മോഷ്ടിച്ച കോഹിനൂര്‍ രത്നം ഇന്ത്യക്ക് തിരികെ നല്‍കണം; ബ്രിട്ടന് നാണക്കേടായി ട്വിറ്റര്‍ ട്രെന്‍ഡിങ്
ലണ്ടന്‍• എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലെ കോഹിനൂര്‍ രത്നം ഉള്‍പ്പെടെയുള്ളവയുടെ പേരില്‍ ബ്രിട്ടന് നാണക്കേടായി ട്വിറ്റര്‍ ട്രെന്‍ഡിങ്. കോഹിനൂര്‍ എന്ന ഹാഷ്ടാഗിലാണ് ട്വീറ്റുകള്‍ ട്രെന്‍ഡിങ്ങായത്. ഇന്ത്യയില്‍നിന്ന് ബ്രിട്ടന് മോഷ്ടിച്ച കോഹിനൂര്‍ രത്നമാണ് രാജ്ഞിയുടെ കിരീടത്തിലുള്ളത്. ഇത് തിരികെ നല്‍കണമെന്നാണ് ആവശ്യം. കിരീടവും അംശവടിയില്‍ ഉള്‍പ്പെടെയുള്ള രാജകീയ ചിഹ്നങ്ങളിലെല്ലാം മറ്റു രാജ്യങ്ങളില്‍നിന്ന് ബ്രിട്ടന് കവര്‍ന്ന വിലപിടിപ്പുള്ള വസ്തുക്കളാണുള്ളത്. ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്ന 530 കാരറ്റുള്ള ലോകത്തിലെ ഏറ്റവും വലിയ രത്നം 1905ല്‍ ആഫ്രിക്കയില്‍നിന്ന് മോഷ്ടിച്ചതാണ്. ഇതിന് നാലു കോടി യു.എസ് ഡോളര്‍ വിലവരും. ഇത് രാജ്ഞിയുടെ അംശവടിയിലാണുള്ളത്. ടിപ്പു സുല്‍ത്താന്റെ കൈയിലുണ്ടായിരുന്ന സ്വര്‍ണ മോതിരം 1799ല്‍ ബ്രിട്ടന് കൈക്കലാക്കിയിരുന്നു. ഇതിന് 1.45 ലക്ഷം ബ്രിട്ടീഷ് പൗണ്ട് വിലവരും. ഈജിപ്തില്‍നിന്ന് കടത്തിയ റോസെറ്റ കല്ലും തിരികെ വേണമെന്ന് ഈജിപ്ഷ്യന്‍ പുരാവസ്തു ഗവേഷകര്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് മ്യൂസിയത്തിലാണ് 196 ബി.സിയിലെ റോസെറ്റ കല്ല് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 1803ല്‍ ഗ്രീസിലെ മതിലില്‍നിന്ന് ഇളക്കിയെടുത്ത് കൊണ്ടുപോയ എല്ഗിന് മാര്‍ബിളും ലണ്ടനിലുണ്ട്. 1925 മുതല്‍ ഈ മാര്‍ബിള്‍ ഗ്രീസ് ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."