80:20 വിവാദവും വസ്തുതയും
ഇസ്മാഈല്‍ അരിമ്പ്ര
ന്യൂനപക്ഷ സ്‌കോളര്‍പ്പ് വിഷയത്തിലെ വിവാദ സാഹചര്യത്തില്‍ പുറത്തിറങ്ങിയ വസ്തുതാന്വേഷണമാണ് '80:20 വിവാദങ്ങളും വസ്തുതകളും'എന്ന കൃതി. മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹ്യശാക്തീകരണ പദ്ധതികളെ വിവാദവല്‍ക്കരിക്കുന്ന നിരന്തര ശ്രമങ്ങളുടേയും 80:20 ആനുപാത വിഷയത്തിലുണ്ടായ പുതിയ വിവാദങ്ങളുടേയും പിന്നാമ്പുറം തേടിയുള്ള അന്വേഷണമാണ് കൃതി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും വാഗ്മിയുമായ അബ്ദുസമദ് പൂക്കോട്ടൂരാണ് പുസ്തക രചയിതാവ്.
ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹ്യശാക്തീകരണ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്റെയും, അതിന്റെ തുടര്‍ച്ചയായി കേരള സര്‍ക്കാര്‍ നിയമിച്ച പാലോളി കമ്മീഷന്‍ ശുപാര്‍ശകളുടെയും വെളിച്ചത്തില്‍ മുസ്‌ലിം ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് പുസ്തകത്തിന്റെ പ്രതിപാദ്യവിഷയം.വിദ്യാഭ്യാസ പുരോഗതി, തൊഴിലവസരങ്ങള്‍, സാമൂഹ്യ പുരോഗതി തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയ ക്രിയാത്മക നിര്‍ദേശങ്ങളാണ് സച്ചാര്‍ സമിതിയുടെത്. ഇക്കാര്യത്തെ സംസ്ഥാനത്തെ വിഭവ, വിനിയോഗങ്ങളുടെ അനുപാതം സമര്‍ഥിച്ച് അടിവരയിടുകയായിരുന്നു പാലോളി കമ്മീഷനും. ഈ രണ്ടു സമിതിയുടെയും ഉള്ളക്കമായി പുറത്തുവിട്ട വിവിധ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യ കണക്കുകള്‍ ഈ ലഘുപുസ്തകം ഉദ്ധരിക്കുന്നു. തുടര്‍നടപടികളായി ആവിഷ്‌കരിച്ച ന്യൂനപക്ഷ സെല്ലിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, വിതരണ രീതി തുടങ്ങിയ വിശദീകരിക്കുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ട് 2008 മുതല്‍ വിവിധ കാലയളവുകളിലായി പുറത്തിറങ്ങിയ സര്‍ക്കാര്‍ ഓര്‍ഡറുകളുടെ കോപ്പിയും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മുസ്‌ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനെ വിവാദവല്‍ക്കരിക്കാനിടയായ പുതിയ അനുപാതത്തെക്കുറിച്ച് വിശകലനം ചെയ്യുന്നതോടൊപ്പം വിവിധ സര്‍ക്കാര്‍ കാലയളവില്‍ നടന്ന നടപടിക്രമങ്ങളും തെറ്റിദ്ധാരണയിലേക്കും വിവാദത്തിലേക്കും നയിച്ച സാഹചര്യങ്ങളും അന്വേഷിക്കുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ നടപടിക്രമങ്ങള്‍, വീഴ്ചകള്‍, പരിഹാരങ്ങള്‍ എന്നിവ വിലയിരുത്തുകയും തെറ്റിദ്ധാരണകളെ തിരുത്തുകയുമാണ് വിവാദങ്ങള്‍ക്കു മുന്നില്‍ പുറത്തിറങ്ങിയ ലഘുകൃതിയുടെ ശ്രമം.
ഇത്തരം വിഷയങ്ങളെ വര്‍ഗീയവല്‍ക്കരിക്കുന്നതും തെറ്റിദ്ധാരണക്കിടയാക്കുന്നതുമായ സാഹചര്യങ്ങളോടു കൂടി സംവദിക്കുന്നതാണ് ഉള്ളടക്കം. നീതി നിര്‍വഹണത്തിലും വിവിധ വിഭാഗങ്ങളുടെ അവകാശവിനിയോഗത്തിലും മുസ്‌ലിം സമുദായം പുലര്‍ത്തിപ്പോരുന്ന ധാര്‍മികബോധനത്തെ എടുത്ത് ഉദ്ധരിച്ചുകൊണ്ട്, കേരളത്തില്‍ തുടര്‍ന്നുപോന്ന സൗഹാര്‍ദ്ധ ചരിത്രത്തെ എടുത്തുപറയാനും, സാമുദായിക സൗഹൃദത്തിനു വിഘാതമാവാതെ അവകാശ വിതരണത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളിലൂന്നി വസ്തുതാന്വേഷണത്തിനും ഈ ലഘുകൃതി പ്രാപ്തമാണ്. എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ ജില്ലാ കമ്മിറ്റിയാണ് പ്രസാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."