥാന പൊലിസ് മേധാവി അനില്‍ കാന്ത് അറിയിച്ചു.
ജനമൈത്രി വിഭാഗത്തിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ പരിശീലനം നല്‍കി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ആയിരം സ്‌കൂളുകളിലെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 88,000 സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളുടെ സേവനം വിനിയോഗിക്കും.
ജനമൈത്രി പൊലിസിന്റെ സഹായത്തോടെ റസിഡന്‍സ് അസോസിയേഷനുകളില്‍ ആന്റി നര്‍ക്കോട്ടിക് ക്ലബുകള്‍ രൂപീകരിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുമുള്ള ബോധവല്‍ക്കരണത്തിനായി ലഘുചിത്രങ്ങളും വിഡിയോയും നിര്‍മിക്കും. സൈക്കിള്‍ റാലി, വാക്കത്തോണ്‍, മാരത്തോണ്‍ , നാടകം, ഫ്‌ളാഷ്‌മോബ്, മാജിക് മുതലായ മാര്‍ഗങ്ങളിലൂടെയും മയക്കുമരുന്നിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.വിവിധ സന്നദ്ധസംഘടനകള്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണവും തേടും.
മയക്കുമരുന്ന് കടത്തുന്നത് കണ്ടെത്താനായി പൊലിസ് നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."