കൊതിപ്പിച്ച ഓണക്കിറ്റുകൾ കൊടുത്തില്ല
ആഘോഷ ദിനങ്ങളോടനുബന്ധിച്ച് സർക്കാരുകൾ ഭക്ഷ്യക്കിറ്റ് കൊടുത്തുവരുന്നത് സംസ്ഥാനത്ത് പതിവാണ്. ദരിദ്രരായ ഭൂരിപക്ഷം ജനങ്ങൾക്കും വലിയൊരാശ്വാസമാണത്. ഈ പ്രാവശ്യത്തെ ഓണാഘോഷത്തിന് വളരെ മുമ്പുതന്നെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നിരുന്നു. ഉപ്പുതൊട്ട് കർപ്പൂരം വരെ എന്ന ചൊല്ലിനെ അന്വർഥമാക്കും വിധമാണ് വിലക്കയറ്റം. നിസാര വിലയ്ക്ക് കിട്ടുമായിരുന്ന തക്കാളിക്കും വെണ്ടക്കയ്ക്കും വരെ തീവില കൊടുക്കേണ്ട അവസ്ഥ ഓണത്തിന് മുമ്പുതന്നെയുണ്ടായി. സർക്കാർതലത്തിൽ ചില സ്ഥലങ്ങളിൽ മാത്രം നടത്തിയ ഓണച്ചന്തകൾ കൊണ്ടൊന്നും കുതിച്ചുയർന്ന വില താഴോട്ടുകൊണ്ടുവരാൻ കഴിഞ്ഞില്ല.
ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ റേഷൻകടകൾ വഴി സൗജന്യമായി നൽകിവരുന്ന ഭക്ഷ്യക്കിറ്റുകൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരാശ്വാസമാണ്. കൊവിഡ് ഒഴിഞ്ഞുപോയി എന്ന് പറയാറായിട്ടില്ലെന്നാണ് ഓണാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. അത്തരമൊരു സ്ഥിതിവിശേഷം ഇപ്പോഴും നിലനിൽക്കുന്നു എന്ന് സാരം. കൊവിഡ് ഭേദമായവരെ പല അനുബന്ധ രോഗങ്ങളും അലട്ടുന്ന വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നു സംസ്ഥാനം പൂർണമായും മോചിതമായിട്ടില്ലെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണ് അവശ്യസാധനങ്ങൾക്ക് രൂക്ഷമായ വിലക്കയറ്റവും ഉണ്ടായിരിക്കുന്നത്. ഇതിനിടയിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ സാധാരണക്കാരൻ പാടുപെടുകയാണ്. ഇത്തരമൊരു സന്ദർഭത്തിൽ ഓണത്തോടനുബന്ധിച്ച് സർക്കാർ റേഷൻകടകളിലൂടെ വിതരണം ചെയ്യാൻ തീരുമാനിച്ച കിറ്റുകൾ വലിയൊരനുഗ്രഹമായിരുന്നു. എന്നാൽ കിറ്റ് വിതരണം ഫലപ്രദമായി നടത്താൻ കഴിയാതെ വന്നത് വലിയ ന്യൂനതയാണ്. പലർക്കും കിറ്റുകൾ കിട്ടിയില്ല. ബാക്കിവന്ന കിറ്റുകൾ തിരികെയെടുക്കാനാണ് സിവിൽ സപ്ലൈസ് കോർപറേഷന്റെ തീരുമാനം. എല്ലാവർക്കും കൊടുത്തതിന് ശേഷവും ബാക്കി വന്നതല്ല ഈ കിറ്റുകൾ. തരാമെന്ന് പറഞ്ഞു കൊതിപ്പിച്ച് കൊടുക്കാതെ തിരികെ കൊണ്ടുപോകുകയാണിപ്പോൾ കോർപറേഷൻ.
സംസ്ഥാനത്ത് 92.88 ലക്ഷം കാർഡുടമകൾ ഉണ്ട്. ഇവരിൽ കിറ്റ് കിട്ടിയത് 85.69 ലക്ഷം പേർക്ക്. ബാക്കിവന്ന റേഷൻകാർഡുടമകൾക്ക് കിറ്റ് കിട്ടാതെ പോയത് അവർ വേണ്ടെന്ന് വച്ചതുകൊണ്ടല്ല. കിറ്റുകൾ എത്തിക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുണ്ടായ പാളിച്ചകളാണ്. ഇതിനിടയിലുണ്ടായ സെർവർ തകരാറുകളും പല ഉപഭോക്താക്കൾക്കും കിറ്റുകൾ നിഷേധിക്കപ്പെടുവാൻ കാരണമായി. ബാക്കിവന്ന കിറ്റുകൾ സിവിൽ സപ്ലൈസ് കോർപറേഷനിലേക്ക് തിരികെയെടുക്കുമെന്നാണ് പറയുന്നത്. ഇതിനു പകരം വിതരണത്തിലെ പാളിച്ചകൾക്ക് കാരണക്കാരായവർക്കെതിരേ നടപടി എടുക്കുകയായിരുന്നു ആദ്യം വേണ്ടിയിരുന്നത്. ഉത്രാടം നാളിൽപോലും എട്ട് മണിക്കൂറിലധികമാണ് കാർഡുടമകൾ കിറ്റിനായി കാത്തു കെട്ടിക്കിടന്നത്. ഒടുവിൽ വിതരണം നിർത്തിവച്ചപ്പോൾ ആയിരങ്ങളാണ് വെറും കൈയോടെ തിരിച്ചുപോയത്.
സംസ്ഥാനത്തെ പതിനാലായിരം റേഷൻകടകളിലായി വിതരണം ചെയ്യാതെ ബാക്കിവന്നത് ഒരു ലക്ഷത്തോളം കിറ്റുകളാണ്. കാര്യക്ഷമമായി വിതരണം ചെയ്തിരുന്നുവെങ്കിൽ ഒരു ലക്ഷം സാധാരണക്കാരുടെ ഒരു ദിവസത്തെ ആഹാരമെങ്കിലും നേരെചൊവ്വെ നടന്നുപോകുമായിരുന്നില്ലേ. ഓഗസ്റ്റ് 23നാണ് കിറ്റ് വിതരണം ആരംഭിച്ചത്. ഏത് റേഷൻകടയിൽ നിന്നും ഉപഭോക്താവിന് റേഷൻ സാധനങ്ങൾ വാങ്ങാമെന്ന സൗകര്യം നിലവിലുണ്ട്. എന്നാൽ കിറ്റുകൾ അതതു റേഷൻകടകളിൽ നിന്ന് തന്നെ വാങ്ങണമെന്ന തീരുമാനം പലർക്കും പ്രയാസം സൃഷ്ടിച്ചു. സ്വന്തം റേഷൻകടകളുടെ പരിധിയിൽ നിന്ന് ഏറെ അകലെ താമസിക്കുന്നവരെ ഇത്തരമൊരു നിബന്ധന പ്രതികൂലമായി ബാധിച്ചു. അതിനാൽ അവരിൽ പലർക്കും കൃത്യസമയത്തിനുള്ളിൽ കിറ്റുകൾ വാങ്ങാൻ കഴിഞ്ഞതുമില്ല. കിറ്റ് വിതരണം അവസാനിക്കുവാൻ നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് ഭക്ഷ്യവകുപ്പിന് ബോധോദയം ഉണ്ടായതും ഏത് കടയിൽ നിന്നും കിറ്റ് വാങ്ങാൻ അനുമതി നൽകിയതും. ഇതിനകം പല കടകളിലും കിറ്റുകൾ തീർന്നിരുന്നു. നിബന്ധനകളിൽ കുടുങ്ങി, പല കടകളിൽ നിന്നും യഥാസമയം വാങ്ങാൻ കഴിയാത്തതിനാൽ ചില കടകളിൽ ബാക്കിവരികയും ചെയ്തു.
ഓഗസ്റ്റ് 23ന് തുടങ്ങിയ വിതരണം രണ്ടാഴ്ച കൊണ്ട് തന്നെ സിവിൽ സപ്ലൈസ് കോർപറേഷൻ അവസാനിപ്പിക്കുകയായിരുന്നു. രണ്ടാമത്തെയാഴ്ച കൃത്യസമയത്ത് കിറ്റ് തയാറാക്കി നൽകുന്നതിൽ സിവിൽ സപ്ലൈസ് കോർപറേഷന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായത്. അവരുടെ കൃത്യവിലോപമാണ് ലക്ഷത്തിലധികം പേർക്ക് കിറ്റുകൾ കിട്ടാതെ പോയതിന്റെ പ്രധാന കാരണം. കഴിഞ്ഞ വർഷം വിതരണം ചെയ്തതിന്റെ 1.18 ലക്ഷം കിറ്റുകളുടെ കുറവു വരുത്തിയത് സപ്ലൈകോയുടെ മറ്റൊരു വീഴ്ചയാണ്. കിറ്റ് പാക്ക് ചെയ്യുന്ന മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങൾ എത്തിച്ചതിലെ കാലതാമസവും തൊണ്ണൂറ്റിനാല് ശതമാനം മാത്രം വിതരണം ചെയ്താൽ മതിയെന്ന സപ്ലൈകോയുടെ നിലപാടും വിതരണം തടസപ്പെടുത്തിയതിൽ മറ്റൊരു കാരണമായിത്തീർന്നു.
കിറ്റ് വിതരണം തടസപ്പെടുത്താൻ ബാഹ്യശക്തികൾ ശ്രമിച്ചുവെന്നും അവസാന ദിവസം പ്രതിസന്ധി സൃഷ്ടിക്കാൻ റേഷൻവ്യാപാരികളും കൂട്ടുനിന്നുവെന്ന ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ അനിലിന്റെ പ്രസ്താവന പരാജിതന്റെ പരിദേവനമായി മാത്രമേ കാണാനാകൂ. അതാണ് മന്ത്രിയുടെ ബോധ്യമെങ്കിൽ കിറ്റ് വിതരണം പരാജയപ്പെടുത്താൻ ബാഹ്യശക്തികൾക്കൊപ്പം നിന്ന സപ്ലൈകോ ജീവനക്കാർക്കെതിരേ നടപടിയെടുക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്.
സർക്കാർ വിതരണം ചെയ്യാൻ ഉദ്ദേശിച്ച കിറ്റുകൾ ഓരോ ഉപഭോക്താവിനും അവകാശപ്പെട്ടതാണ്. അപ്പോൾ അതവർക്ക് നൽകാതെ സിവിൽ സപ്ലൈസ് കോർപറേഷൻ തിരികെ കൊണ്ടുപോകുന്നത് അനീതിയാണ്. കിട്ടാതെപോയ ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് അവരുടെ കിറ്റുകൾ റേഷൻകടകളിലൂടെ വീണ്ടും വിതരണം ചെയ്യുകയാണ് വേണ്ടത്. അങ്ങനെയാണ് കിറ്റ് കിട്ടാതെപോയവരോട് സർക്കാർ നീതി കാണിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."