ജീവതാളം തെറ്റിക്കുന്ന കാലാവസ്ഥ
ന്യൂയോർക്ക് യൂനിവേഴ്‌സിറ്റിയിൽ ക്രിയേറ്റീവ് റൈറ്റിങ് വിഭാഗത്തിലെ പ്രൊഫസർ ജോനാതൻ സാഫൺ ഫോർ പരിസ്ഥിതിയെപ്പറ്റിയും കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും എഴുതിയ പുസ്തകം 'നമ്മൾ തന്നെയാണ് കാലാവസ്ഥ, നമ്മുടെ ഗൃഹത്തെ രക്ഷിക്കാൻ പ്രഭാതഭക്ഷണത്തിൽ നിന്നുതന്നെ ആരംഭിക്കുക' പ്രസിദ്ധമാണ്. പേരുപോലെത്തന്നെ മനോഹരമായ ആഖ്യാനശൈലിയിലാണ് പ്രകൃതിയെയും കാലാവസ്ഥയെയും പരിസ്ഥിതിയെയുമൊക്കെ മാറ്റേണ്ടതും നിയന്ത്രിക്കേണ്ടതും മറ്റാരോ അല്ല, നാം തന്നെയാണെന്ന് അദ്ദേഹം സമർഥിക്കുന്നത്. മനുഷ്യാതിജീവനത്തെ വെല്ലുവിളിക്കാൻപോന്ന, സർവ മുൻകരുതലുകളെയും അപ്രസക്തമാക്കിയാണ് കാലാവസ്ഥാ വ്യതിയാനം കടന്നുപോകുന്നത്. പൊതുവെ, തണുത്ത കാലാവസ്ഥയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഗൾഫ് രാജ്യങ്ങളെ വെല്ലുന്ന ചൂടാണ് ഇത്തവണ രേഖപ്പെടുത്തിയത്. അത്യുഷ്ണം കാരണം ആയിരങ്ങളാണ് മരിച്ചത്.
ബ്രിട്ടൻ അനിയന്ത്രിതമായ ചൂടുകാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലിഫോർണിയയിലും ജർമ്മനിയിലുമുണ്ടായ കാട്ടുതീ ലക്ഷക്കണക്കിന് ഹെക്ടർ പ്രദേശങ്ങളെയാണ് നശിപ്പിച്ചത്. സ്‌പെയിൻ ഉഷ്ണക്കാറ്റിൽ പൊറുതിമുട്ടുമ്പോൾ പാകിസ്താന്റെ പകുതിയിലധികം വെള്ളത്തിലാണ്. അമേരിക്ക മുതൽ ചൈന വരെ അതിവൃഷ്ടി റിപ്പോർട്ട് ചെയ്യുമ്പോൾ മറ്റനേകം രാജ്യങ്ങൾ കൊടുംവരൾച്ചയിലാണ്. യൂറോപ്പിലെ ഡാന്യൂബ്, ചൈനയിലെ യാങ്‌സി, റോമിലെ ടൈബർ തുടങ്ങിയ 66ഓളം നദികൾ വറ്റിവരണ്ടു. ചുരുക്കത്തിൽ, മനുഷ്യജീവിതം അതീവ ദുസ്സഹമാക്കുന്ന തീവ്രവും തീക്ഷ്ണവുമായ കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്.
കാലാവസ്ഥാ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങളായ ജലദൗർലഭ്യം, ഭക്ഷ്യക്ഷാമം, ദുരന്തം, മഹാവ്യാധി, പ്രളയം തുടങ്ങി ജനജീവിതം നരകതുല്യമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. ഒരുവശത്ത് അന്തരീക്ഷ മലിനീകരണം, ഓസോൺപാളി വിള്ളൽ, ആഗോളതാപനം, ഗൃഹവാതക വിപാടനം തുടങ്ങിയവയ്ക്കെല്ലാം പരിഹാരമെന്നോണം ഉച്ചകോടികളും ഉടമ്പടികളുമൊക്കെ നടക്കുമ്പോൾതന്നെ, മറുവശത്ത് വൻശക്തികളടക്കം ആയുധ വ്യാപാരങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും കോപ്പുകൂട്ടുന്നു. ഇതിൽ മനംനൊന്താണല്ലോ യു.എൻ സെക്രട്ടറി ജനറൽ ഗുട്ടെറസിന് 'ഒന്നുകിൽ കൂട്ടായ പരിഹാരം, അല്ലെങ്കിൽ കൂട്ടായ ആത്മഹത്യ' എന്ന് വിലപിക്കേണ്ടി വന്നത്.
കാലാവസ്ഥാ വ്യതിയാനം എന്നത് കേരളീയർ കൗതുകത്തോടെ വായിച്ചിരുന്ന, മറ്റെവിടെയൊക്കെയോ സംഭവിക്കുന്ന, അന്താരാഷ്ട്ര ഉച്ചകോടികളിലെ സംവാദവിഷയം മാത്രമായിരുന്നു; പക്ഷേ, കഥ മാറി. ലോകത്തെ സകല കാലാവസ്ഥാ വ്യതിയാനങ്ങളും ഇപ്പോൾ കേരളത്തിലുമുണ്ട്. കാലംതെറ്റിയ മഴ, മേഘവിസ്‌ഫോടനം, പ്രളയം, അത്യുഷ്ണം, കൊടുങ്കാറ്റ്, മഹാമാരി, അന്തരീക്ഷ മലിനീകരണം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ തുടങ്ങി എല്ലാ കാലാവസ്ഥാ ദുരന്തങ്ങളും നമ്മെയും തേടിയെത്തിക്കഴിഞ്ഞു. കഴിഞ്ഞ നവംബറിൽതന്നെ 135 ശതമാനം അധികമഴയാണ് കേരളത്തിനു ലഭിച്ചത്. 2018ലെ മഹാ പ്രളയത്തിൽപോലും വെള്ളം കയറാതിരുന്ന പ്രദേശങ്ങളിലാണ് ചുരുങ്ങിയ മണിക്കൂറുകൾ മാത്രം നീണ്ട മഴ വെള്ളപ്പൊക്കവും പ്രളയസമാന സാഹചര്യവും ഉണ്ടാക്കിയത്. നൂറ്റാണ്ടുകളിലോ, അർധ നൂറ്റാണ്ടുകളിലോ സംഭവിക്കാറുണ്ടായിരുന്ന പ്രളയവും അത്യുഷ്ണവുമൊക്കെ വർഷത്തിൽതന്നെ പലപ്രാവശ്യം സംഭവിക്കുന്നു. ഇതു കേരളീയരുടെ കാർഷിക സാമ്പത്തിക സാമൂഹിക ജീവിതത്തെ മാത്രമല്ല, ദൈനംദിന ജീവിതത്തെ പോലും ഗുരുതരമായി ബാധിക്കുന്നു. ക്രമംതെറ്റിക്കുന്ന ഈ നില തുടർന്നാൽ 50 വർഷങ്ങൾക്കുള്ളിൽ മലയാളമണ്ണ് വാസയോഗ്യമല്ലാതായി മാറുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ പഠനറിപ്പോർട്ട് പ്രകാരം ഭൂമിയിൽ ഇനിയും അപ്രതീക്ഷിതവും അസാധാരണവുമായ രീതിയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്നാണ്. ഈ റിപ്പോർട്ട് കേരളത്തിനും വലിയൊരു മുന്നറിയിപ്പാണ്. ആഗോളതാപനം വർധിക്കുന്നതിലൂടെ ഉത്തര, ദക്ഷിണ ധ്രുവങ്ങളിലെ മഞ്ഞുരുകി കടൽനിരപ്പ് ഉയരാനും തന്മൂലം കേരളത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവാനും സാധ്യത കൂടുതലാണ്. ആഗോള കാലാവസ്ഥാ വ്യതിയാനമനുസരിച്ച് കേരളത്തിലെ കാലാവസ്ഥയും മാറിമറിയുകയാണെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോർട്ടിനെ സത്യപ്പെടുത്തുന്നതാണ് 2016ലെ വരൾച്ചയും ഉഷ്ണതരംഗവും 2017ലെ ഓഖി ചുഴലിക്കാറ്റ്, 2018 മുതലുള്ള അതിതീവ്ര മഴയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമെല്ലാം.
അനിയന്ത്രിത പരിസ്ഥിതി മലിനീകരണവും വിഷവാതകപ്രവാഹം മൂലമുള്ള അന്തരീക്ഷ മലിനീകരണവും കാരണം കാലാവസ്ഥാ വ്യതിയാനവും അപ്രതീക്ഷിത ദുരന്തങ്ങളും സർവസാധാരണമായിരിക്കുന്നു. കുന്നുകളും മലകളും ഇടിച്ചുനിരത്തി സമതലങ്ങളും താഴ്‌വാരങ്ങളും നികത്തുന്ന, സകല പാറമടകളും തുരന്ന് രമ്യഹർമങ്ങൾ തീർക്കുന്ന നമ്മോട് 2013ൽ മാധവ് ഗാഡ്ഗിൽ പറഞ്ഞതെത്ര സത്യം! 'പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കുംപോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ, അഞ്ചോ വർഷം മതി'. കൃത്യമായ നിരീക്ഷണം! പ്രകൃതിയുടെ ഭാഗമാണ് മനുഷ്യനെന്നും മനുഷ്യവംശത്തിന്റെ നിലനിൽപ്പ് പ്രകൃതിയുമായി ബന്ധപ്പെട്ടതാണെന്നുമുള്ള പാരിസ്ഥിതികബോധം ശക്തമാക്കുകയും അതനുസരിച്ച് ജീവിക്കുകയും വേണം. എന്നാൽ അതിജീവനം സാധ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."