കുത്തുപാളയെടുത്തു; മുണ്ടുമുറുക്കിയുടുക്കുമോ?
കാണം വിറ്റും ഓണമുണ്ണണം എന്നത് പഴമക്കാരുടെ അത്യുക്തി കലർന്ന ചൊല്ല് മാത്രമാണ്. വിൽക്കാൻ കാണം പോലുമില്ലാഞ്ഞിട്ടും കിട്ടാവുന്നിടത്തുനിന്നെല്ലാം കടംവാങ്ങി സാമ്പത്തിക അസ്ഥിരതയുടെ നിലയില്ലാക്കയത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ് സംസ്ഥാനം. കണ്ണോളം കടം പെരുകിയിട്ടും പിണറായി സർക്കാരിൻ്റെ ധൂർത്തിന് ഒരു കടിഞ്ഞാണുമില്ലെന്നാണ് പ്രതിപക്ഷ ആരോപണം.
ധനവകുപ്പിൻ്റെ മുന്നറിയിപ്പുകളൊന്നും ചെവിക്കൊള്ളാതെ, അനധികൃത നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും മുറപോലെ നടക്കുന്നു. ബിവറേജസ് കോർപറേഷനിൽ അനധികൃതമായി ഡെപ്യൂട്ടേഷനിൽ തുടർന്ന 541 ജീവനക്കാരുടെ ഭാരിച്ച വേതനം ക്രമപ്പെടുത്തിക്കൊടുത്തത് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ്. തദ്ദേശ പൊതുസർവിസ് സാമ്പത്തിക ബാധ്യതയാകുമെന്നു ധനവകുപ്പ് ചൂണ്ടിക്കാട്ടിയിട്ടും ഒരു ഫലവുമുണ്ടായില്ല. വകുപ്പുതലവന്മാരുടെ രാഷ്ട്രീയ സ്വാധീനത്തിനുമുന്നിൽ ധനവകുപ്പിൻ്റെ എതിർപ്പുകൾ ആവിയാവുകയായിരുന്നു.
സീനിയർ ഉദ്യോഗസ്ഥരെ അവധിയെടുപ്പിച്ച്, തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥർക്ക് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നൽകുന്ന പ്രവണത കാലങ്ങളായി തുടരുകയാണ്. കേരള പബ്ലിക് സർവിസ് കമ്മിഷനിലടക്കം വഴിവിട്ട ഇത്തരം സ്ഥാനക്കയറ്റങ്ങൾ ആവർത്തിച്ചപ്പോൾ ധനവകുപ്പ് പലവട്ടം ഖജനാവിലെ ചോർച്ച സർക്കാരിനെ ഓർമിപ്പിച്ചിരുന്നു. വളഞ്ഞവഴിയിലുള്ള സ്ഥാനക്കയറ്റങ്ങൾക്കു തടയിടാൻ 2020 നവംബർ അഞ്ചിന് ധനവകുപ്പ് പ്രത്യേക ഉത്തരവുമിറക്കി. അവധിയുടെ പേരിൽ സ്ഥാനക്കയറ്റങ്ങൾ വേണ്ടെന്നും അവധിയിൽ പോയ ഉദ്യോഗസ്ഥൻ്റെ ചുമതലകൾ സഹപ്രവർത്തകർക്ക് വിഭജിച്ചു നൽകണമെന്നുമായിരുന്നു ഉത്തരവ്. ഇത് നിലനിൽക്കെത്തന്നെ പി.എസ്.സിയിൽ ഈയടുത്ത് മുപ്പതോളം പേർക്ക് സ്ഥാനക്കയറ്റം നൽകി. സീനിയർ ഉദ്യോഗസ്ഥൻ ഒരു മാസം അവധിയെടുത്തതിൻ്റെ പേരിൽ പോലും സ്ഥാനക്കയറ്റം നൽകുകയുണ്ടായി. കൊവിഡ് കാലത്ത് ഉദ്യോഗസ്ഥർ അവധിയിൽ പ്രവേശിച്ചത് മറയാക്കി ഒട്ടുമിക്ക വകുപ്പുകളിലും ഇത്തരം വഴിവിട്ട പ്രൊമോഷനുകൾ അനുസ്യൂതം നടന്നു. ഇത്തരത്തിൽ, ശമ്പള സ്‌കെയിലിൽ വരുന്ന വലിയ അന്തരമാണ് സർക്കാരിൻ്റെ കീശ കീറുന്നതിൽ പ്രധാന വില്ലൻ.
കൊവിഡ് അടച്ചിടലിനുശേഷമെത്തിയ ഓണം കെങ്കേമമാക്കാൻ പൊടിച്ചതും കോടാനുകോടി രൂപയാണ്. ജീവനക്കാർക്കുള്ള ശമ്പളം, ബോണസ്, അഡ്വാൻസ്, ഓണക്കിറ്റ്, രണ്ടുമാസത്തെ ക്ഷേമ പെൻഷൻ, കെ.എസ്.ആർ.ടി.സിക്കുള്ള സഹായം എന്നിവയ്ക്കായി 15000 കോടിയാണ് ചെലവിട്ടത്. ഓണം വാരാഘോഷമൊക്ക കഴിഞ്ഞതോടെ ഖജനാവ് ശൂന്യം. കഴിഞ്ഞതവണത്തെ ശമ്പള പരിഷ്‌കരണത്തിൽ 10 ശതമാനം വർധനയാണ് ശമ്പള കമ്മിഷൻ ശുപാർശ ചെയ്തതെങ്കിലും ശമ്പള, പെൻഷൻ ചെലവുകളിൽ 30 ശതമാനത്തിൻ്റെ വർധനയുണ്ടായതായി ധനവകുപ്പ് പറയുന്നു. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ ഭാഗമായുള്ള പല പദ്ധതികളും സർക്കാരിൻ്റെ സാമ്പത്തികനില പരുങ്ങലിലാക്കി.
കേന്ദ്രത്തിൻ്റെ ധനക്കമ്മി നികത്തൽ ഗ്രാൻ്റിലും ജി.എസ്.ടി വിഹിതത്തിലും മാത്രമാണ് ഇനി സർക്കാരിൻ്റെ മുഴുവൻ പ്രതീക്ഷയും. കേന്ദ്ര സർക്കാർ കനിഞ്ഞാൽ ആ തുക ഇന്നു കിട്ടും. അതല്ലെങ്കിൽ രണ്ടാം പിണറായി സർക്കാർ ആദ്യമായി ഓവർഡ്രാഫ്റ്റിലേക്കു പോകും. ഖജനാവിൽ കാശില്ലെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് നിത്യച്ചെലവുകൾക്കായി റിസർവ് ബാങ്കിൽനിന്ന് നിശ്ചിത തുക കടമെടുക്കാം. ഇങ്ങനെ എടുക്കാൻ കഴിയുന്ന വേയ്സ് ആൻഡ് മീൻസ് അഡ്വാൻസായി 1,683 കോടി രൂപ കേരളം വാങ്ങിക്കഴിഞ്ഞു. ഇത്രയും തുക ഇനി ഓവർഡ്രാഫ്റ്റായും എടുക്കാം. ഇങ്ങനെ 14 ദിവസം വരെയേ ഓവർഡ്രാഫ്റ്റിൽ തുടരാൻ കഴിയൂ. തുടർച്ചയായ അഞ്ചുദിവസം പരിധിക്കു മുകളിലായാൽ റിസർവ് ബാങ്ക് മുന്നറിയിപ്പു നൽകും. ആവർത്തിച്ചാൽ ട്രഷറി ഇടപാടുകൾ നിശ്ചലമാകും. ഓവർഡ്രാഫ്റ്റ് അടച്ചുതീർത്താൽ മാത്രമേ ട്രഷറി ഇടപാടുകൾ പഴയപടിയാവൂ.
നാമമാത്രമായ വരുമാനവും അതിൻ്റെ എത്രയോ ഇരട്ടി ചെലവും വരുമ്പോൾ വിടവ് നികത്താൻ കേരളത്തിന് ഒരുമാസം കണ്ടെത്തേണ്ടത് ആറായിരം കോടിയോളം രൂപയാണ്. ഈ അന്തരമാണ് കേരളത്തിൻ്റെ സാമ്പത്തികസ്ഥിതിയെ നിലയില്ലാക്കയത്തിലാക്കുന്നത്. സർക്കാരിൻ്റെ ജൂലൈയിലെ വരവുചെലവു കണക്ക് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കഴിഞ്ഞമാസം പുറത്തുവിട്ടിരുന്നു. അതുപ്രകാരം 8709.10 കോടി രൂപയാണ് വരവ്. ചെലവാകട്ടെ 14,616.45 കോടിയും. ഇവയ്ക്കിടയിലെ അന്തരം 5907.35 കോടി രൂപയാണ്! ഇതു നികത്താൻ 4166.54 കോടി രൂപയാണ് വായ്പയെടുത്തത്.
കടക്കെണിയിൽനിന്നു കരകയറാനുള്ള ശ്രമത്തിൻ്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ നടപ്പാക്കാൻ പോകുന്നത്. ട്രഷറി നിയന്ത്രണം കടുപ്പിക്കുകയാണ് അതിൽ പ്രധാനം. എത്ര തുകവരെ ചെലവിടാമെന്ന കാര്യം ഇന്ന് സർക്കാർ തീരുമാനിക്കുമെന്നറിയുന്നു. ചികിത്സാസഹായം, മരുന്നുവാങ്ങൽ, സ്‌കോളർഷിപ്പ്, ശമ്പളം, പെൻഷൻ തുടങ്ങിയവയ്‌ക്കൊഴികെ തുക അനുവദിക്കാനിടയില്ല. ഇതു മറികടക്കണമെങ്കിൽ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വാങ്ങണം. ബജറ്റിൽ പദ്ധതികൾക്കായി അനുവദിച്ച പണം ചെലവിടുന്നതിനും നിയന്ത്രണം വരും. വകുപ്പുകൾ പദ്ധതിവിഹിതത്തിൻ്റെ 43 ശതമാനത്തിലധികം ചെലവിടരുതെന്ന് ധനവകുപ്പ് കർശനനിർദേശം നൽകിയിട്ടുണ്ട്. ചെലവാക്കാതെ അക്കൗണ്ടുകളിൽ നീക്കിയിരിപ്പുള്ള പണം അതതു വകുപ്പുകളിൽനിന്നു തിരികെ വാങ്ങാനും ധനവകുപ്പ് ആലോചിക്കുന്നുണ്ട്. എന്നിട്ടും പിടിച്ചുനിൽക്കാനായില്ലെങ്കിൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൻ്റെ നിശ്ചിത ശതമാനം മാറ്റിവയ്ക്കൽ അടക്കമുള്ള നടപടികളിലേക്കും സർക്കാർ നീങ്ങിയേക്കും.
ധനപ്രതിസന്ധി പേപിടിച്ച നായയെപ്പോലെ കേരളത്തിനുമേൽ ചാടിവീഴാൻ തക്കംപാർത്തുനിൽക്കുമ്പോൾ ഇനിയെങ്കിലും മുണ്ടുമുറുക്കിയുടുക്കുവാൻ ഭരണാധികാരികൾ തയാറാവണം. ധനപ്രതിസന്ധിയെന്നു നാട്ടുകാരോടു പറയുന്നതിനേക്കാൾ ഗുണം ചെയ്യും, മന്ത്രിമാർ അടക്കമുള്ളവരുടെ പ്രവൃത്തിയിലും ജീവിതശൈലിയിലും ലാളിത്യം കൊണ്ടുവന്നാൽ. ആവശ്യത്തിലേറെ വാഹനങ്ങളുണ്ടായിട്ടും ലക്ഷങ്ങൾ പൊടിച്ച് പുത്തൻ കാറുവാങ്ങൽ, ഒരു കേടുപാടുമില്ലെങ്കിലും മാസങ്ങൾ കൂടുമ്പോഴുള്ള മന്ത്രിമന്ദിരങ്ങളുടെ മോടികൂട്ടൽ തുടങ്ങിയ അനാവശ്യ ധൂർത്തുകളെങ്കിലും സർക്കാർ ഒഴിവാക്കിയേ മതിയാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."