നാശത്തിന്റെ വക്കില്‍ പറശ്ശിനിക്കടവ് ബോട്ട്‌ജെട്ടി
പാപ്പിനിശ്ശേരി: പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം നിര്‍മിച്ച ബോട്ട്‌ജെട്ടി അപകടാവസ്ഥയില്‍. ബോട്ട്‌ജെട്ടി തകര്‍ന്ന് ബോട്ട് കരയ്ക്കടുപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. കൈവരികള്‍ എല്ലാം തകര്‍ന്നു. ബോട്ട് കരയ്ക്കടുപ്പിക്കുമ്പോള്‍ കെട്ടിയിടുന്നതിന് ആവശ്യമായ തൂണുകള്‍ പലതും ദ്രവിച്ച് വീണുപോയിരിക്കുന്നു. യാത്രക്കാര്‍ പുറത്തേക്കിറങ്ങുന്ന കോണ്‍ക്രീറ്റ് സ്ലാബ് വെള്ളത്തിലേക്ക് ചരിഞ്ഞ അവസ്ഥയിലാണ്. വളരെ സാഹസപ്പെട്ടാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ ഇതുവഴി കയറിയിറങ്ങുന്നത്.
1997ലാണ് പറശ്ശിനിക്കടവ്-മാട്ടൂല്‍ ബോട്ട് സര്‍വിസിന് തുടക്കം കുറിച്ചത്. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ആരംഭിച്ച ജലഗതാഗത വകുപ്പിന്റെ ബോട്ട് ഇപ്പോള്‍ സര്‍വിസ് നടത്തി വരുന്നുണ്ട്. വളപട്ടണം മുതല്‍ പറശ്ശിനിക്കടവ് വരെയുള്ള ആറ് ബോട്ട്‌ജെട്ടികളില്‍ ഏറ്റവും ശോചനീയമായ ഒന്നായി പറശ്ശിനിക്കടവ് ബോട്ട്‌ജെട്ടി മാറി. ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അടിയന്തിരമായി ഇടപെട്ട് ബോട്ട്‌ജെട്ടിയുടെ കേടുപാടുകള്‍ പരിഹരിച്ചില്ലെങ്കില്‍ ഇതുവഴിയുളള യാത്ര കൂടുതല്‍ ദുസഹമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."