'മധ്യസ്ഥന് കോടികള്‍ ലഭിച്ചുവെന്ന് രേഖകളില്‍ വ്യക്തം'- റാഫേല്‍ കരാറില്‍ എന്തുകൊണ്ട് സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷണത്തിന് തയ്യാറാവുന്നില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ ഫ്രഞ്ചില്‍ അന്വേഷണം തുടങ്ങിയതോടെ ഇന്ത്യയില്‍ വീണ്ടും വിവാദം ശക്തമായി. കരാറില്‍ മധ്യസ്ഥന് കോടികള്‍ ലഭിച്ചുവെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് അന്വേഷണം. ഇതേത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അന്വേഷണം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയ്യെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
'റഫാല്‍ ഇടപാടിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി പുറത്തുവന്നിരിക്കുന്നു. ഫ്രാന്‍സില്‍ അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും നിലപാട് ശരിയെന്നു സ്ഥാപിക്കപ്പെട്ടു. ഇടപാടില്‍ അഴിമതിയുണ്ടായെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. അതിനാല്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചു പ്രധാനമന്ത്രി മോദി മുന്നോട്ടുവരണമെന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഇതു കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള പ്രശ്‌നമല്ല. രാജ്യസുരക്ഷ, പ്രതിരോധ ഇടപാടിലെ അഴിമതി എന്നിവയെപ്പറ്റിയുള്ള ആശങ്കയാണ്'- കോണ്‍ഗ്രസ് മുഖ്യവക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.
59,000 കോടി രൂപയ്ക്ക് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഫ്രഞ്ചുമായുള്ള കേന്ദ്ര സര്‍ക്കാര്‍ കരാര്‍. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് യുദ്ധവിമാനങ്ങള്‍ക്ക് 526 കോടി രൂപ വീതം നല്‍കാനായിരുന്നു ധാരണ. എന്നാല്‍ 2016ല്‍ അത് 1,670 കോടിയായി ഉയര്‍ത്തി.
അതേസമയം, മോദിക്കെതിരെ രാഹുല്‍ ഗാന്ധി ആരോപണം ശക്തമാക്കി. എന്തുകൊണ്ടാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് മോദി തയ്യാറാവാത്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."