നിയുക്തമേഖലയിലേക്ക് ഒതുക്കപ്പെടുന്ന ജനാധിപത്യ പ്രതിഷേധങ്ങൾ
ആകാർ പട്ടേൽ
ഇന്ത്യൻ പൗരന്മാർക്ക് 'നിയുക്തമേഖലകളിൽ' പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള അവകാശം ഔദാര്യപൂർവം അനുവദിച്ചിരിക്കുകയാണ് സുപ്രിംകോടതി. പൗരത്വഭേദഗതി നിയമനിർമാണത്തി
നെതിരേ നടന്ന ഷഹീൻ ബാഗ്പ്രതിഷേധത്തെക്കുറിച്ചുള്ള വിമർശന വിധിയിലാണ് ഇക്കാര്യം കോടതി അറിയിച്ചിരിക്കുന്നത്. കോടതിയുടെ നിരീക്ഷണം ഇങ്ങനെ; 'ഭിന്നാഭിപ്രായവും ജനാധിപത്യവും ഒരുമിച്ചുപോകുന്നവതന്നെ. പക്ഷേ പ്രതിഷേധങ്ങൾ നിയുക്തമേഖലകളിൽ മാത്രമേ സംഘടിപ്പിക്കാവൂ. കാരണം, പ്രതിഷേധമായി ആരംഭിച്ച ഷഹീൻ ബാഗ് സമരം പിന്നീട് യാത്രക്കാർക്ക് വലിയൊരു അസൗകര്യമാവുന്ന കാഴ്ചയാണ് നാം കണ്ടത്'. എന്താണ് 'നിയുക്ത മേഖല' എന്നത് വായനക്കാർക്കിടയിലിപ്പോൾ സംശയമായിരിക്കാം. പൗരാവകാശ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ചതിനുശേഷം മാത്രമാണ് 'നിയുക്ത മേഖല' എന്നതിനെക്കുറിച്ച് ഈ ലേഖകനും വ്യക്തതയുണ്ടാവുന്നത്. നിയുക്ത മേഖല എന്നാൽ പ്രതിഷേധ പരിപാടികൾക്കു മാത്രമായി മാറ്റിവച്ച നഗരത്തിലെ പ്രത്യേക മേഖല എന്നാണുദ്ദേശം. ഡൽഹിയിലെ ജന്തർ മന്തർ, ബംഗളൂരുവിലെ ഫ്രീഡം പാർക്ക് എന്നിവ ഇത്തരത്തിലുള്ള നിയുക്ത മേഖലകൾക്ക് ഉദാഹരണങ്ങളാണ്. ഇവിടങ്ങളിൽ പൗരന്മാർക്ക് നിശ്ചിത സമയത്തിൽ ഒത്തുകൂടാനും ശേഷം പിരിഞ്ഞുപോരാനും അനുവാദമുണ്ട്. ഇത്തരത്തിൽ ഒത്തുച്ചേരുന്നതിനാവട്ടെ പൊലിസിൽ നിന്നും സർക്കാരിൽ നിന്നുമൊക്കെ അനുമതി ലഭിക്കണം. അഥവാ, യൂറോപ്പിലും അമേരിക്കയിലുമൊക്കെ നടക്കുന്നപോലെ തൊഴിലിടങ്ങളിലും മുതലാളിത്ത സമുച്ചയങ്ങളിലും ആളുകൾ പെട്ടെന്ന് കൂട്ടംചേർന്ന് ബഹിഷ്‌കരണ പരിപാടികൾ സംഘടിപ്പിക്കുന്നതും മുദ്രാവാക്യങ്ങൾ മുഴക്കുന്നതുമൊക്കെ നമ്മുടെ ഇന്ത്യയിൽ നിയമവിരുദ്ധമാണെന്ന് ചുരുക്കം.
ഇന്ത്യൻഭരണഘടനാ അനുച്ഛേദം പത്തൊമ്പതിൽ 'എല്ലാ പൗരന്മാർക്കും ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിക്കുവാനുള്ള അവകാശം' ഭരണഘടന മൗലികാവകാശമായി ഉറപ്പുനൽകുന്നുണ്ട്. പൗരന്റെ ഈ മൗലികാവകാശങ്ങളെ സകല അതിക്രമങ്ങളിൽ നിന്നും സംരക്ഷിച്ചുനിർത്തേണ്ട ഉത്തരവാദിത്വമാവട്ടെ ഭരണകൂടത്തിനാണ്. എന്നാലത്തരം അവകാശങ്ങളൊന്നും ഇന്ത്യൻ പൗരന്മാർക്കില്ലെന്നു വേണം മനസ്സിലാക്കാൻ. നിയുക്തമേഖലയിൽ സംഘടിക്കാൻ അനുമതിയെഴുതി കാത്തിരിക്കാനുള്ള അവകാശമാണ് ഈ ഭരണകൂടം നമുക്ക് നൽകുന്നത്. പൊലിസിനാവട്ടെ അനുമതി നൽകാനും നൽകാതിരിക്കാനും എന്നുവേണ്ട കണ്ടില്ലെന്നു നടിക്കാനുമുള്ള അവകാശമുണ്ട്. ഇതിൽ അവസാനത്തേതാണ് അവർ കൂടുതലായും അവലംബിക്കുന്നതെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ സാധിക്കും. നമ്മുടെ പരമോന്നത ന്യായാധിപന്മാർക്ക് ഈ നൂലാമാലകളെ കുറിച്ചൊന്നും അറിയാൻ സാധ്യതയില്ല. ഒരു പ്രതിഷേധത്തിൽ പങ്കെടുക്കാനും അത്തരമൊരു പ്രതിസന്ധി നേരിട്ടിരിക്കാനും സാധ്യത കാണുന്നില്ല.
കശ്മിരികളുടെ ഹേബിയസ് കോർപ്പസ് കേസുകൾ തഴഞ്ഞും നീട്ടിവച്ചുകൊണ്ടും പൗരന്മാരുടെ ജീവനും സ്വാതന്ത്ര്യവും സുരക്ഷ ഉറപ്പാക്കുന്ന ഇരുപത്തിയൊന്നാം അനുച്ഛേദത്തിലും നമ്മുടെ നീതിന്യായവ്യവസ്ഥ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മിർവായിസ് ഉമർ ഫാറൂഖിനെ അന്യായമായി തടങ്കലിൽവച്ചു എന്നത് പകൽപോലെ സത്യമായിരിക്കേ 'അതൊരു അന്യായ തടവല്ല' എന്ന കശ്മിർ ഗവർണറുടെ പ്രസ്താവന ബി.ബി.സി ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. കശ്മിരികളെ സംബന്ധിച്ച് പ്രതിഷേധം എന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്. നിർബന്ധമെങ്കിൽ മാത്രം സർക്കാർ നിയുക്ത മേഖലകളിൽ ഭരണകൂടാനുമതിയോടെ പ്രതിഷേധിക്കാം. അങ്ങനെയാകുമ്പോൾ പ്രതിഷേധങ്ങൾക്കെതിരേ കണ്ണടക്കാനോ കണ്ടില്ലെന്ന് നടിക്കാനോ ഭരണകൂടത്തിന് എളുപ്പവുമാണ്.
വായനക്കാരിലാരെങ്കിലും ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ജന്തർ മന്തർ സന്ദർശിച്ചിട്ടില്ലെങ്കിൽ ഒന്നു അവിടെ ചെന്നുകാണണം. വർഷങ്ങൾക്കു മുമ്പേ ആരംഭിച്ച സമരവേദികളുണ്ട് അവിടെ. അവരെന്തിന് സമരം ചെയ്യുന്നുവെന്ന് പലർക്കും അറിയില്ല, ഭരണകൂടത്തെ സംബന്ധിച്ച് ഇതൊന്നും അവരുടെ പരിധിയിലുള്ള കാര്യമേ അല്ല. ഭരണകൂട വീക്ഷണത്തിൽ പ്രതിഷേധം അല്ലെങ്കിൽ മൗലികാവകാശം എന്നൊക്കെ പറഞ്ഞാൽ കടലാസിൽ മാത്രം ഒതുങ്ങേണ്ടുന്ന ചില ക്ഷുദ്രപരിപാടികളാണ്. അതൊരിക്കലും ഭരണകൂടത്തിനെതിരേ പ്രയോഗിക്കാനുള്ളതല്ല. സർവസമാധാനപരമായ ഗാന്ധിയൻ സമരരീതി പോലും നമ്മുടെ സർക്കാരിന് ഇന്ത്യയിൽ സഹിക്കാൻ പറ്റില്ല. തന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതു വരെ ഉപവാസമിരിക്കുന്നതോളം കുലീനമായൊരു പ്രതിഷേധമില്ലെന്നു വേണം കരുതാൻ. നീതി സംസ്ഥാപനത്തിനായി മണിപ്പൂരിൽ ഒരു സ്ത്രീ അന്നപാനീയങ്ങൾ വർജിച്ചപ്പോൾ അവരെ ചങ്ങലക്കിട്ട് ഭക്ഷണം കൊടുത്ത ഭരണകൂടമുണ്ടിവിടെ. ഗാന്ധിയുടെ ഉപവാസത്തിന് മുമ്പിൽ ബ്രിട്ടിഷുകാർ മുട്ടുമടക്കിയപ്പോൾ പത്തുവർഷം ഇറോം ശർമിളയുടെ മൂക്കിലൂടെ കുഴലിട്ട് ഊട്ടുന്നതാണ് അവകാശ സംരക്ഷണം എന്നു നമ്മുടെ ഭരണകൂടത്തിന് തോന്നിയിരിക്കണം. ഇറോം ശർമ്മിള ഈ രാജ്യത്തിനൊരു സമരനായികയോ ഭാരത്‌രത്‌ന സ്വീകരിക്കേണ്ട വ്യക്തിയോ അല്ല. ഒരുപക്ഷേ, മറ്റൊരു ആധുനിക രാഷ്ട്രത്തിലായിരുന്നെങ്കിൽ അവരതെല്ലാം ആയിരുന്നേനെ. ഇവിടെ അവർ ഭരണകൂടത്തിന്റെ ശത്രു മാത്രമാണ്.
ഷഹീൻ ബാഗ് വിഷയത്തിൽ സുപ്രിംകോടതിയുടെ നിരീക്ഷണമോ വിധിയോ ഇനി രണ്ടിൽ ഏതായിരുന്നാലും അതിവിടുത്തെ രാഷ്ട്രീയ കക്ഷികൾക്കോ കർഷക സംഘടനകൾക്കോ ജാതിക്കൂട്ടായ്മകൾക്കോ ബാധകമല്ലെന്നു തീർത്തുപറയട്ടെ. അവർക്ക് നിയുക്ത മേഖലകളിലോ അതിനു പുറത്തോ എവിടെയും അവരുടെ രീതികളിൽ പ്രതിഷേധങ്ങൾ നടത്താം. അത് ബന്ദായോ ഹർത്താലായോ തീവണ്ടി തടഞ്ഞോ അല്ലെങ്കിൽ മറ്റു ഗതാഗതം തടഞ്ഞോ അവർ നടത്തുകയും ചെയ്യും. അതിനെ പ്രതിരോധിക്കാനുള്ള ശേഷി ഭരണകൂടത്തിനും നീതിപീഠത്തിനുമില്ലാത്തതിനാൽ അവർ അതിൽനിന്ന് നിരന്തരം ശ്രദ്ധ തിരിക്കുന്നു. ഒരു കൂട്ടം സ്ത്രീകൾ വന്ന് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത് അധികാരികൾക്ക് സഹിക്കുന്നില്ലെന്നതാണ് ഇവിടുത്തെ വാസ്തവം. കാരണം ഇതെല്ലാം ഈ രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ചുള്ള അധികാരികളുടെ കാഴ്ചപ്പാടുകളെയും പ്രതീക്ഷകളെയും പ്രകോപിപ്പിക്കുന്നുണ്ട്.
ഏതൊരു പ്രതിഷേധത്തിൻ്റെയും സത്തയെന്നത് എതിർപ്പാണ്, ഭിന്നതയാണ്. ഭരണകൂടംപോലും സ്വന്തം നിയമങ്ങളിൽനിന്ന് വ്യതിചലിക്കുമ്പോഴാണ് സമരമുണ്ടാകുന്നത്. സമരം എന്നത് ഒരേസമയം, എതിർപ്പും പരാതിയുമാണ്. ഓരോ സമരവും ഇന്നും തുടരുന്നത് അവരുടെ എതിർപ്പിനോ പരാതിക്കോ ഭരണകൂടം ചെവികൊടുക്കാത്തതിനാലാണ്. ഈ സമരങ്ങൾ നിയുക്തമേഖലകളിലേക്ക് അരികുവത്കരിക്കുമ്പോൾ അവയൊരിക്കലും ഉയർന്നുകേൾക്കില്ല. ലക്ഷക്കണക്കിനാളുകളെ പൂട്ടിയിട്ട് അവർക്ക് പൗരത്വം ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നൊരു ആഭ്യന്തര മന്ത്രി, ഇതുവരെയുള്ള എല്ലാ തെളിവുകളെയും റദ്ദു ചെയ്ത് ഞങ്ങളെ തൃപ്തരാക്കുന്ന പൗരത്വ തെളിവുകൾ തരാനാവശ്യപ്പെടുന്നൊരു ഭരണകൂടം. ഇങ്ങനെയൊക്കെ നടക്കുന്ന ഒരിടത്ത് പ്രതിഷേധങ്ങൾ നടക്കില്ലെന്ന് കരുതുന്നത് തുല്ല്യതയില്ലാത്ത നിഷ്‌കളങ്കതയാണ്. ഇനി അഥവാ പ്രതിഷേധങ്ങൾ വല്ലതും വേണമെങ്കിൽ അവ നിയുക്തമേഖലകളിലുമായിരിക്കണമത്രെ! ഇത്തരമൊരു ലോകത്തിൽ സംഘർഷങ്ങളില്ലാതെ പ്രതിഷേധങ്ങൾ സാധ്യമല്ല. പ്രതിഷേധങ്ങൾ ഭരണകൂടത്തെ ചൊടിപ്പിക്കണം, അവരെ അക്ഷമരാക്കണം. ഭരണകൂട അതിക്രമത്തിനെതിരേ പ്രതിഷേധം നടത്തുന്ന പൗരസമൂഹത്തിന് നീതിന്യായവ്യവസ്ഥയുടെ പിന്തുണയില്ലെങ്കിൽ ഇവരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ട യാതൊരു ബാധ്യതയും സർക്കാരിനില്ലെന്നു വരും. ലോകത്തിനു മുമ്പിൽ ഷഹീൻ ബാഗ് വ്യത്യസ്തമായത് അരികുവത്കൃത സമൂഹത്തിലെ ഒരു കൂട്ടം സ്ത്രീകൾ ഭരണകൂടത്തെ ചോദ്യം ചെയ്തതിനാലാണ്. അതിനാൽ ലോകം അവരെ അംഗീകരിച്ചു. ഈ സമരത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഈ സ്ത്രീകൾക്കെന്ന പോലെ ആ ലോകത്തിനും വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ആ ബോധ്യം തന്നെയാണ് കോടതിക്ക് ഈ പ്രതിഷേധത്തെ പ്രത്യേകമായെടുത്ത് വിമർശിക്കേണ്ടിവന്നത്.
ഇനി കോടതിയുടെ പ്രകോപനം കൊണ്ടൊന്നും ഇത്തരത്തിലുള്ള സമരങ്ങൾ അവസാനിക്കാൻ പോകുന്നില്ല. 2004ൽ സൈന്യത്തിന്റെ നിരന്തരമായ പീഡനകൊലപാതകങ്ങൾക്കെതിരേ നഗ്നരായി സൈനിക കവാടത്തിനു മുമ്പിൽ പോയി സമരം ചെയ്ത മണിപ്പൂരി സ്ത്രീകളെ ഈ അവസരത്തിൽ ഓർത്തുപോകുന്നു. അവർക്കെന്തായിരിക്കും നീതിന്യായ പീഠത്തിന്റെ ഈ 'നിയുക്ത പ്രതിഷേധ മേഖല'യെക്കുറിച്ച് പറയാനുണ്ടാവുക?
(കടപ്പാട്: നാഷനൽ ഹെറാൾഡ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."