പാലായനത്തിന്റെ മലവെള്ളപ്പാച്ചില്‍
എന്‍.പി അബ്ദുല്‍ അസീസ്
പഴയ റിക്കാര്‍ഡുകളെല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുകയായിരുന്നു. ഞാന്‍ അവിടെ വച്ചാണ് 'ക്ലാസിപ്പേരെ' കണ്ടുമുട്ടുന്നത്. പഴയ തറവാടുകള്‍ പലതും എന്റെ കണ്‍മുന്‍പില്‍ കണ്ടു. അവിടുത്തെ പല കാരണവന്മാരും അനന്തരവരും ആ ജീര്‍ണിച്ച രേഖകളില്‍ ജീവിക്കുന്നതും ഞാന്‍ കണ്ടു'. (1870കളില്‍ നടന്ന ഒരു ഭൂപരിഷ്‌ക്കരണത്തിന്റെ രേഖകള്‍ കണ്ടുപിടിക്കാന്‍ അമ്പലപ്പുഴ താലൂക്കു കച്ചേരിയില്‍ നിയോഗിക്കപ്പെട്ട വക്കീലായിരുന്ന വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള അവിടെ കണ്ട കാഴ്ചകളെക്കുറിച്ചു പിന്നീട് എഴുതിയത്)
മരുമക്കത്തായ സമ്പ്രദായം കൊടുമ്പിരികൊണ്ടിരുന്ന കാലത്താണ് കുട്ടനാട്ടിലെ ഭൂമിയുടെ നില്‍പുരേഖകള്‍ തരംതിരിച്ചു നിര്‍ണയിക്കാന്‍ ക്ലാസിഫൈയര്‍ തസ്തികയിലെ ഉദ്യോഗസ്ഥന്‍ കൊച്ചുപിള്ള കുട്ടനാട്ടില്‍ എത്തുന്നത്. കുട്ടനാട്ടുകാര്‍ അദ്ദേഹത്തെ 'ക്ലാസിപ്പേരു കൊച്ചുപിള്ള' എന്നു വിളിച്ചു. പ്രമാണിമാരില്‍ നിന്നു കാശുവാങ്ങി അവര്‍ക്കിഷ്ടമുള്ള ഭൂമി പതിച്ചുനല്‍കിയ കൊച്ചുപിള്ളയുടെ 'ഇടപെടലുകള്‍' പിന്നീട് തമ്പ്രാക്കളുടെ അറകളിലും സൗന്ദര്യമുള്ള പെണ്‍കുട്ടികളുടെ ചെറ്റക്കുടിലുകളിലും വരെയായി... തുടര്‍ന്നങ്ങോട്ട് മണികണ്ടനും വട്ടത്രഗ്രിഗറിയും കര്‍ഷകനും കര്‍ഷകത്തൊഴിലാളികളും ഒക്കെ തകഴിയുടെ 'കയറി'ല്‍ കടന്നുവരുന്നു. ഒടുവില്‍ നായര്‍ജന്മിമാരില്‍ നിന്നു നമ്പൂതിരിമാരിലേക്കും അവരില്‍ നിന്നു നസ്രാണിമാരിലേക്കും ഒഴുകിയ തറവാടുകളുടെ പതനവും... അങ്ങനെ നീണ്ടുപോകുന്നു തകഴിയുടെ കയറിലെ കഥയും കഥാപാത്രങ്ങളും. കഥയിലെ 'ക്ലാസിഫൈയര്‍' കുട്ടനാട്ടുകാരുടെ ക്ലാസിപ്പേര് ആയെങ്കിലും പില്‍ക്കാലത്ത് അത് 'പിള്ള'യും 'പാറോത്തിയാര'ും കടന്ന് തഹസില്‍ദാരും സര്‍വേയറും ഒക്കെയായി മാറി. കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ കര്‍ഷകത്തൊഴിലാളികളുടെ മുഷ്ടിചുരുട്ടിയുള്ള വിപ്ലവസമരത്തിന്റെ തീക്ഷ്ണഗന്ധമേറ്റ ജന്മിമാരില്‍ നിന്നു കുടിക്കിടപ്പ് അവകാശത്തിന്റെ പേരിലും അല്ലാതെയും തങ്ങള്‍ക്കു ലഭിച്ച തുണ്ടുഭൂമികള്‍ നാലുകാശിനു കൈമാറിയും അല്ലാതെയും പലായനത്തിന്റെ പാതയിലുമായി മണ്ണിന്റെ മണമുള്ള കുട്ടനാടന്‍ കറുത്ത മക്കള്‍.
അന്‍പതുകളിലെ കുട്ടനാട്
കണ്ണെത്താദൂരത്തില്‍ കാറ്റിലാടിയിരുന്ന നെല്‍പ്പാടങ്ങള്‍.. കുഞ്ഞോളപ്പരപ്പിലൂടെ ഊളിയിട്ടിരുന്ന കൊതുമ്പുവള്ളങ്ങള്‍.. തേങ്ങയും കൊപ്രയും മലഞ്ചരക്കുകളുമായി നഗരത്തെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന കേവുവള്ളങ്ങള്‍.. രാജപ്രൗഢിയോടെ പ്രമാണിമാരുമായി സഞ്ചരിച്ച 'വളവര' വള്ളങ്ങള്‍.. പലവ്യജ്ഞനങ്ങളുമായി ഹോറണ്‍ മുഴക്കി തോടുകളിലൂടെ ഒഴുകിയ കൊച്ചുകൊച്ചു ഒറ്റത്തടിവള്ളങ്ങള്‍.. നാട്ടുപാതക്കരികിലെ ചായക്കടകളില്‍ പത്രം വായിക്കുന്നവരും അതു കേട്ടിരിക്കുന്ന തൊഴിലാളികളും.. തലയില്‍ തോര്‍ത്തുകെട്ടി മടിയില്‍ മുറംവച്ച് മൂളിപ്പാട്ടുംപാടി തലയാട്ടിയിരുന്ന ബീഡിതെറുപ്പുകാര്‍.. രാഷ്ട്രീയം പറയാന്‍ എത്തുന്ന കുട്ടിനേതാക്കള്‍.. കലപ്പയും പലകയും തോളിലേന്തി പോത്തിനേയും ഓടിച്ചുകൊണ്ട് റോഡിലൂടെ ഓ..ഹോയ് വിളച്ചുകടന്നുപോകുന്ന കണ്ടംപൂട്ടുകാര്‍.. കല്യാണ വീടെന്ന് വിളിച്ചറിയിച്ച് തെങ്ങില്‍ മൈക്കുകെട്ടി പാട്ടുപാടിയിരുന്ന നാട്ടിന്‍ പുറങ്ങള്‍.. അയലത്തെ ആയമാരുമായി സൊറപറഞ്ഞ് നാട്ടുപാതകള്‍ക്കരികിലിരുന്ന് കുടംപുളി ഉണക്കിയിരുന്ന നാടന്‍ പെണ്ണുങ്ങള്‍.. നിലാവെളിച്ചത്തില്‍ കറ്റകള്‍ മെതിക്കുന്നവര്‍ക്കും കാവല്‍ക്കാര്‍ക്കുമായി ചുക്കുകാപ്പിയും ബോളിപ്പപ്പടവുമായി കളങ്ങളില്‍ നിന്നു കളങ്ങളിലേക്കു നീങ്ങുന്ന കാപ്പിക്കച്ചവടക്കാരും പെട്രോമാക്‌സും തലയിലേന്തിയ തവളപിടുത്തക്കാരും... നക്ഷത്രക്കൂട്ടങ്ങള്‍പോലെ പ്രകാശിക്കുന്ന കൊയ്ത്തുകളങ്ങളിലെ മിന്നാമിനുങ്ങുവെട്ടങ്ങള്‍, കൊയ്ത്തുപാടങ്ങളിലെ നെല്‍ക്കതിരുകള്‍ പെറുക്കിവിറ്റു കപ്പലണ്ടി കൊറിച്ചുതുള്ളിച്ചാടുന്ന കാലാപെറുക്കികുരുന്നുകളും മുളഞ്ചില്ലകളില്‍ ചൂണ്ടയും കോര്‍ത്തു തോട്ടുവക്കില്‍ നിരനിരയായി നിന്നിരുന്ന നിക്കറിട്ടകുട്ടികളും.. നെല്‍ക്കതിരുകള്‍ക്കു മുകളില്‍ വട്ടംകറങ്ങുന്ന പക്ഷിക്കൂട്ടങ്ങള്‍.. പാടത്ത് മേയുന്ന ജഴ്‌സിപ്പശുക്കളും അവിടെ സ്ഥാപിച്ചിരുന്ന ചക്രവും അറയും.. എല്ലാം കണ്ടിട്ടുള്ളവരും കേട്ടിട്ടുള്ളവരുമെല്ലാം മെല്ലെ മെല്ലെ നാടു നീങ്ങിത്തുടങ്ങി. കാലത്തിന്റെ മലവെള്ളപ്പാച്ചിലില്‍ കുട്ടനാട്ടില്‍നിന്ന് അതെല്ലാം ഒലിച്ചുപോയിരിക്കുന്നു.
ചരിത്രമുറങ്ങുന്ന നാട്
ഒരുകാലത്ത് കൊടുംകാടായിരുന്ന ഈപ്രദേശം കാട്ടുതീയില്‍ നശിക്കുകയും അങ്ങനെ ചുട്ടനാട് പിന്നീട് കുട്ടനാട് ആയെന്നുമാണ് ഐതിഹ്യം. അതിനു ബലം നല്‍കുന്നതാണ് ഇവിടുത്തെ പാടങ്ങളില്‍ നിന്നു പില്‍ക്കാലത്തു കണ്ടെടുത്ത കരിയും കരിമണ്ണും മരംകരിഞ്ഞതിന്റെ അവശിഷ്ടങ്ങളും (കാണ്ടാമരങ്ങള്‍). ഒപ്പം കരി എന്ന വാക്കുകൂടി ചേര്‍ന്ന സ്ഥലനാമങ്ങളും. (ഉദാ:രാമങ്കരി, ഊരുക്കരി, കുന്നംങ്കരി, തായങ്കരി, ചതുര്‍ത്ഥ്യാകരി, ചങ്ങംങ്കരി, കുമരങ്കരി, മിത്രകരി, കൈനകരി തുടങ്ങിയ സ്ഥലങ്ങള്‍). എന്നാല്‍ പഴമക്കാര്‍ക്കുപോലും നിശ്ചയമില്ലാതിരുന്ന കുട്ടനാടിന്റെ അതിര്‍ത്തി പില്‍ക്കാലത്തു താലൂക്കു രൂപീകരണത്തോടെ നിശ്ചയിക്കുകയാണുണ്ടായത്. നെടുമുടി, പള്ളാത്തുരുത്തി, മങ്കൊമ്പ്, കൈനകരി, ചമ്പക്കുളം, കാവാലം, തകഴി, തുടങ്ങിയ മനോഹരപ്രദേശങ്ങള്‍ ഉള്‍പ്പെട്ട ശുദ്ധകുട്ടനാട് വെള്ളത്താല്‍ചുറ്റപ്പെട്ടു നീണ്ടുപരന്നുകിടക്കുന്ന പ്രദേശമാണ് ഇന്നും. കടല്‍നിരപ്പില്‍ നിന്ന് ഒന്നരമുതല്‍ രണ്ടുമീറ്റര്‍ വരെ താഴ്ന്ന പ്രദേശമായ കുട്ടനാടിന് കളിവള്ളങ്ങളുടെ നാട്, കേരളത്തിന്റെ നെല്ലറ എന്നൊക്കെയായിരുന്നു വിശേഷങ്ങള്‍. എന്നാല്‍ ആ വിശേഷങ്ങളെല്ലാം എന്നോ കൈവിട്ടുപോയിരിക്കുന്നു. കുട്ടനാടിനെ പ്രാന്തപ്രദേശങ്ങളെ കീറിമുറിച്ചു കടന്നുപോകുന്ന പുഴകളും തോടുകളും ഇന്ന് കൈയ്യേറ്റക്കാരുടേയും മണലൂറ്റുകാരുടേയും കേന്ദ്രമായി മാറി. ഒരുകാലത്ത് കണ്ടല്‍ക്കാടുകള്‍ വരെ ഇവിടെയുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. ഏറെ രുചിയുള്ള മത്സ്യസമ്പത്തിന്റെ ഉറവിടം കൂടിയായിരുന്ന ഇവിടെ ഇപ്പോള്‍ മത്സ്യവുമില്ല. സമ്പത്തുമില്ല. യാത്രാബോട്ടുകള്‍ക്കായി കൈകാണിച്ചിരുന്നവര്‍ക്കു മുന്‍പിലൂടെ കുട്ടനാടന്‍ സൗന്ദര്യം ആസ്വദിക്കാനെത്തിയ വിദേശ ടൂറിസ്റ്റുകളേയും വഹിച്ചു കടന്നുപോകുന്ന ഹൗസ് ബോട്ടുകളില്‍ നിന്നു ടാറ്റാ പറഞ്ഞുനീങ്ങുന്ന ടൂറിസ്റ്റുകള്‍ ഇന്ന് നിത്യകാഴ്ചയായി. ഇതില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നവരായി ഇവിടുത്തെ ജനത മാറിക്കഴിഞ്ഞു. കുട്ടനാട്ടിലെ 35,000ത്തോളം ഹെക്ടര്‍ നെല്‍പാടങ്ങള്‍ ഇന്ന് ലഭ്യമായ കണക്കനുസരിച്ച് 26,000 ഹെക്ടാറായി ചുരുങ്ങി.
ആധുനിക കുട്ടനാട്
ചിറയും നാട്ടുപാതകളും പരിണമിച്ച റോഡുകളെല്ലാം ടാറു പൂശിയതായതോടെ കുട്ടനാടിന്റെ പ്രധാനഭാഗങ്ങളിലെല്ലാം യാത്രാസൗകര്യമായി. നാലുകാല്‍ ഓലക്കുടിലുകള്‍ക്കു പകരം ആസ്ബസ്‌റ്റോസ്, ഓടുകള്‍ പാകിയതോ, കോണ്‍ക്രീറ്റ്-ഇരുനില വീടുകളോ ഒക്കെയായി മാറി പലതും. കന്നും കലപ്പയും ഓടിക്കിതച്ച പാടങ്ങളിലെല്ലാം ട്രാക്ടറുകളുടെ ചുറ്റിക്കറക്കവും കൊയ്ത്തുയന്ത്രങ്ങളുടെ മനംമടുപ്പിക്കുന്ന ഇരമ്പലും സര്‍വസാധാരണമായി. 'നമ്മള്‍കൊയ്യും വയലെല്ലാം, നമ്മുടേതാകും പൈങ്കിളിയേ' എന്നു പാടി കറ്റകള്‍ കൊയ്തടുക്കിയിരുന്ന കര്‍ഷകത്തൊഴിലാളികളില്‍ മിക്കവരും ഇന്നു വയലേലകളുടെ ഉടമകളുമായി. വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ മണ്ണിനോടു പടവെട്ടാന്‍ ആളെ കിട്ടാതെയുമായി. കൈലിമുണ്ടും ബ്ലൗസുമണിഞ്ഞു തോളില്‍ തോര്‍ത്തുമുണ്ടുമിട്ടു ഒരുകൈയ്യില്‍ കൊയ്ത്തരിവാളും മറുകയ്യില്‍ ചോറ്റുപാത്രവുമായി പാടവരമ്പുകളിലൂടെ നിരനിരയായി നീങ്ങിയിരുന്ന കര്‍ഷകതൊഴിലാളികള്‍ ഇന്നു കുട്ടനാട്ടില്‍ അപൂര്‍വ കാഴ്ചയായി മാറി. അവശേഷിക്കുന്ന യുവ തൊഴിലാളികളുടെ നാവില്‍നിന്ന് ഒരു ജനതയുടെ ജീവിതതാളമായിരുന്ന കൊയ്ത്തുപാട്ടുകള്‍ക്കു പകരം സിനിമാക്കഥകളിലെ മൂളിപ്പാട്ടുകളാകും പുറത്തേക്കൊഴുകുക. 99ലെ വെള്ളപ്പൊക്കത്തിന്റെയും കൂലിക്കൂടുതലിനായി ജന്മിമാര്‍ക്കെതിരെ നടത്തിയ ഉശിരന്‍ പോരാട്ടങ്ങളുടേയും വീരഗാഥകള്‍ രചിച്ചു കര്‍ഷകത്തൊഴിലാളികളായവരുടെ മക്കളില്‍ നിന്നു സന്ധ്യാവേളകളില്‍ നിറഞ്ഞാടുന്ന സീരിയലുകളിലെ ദുരന്തകഥകളാകും ചര്‍ച്ചക്കുവരിക. കുട്ടനാടിന്റെ തനതു ഭാഷ-വേഷങ്ങള്‍ക്കു പകരം ആംഗലേയ പദപ്രയോഗങ്ങളും ആധുനികതയും സര്‍വസാധാരണമായി. മണ്ണിനെ പൊന്നാക്കി തമ്പ്രാക്കളുടെ പത്തായപ്പുരകള്‍ നിറച്ചിരുന്ന ചാത്തന്റെയും കണ്ണന്റെയും കൈകളില്‍ ഒരുകാലത്ത് ഒരേനിറത്തിലുള്ള കൊടിയാണ് ഉര്‍ത്തിപ്പിടിച്ചിരുന്നതെങ്കില്‍, ഇന്ന് അവരുടെ മക്കളുടെ കൈകളില്‍ ഉയര്‍ന്നു പൊങ്ങുന്ന കൊടികളുടെ നിറവും പലതായി.
പലായനത്തിന്റെ തുടക്കം
2018ലെ മഹാപ്രളയം. ആ ഇരുണ്ട ദിനങ്ങളില്‍ ഏറ്റവുമധികം ദുരിതം അനുഭവിക്കേണ്ടി വന്ന ഒരു മഹാജനത. സാക്ഷാല്‍ കുട്ടനാട്ടുകാര്‍. ആ പ്രളയത്തില്‍ രണ്ടുലക്ഷത്തോളം വരുന്ന അവിടുത്തെ ജനതമുഴുവന്‍ ഒന്നായി ദുരിതാശ്വാസക്യാംപുകളില്‍ കഴിയേണ്ടതായി വന്നു. നിരവധി വെള്ളപ്പൊക്കത്തെ അതിജവിച്ച അവര്‍ ആദ്യമായി എല്ലാം ഇട്ടെറിഞ്ഞു മാറിത്താമസിക്കേണ്ടിവന്നത് ഇന്നും ഞെട്ടലോടെയാണ് സ്മരിക്കുന്നത്. പിന്നീട് ദിവസങ്ങള്‍ക്കൊടുവില്‍, കലിതുള്ളി പെയ്ത മഴയും പ്രളയവും ശാന്തമായതോടെ, വീട്ടിലേക്കു മടങ്ങിയവരുടെ മുന്‍പില്‍ ശൂന്യത മാത്രമാണുണ്ടായിരുന്നത്. അവര്‍ക്കുമേല്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ പെരുമഴതന്നെ എത്തിയെങ്കിലും അതെല്ലാം പത്രത്താളുകളില്‍ ഒതുങ്ങി. ഇനി അങ്ങോട്ട് എന്ത് എന്ന ചോദ്യം അവരുടെ മനസിനെ കറക്കുമ്പോഴാണ് പലരിലും ആ ചിന്തകടന്നുകൂടിയത്. ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്നു കരയിലേക്കു താമസം മാറ്റുക. ഈ ആശയം അവര്‍ പരസ്പരം പങ്കുവച്ചു. എല്ലാം സഹിച്ച് ഇവിടെതന്നെ കഴിയുന്നതാണ് നല്ലതെന്നു പലരും ഉറച്ചപ്പോഴും വെള്ളക്കുഴികളിലെ ജീവിതം അനന്തമായി നീളുന്നത് തങ്ങളുടെ ഭാവി അപകടത്തിലാക്കുമെന്ന ചിന്ത അവരില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു.
പലായനം എവിടെ?
മഹാപ്രളയത്തെത്തുടര്‍ന്നു വീടും നാടും ഉപേക്ഷിച്ചു കുട്ടനാട്ടിലെ കൈനകരിയില്‍ നിന്നു എന്‍.എസ്.എസ് കുട്ടനാട് താലൂക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റ് പി.കെ രാമകൃഷ്ണപ്പണിക്കരും കുടുംബവും ചങ്ങനാശ്ശേരിയില്‍ മകളോടൊപ്പം താമസമാക്കിയിട്ട് ഒന്നരവര്‍ഷം പിന്നിട്ടു. കൈനകരി പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മീനപ്പള്ളി പാടത്തിന്റെ പുറംബണ്ടില്‍ ആറ്റിറമ്പിലാണ് അദ്ദേഹത്തിന്റെ വീട്. കനകാശ്ശേരി പാടശേഖരത്തില്‍ മടവീണതോടെയാണ് ഇവിടെയുള്ള താമസക്കാര്‍ക്കു ദുരിതം ആരംഭിക്കുന്നത്. ഇത് ഇദ്ദേഹത്തിന്റെ മാത്രം കഥയല്ല. വെള്ളപ്പൊക്കവും നിരന്തരമുണ്ടാകുന്ന മടവീഴ്ചയും കാരണം വീടുവിട്ടു മാറി താമസിക്കേണ്ടിവന്ന നിരവധിപേരുടെ ദുരന്തകഥയാണ്. അവരില്‍ പലരും ഇനിയും മടങ്ങി വന്നിട്ടില്ല. പല വീടുകളിലും ഇപ്പോഴും വെള്ളക്കെട്ടും ദുരിതജീവിതവും. തീര്‍ന്നില്ല, കുട്ടനാടിന്റെ ഹൃദയഭൂമിയായ ചമ്പക്കുളം, വെളിയനാട്, നെടുമുടി, കൈനകരി ഭാഗങ്ങളില്‍ നിന്നെല്ലാം ഒട്ടേറെപേര്‍ ഇതിനോടകം പലായനം ചെയ്തുകഴിഞ്ഞു. അനേകം വീടുകളില്‍ താമസിക്കാന്‍ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നതായും ഹരിതകര്‍മസേന നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ആര്‍ ബ്ലോക്കിലെ മിക്ക കുടുംബങ്ങളും വലിയകരി, കനകാശേരി പാടങ്ങള്‍ക്കു സമീപം താമസിച്ചിരുന്ന നിരവധി കുടുംബങ്ങളും ഇതിനോടകം അവിടംവിട്ടിരിക്കുന്നു. തൊട്ടടുത്ത കരപ്രദേശമായ ആലപ്പുഴ, ചങ്ങനാശ്ശേരി, നീലംമ്പേരൂര്‍, കുറിച്ചി പ്രദേശങ്ങളിലേക്കാണ് ഇവരില്‍ അധികംപേരും സ്വന്തമായി സ്ഥലം വാങ്ങുകയോ വാടകക്കോ ബന്ധുവീടുകളിലേക്കോ മാറിയിട്ടുള്ളത്. വംശീയതയുടെയും യുദ്ധത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും പേരിലല്ലാതെ കേവലം വെള്ളക്കെട്ടിനെ മാത്രം ഭയന്ന് പിറന്ന മണ്ണ് ഉപേക്ഷിക്കാന്‍ കുട്ടനാട്ടിലെ കുറെപ്പേരെങ്കിലും നിര്‍ബന്ധിതരായത് കേരളത്തിലെ ആദ്യ പലായന കഥയായിരിക്കാം.
എന്തുകൊണ്ട് പലായനം?
ഒട്ടേറെ വെള്ളപ്പൊക്കത്തെ അതിജവിച്ച കുട്ടനാട്ടുകാര്‍ പലായന വഴിയിലേക്ക് തിരിഞ്ഞത് 2018 മഹാപ്രളയത്തോടെയാണ്. നിനച്ചിരിക്കാതെ എത്തുന്ന കാലവര്‍ഷക്കെടുതിയും മടവീഴ്ചയുമാണ് അവരെ അതിനു പ്രേരിപ്പിക്കുന്ന പ്രധാനഘടകം. തന്നെയുമല്ല, കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളിലേക്കുള്ള എല്ലാ വഴികളും വളരെപെട്ടെന്നു വെള്ളത്തിനടിയിലാകുന്നതും ഇവരെ ദുരിതത്തിലാക്കുന്നു. ഒപ്പം വീടുകള്‍ക്കുള്ളില്‍ കയറുന്ന വെള്ളം ഇറങ്ങാന്‍ കാലതാമസം നേരിടുന്നതും അവരുടെ ജീവിതത്തെ താളംതെറ്റിക്കുന്നു. ഇതോടെ അടിക്കടിയുണ്ടാകുന്ന രോഗങ്ങളും കുട്ടികളുടെ പഠനം, വിവാഹം, മരിച്ചാല്‍ സംസ്‌കരിക്കാനുള്ള ബുദ്ധിമുട്ടുകള്‍, ശൗച്യാലയങ്ങള്‍ ഉപയോഗിക്കാനാവാത്ത അവസ്ഥ, ശുദ്ധജലക്ഷാമം, ഉള്‍നാടന്‍ റോഡുകളിലെങ്ങും നിരന്തരമായി അനുഭവപ്പെടുന്ന വെള്ളക്കെട്ടുകള്‍ തുടങ്ങിയ കാരണങ്ങളെല്ലാം അവരെ ഇവിടം വിടാന്‍ പ്രേരിപ്പിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കേട്ടുമടുത്ത ഇവര്‍ക്ക് അത്തരം പ്രഖ്യാപനങ്ങളില്‍ ഇപ്പോള്‍ വിശ്വാസം ഇല്ലാതായിരിക്കുന്നു. തുടര്‍ച്ചയായുണ്ടാകുന്ന പ്രളയം കുട്ടനാട്ടില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇവിടെ അടിഞ്ഞുകൂടുന്ന അഴുകിയ വസ്തുക്കളില്‍ നിന്നും മീഥൈല്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് പോലെയുള്ള വിഷവാതകങ്ങളും ഉണ്ടാകുന്നു. കൂടാതെ കോൡഫോം, സാല്‍മോണല്ല, സ്വീഡോ മോണോസ് തുടങ്ങിയ വിനാശകരമായ അണുക്കളും വെള്ളത്തില്‍ വളരുന്നതും ഇവിടംവിട്ടുപോകാന്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നുണ്ട്. ഒപ്പം കുട്ടനാട് ഇന്ന് മാലിന്യങ്ങളുടെ കലവറയായി മാറിയിരിക്കുന്നു. ജലാശയങ്ങളും പാടങ്ങളുമെല്ലാം കയ്യേറ്റങ്ങളാല്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
അവര്‍ക്കും പറയാനുണ്ട്
'കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു പരിഹാരമുണ്ടാക്കുക, കയറിയ വെള്ളം എത്രയും പെട്ടെന്നു ഇറങ്ങിപ്പോകാനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുക, പുറംബണ്ടുകള്‍ ശക്തിപ്പെടുത്തുക, കുട്ടനാടിനെക്കുറിച്ചു ശാസ്ത്രീയമായ പഠനംനടത്തി ജീവിതനിലവാരം മെച്ചപ്പെടുത്തുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക, കുടിവെള്ളക്ഷാമത്തിനു ശാശ്വത പരിഹാരംകാണുക'- ഇതുമാത്രമാണ് പരിഹാരമായി അവര്‍ക്കു മുന്നോട്ടുവയ്ക്കാനുള്ള ഏറ്റവും ചുരുങ്ങിയ ആവശ്യങ്ങള്‍. കുറെക്കൂടി വിശാലമായി ചിന്തിക്കുന്ന മറ്റു ചിലരും ഇവിടെയുണ്ട്. 'കുട്ടനാടിന്റെ വിവിധയിടങ്ങളില്‍ ഫ്‌ലാറ്റുകള്‍ നിര്‍മിച്ച് വെള്ളപ്പൊക്കക്കെടുതി സ്ഥിരമായി അനുഭവിക്കുന്നവരെ അവിടേക്കു മാറ്റുക. വര്‍ഷംതോറും കോടികള്‍ ചെലവഴിച്ചു ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു പകരം ഇത് ഏറെ പ്രയോജനപ്പെടു'മെന്നാണ് അവരുടെ അഭിപ്രായം. ചില സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെങ്കിലും അവയെല്ലാം വെള്ളത്തില്‍ വരച്ച വരകള്‍പോലെയാകുകയാണെന്നും ഭാവിയില്‍ ഉണ്ടാകാവുന്ന പ്രളയങ്ങള്‍ക്കു ഇതൊന്നും ശാശ്വതപരിഹരവുമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പൊയ്‌പ്പോയ വസന്തകാലം അയവിറക്കി, അന്തിവെയിലില്‍ കുളിച്ച് അത്താഴവും കഴിച്ചു രാവന്തിയോളം നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഇളംകാറ്റേറ്റ് മയക്കത്തിലേക്കു മടങ്ങിയിരുന്ന കുട്ടനാടന്‍ മക്കളുടെ പലായനം മലവെള്ളപ്പാച്ചിലായി മാറുംമുന്‍പെ അതിന് തടയണ തീര്‍ക്കണം. ഇനിയൊരു മഹാപ്രളയംവരെ അതിനു കാതോര്‍ക്കേണ്ടതില്ല എന്നാണ് 2018ലെ മഹാപ്രളയത്തിനു രണ്ടുവയസാകുമ്പോള്‍ അവരുടെ മനസ് നമ്മോട് സംവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."