യു.പിയിലെ ഗരീബ് നവാസ് മസ്ജിദ് പൊളിച്ചുനീക്കിയ സംഭവം പൊലിസിന് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടിസ്
ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബാരബങ്കിയിലെ 100 വര്‍ഷത്തിലധികം പഴക്കമുള്ള ഗരീബ് നവാസ് മസ്ജിദ് കൈയേറ്റമാരോപിച്ച് ജില്ലാ അധികൃതര്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ബാരബങ്കി പൊലിസിന് കോടതിയലക്ഷ്യ നോട്ടിസ് അയച്ചു.
പള്ളിക്കമ്മിറ്റിയുടെ ഹരജിയില്‍ ഗരീബ് നവാസ് മസ്ജിദ് പൊളിച്ചുനീക്കുന്നത് ഏപ്രില്‍ 24ന് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇത് ലംഘിച്ച് പൊളിച്ചുനീക്കിയതിന് കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ബാരബങ്കി രാംസ്‌നേഹി ഘട്ട് പൊലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒക്കാണ് ഹൈക്കോടതി നോട്ടിസ് അയച്ചിരിക്കുന്നത്.
പൊലിസ് ഏപ്രില്‍ 24ലെ ഉത്തരവ് ലംഘിച്ചുവെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് ജസ്റ്റിസ് രവിനാഥ് തില്‍ഹാരി നോട്ടിസില്‍ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് അവഗണിച്ച് മെയ് 17നാണ് പള്ളി ജില്ലാ അധികൃതര്‍ പൊളിച്ചുനീക്കിയത്. ഇതിനെതിരേ രാംസ്‌നേഹിഘട്ട് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ദിവ്യാന്‍ഷു പട്ടേലിനെയും എസ്.എച്ച്.ഒയെയും പ്രതിചേര്‍ത്താണ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചത്.
എന്നാല്‍, പള്ളി പൊളിക്കാന്‍ ഉത്തരവിട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടിസ് അയച്ചിട്ടില്ല.
പള്ളി പൊളിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുന്നത് സ്റ്റേ വരുന്നതിന് മുന്‍പ് ഏപ്രില്‍ മൂന്നിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ നടപടിയില്‍നിന്ന് ഒഴിവാക്കിയത്.
പള്ളി പൊളിച്ചതില്‍ എസ്.എച്ച്.ഒയും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും ഒരുപോലെ കുറ്റക്കാരാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.
ഇതേ കേസില്‍ ഉത്തര്‍പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡ്, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് രഞ്ജന്‍ റോയിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നോട്ടിസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."