കാൻസർ, പ്രമേഹ മരുന്നുകളുടെ വില കുറയും
ന്യൂഡൽഹി • അവശ്യമരുന്നുകളുടെ പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയം പുതുക്കി. 34 മരുന്നുകളെ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ പട്ടികയിലുൾപ്പെട്ട ആകെ മരുന്നുകളുടെ എണ്ണം 384 ആയി. മുൻ പട്ടികയിൽ നിന്ന് 26 മരുന്നുകൾ ഒഴിവാക്കി.
പ്രമേഹത്തിനുള്ള ഇൻസുലിൻ ഗ്ലാർജിൻ, ആന്റി ട്യൂബർക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. കാൻസറിനുള്ള നാലു മരുന്നുകളെയും പട്ടികയിൽ ഉൾപ്പെടുത്തി. പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി നിയന്ത്രിക്കും. ഇതോടെ കുറഞ്ഞ വിലയ്ക്ക് ഈ മരുന്നുകൾ ലഭ്യമാവും. അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്ക് വർഷത്തിൽ 10 ശതമാനം വരെ വില വർധിപ്പിക്കാൻ കമ്പനികൾക്ക് കഴിയും. എല്ലാവർക്കും കുറഞ്ഞ ചെലവിൽ മരുന്നുകളെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പട്ടിക പുതുക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. പൊതുജനാരോഗ്യ പ്രശ്നമായി വിലയിരുത്തപ്പെടുന്ന രോഗങ്ങൾക്കുള്ള മരുന്നുകൾ, ഡി.സി.ജി.ഐയുടെ ലൈസൻസും അംഗീകാരവുമുള്ള മരുന്നുകൾ, ശാസ്ത്രീയ പരിശോധനയിൽ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പാക്കിയ മരുന്നുകൾ, നിർമാണച്ചെലവ് താരതമ്യേന കുറഞ്ഞ മരുന്നുകൾ, നിലവിലെ ചികിത്സാ മാർഗനിർദേശങ്ങളുമായി യോജിച്ച മരുന്നുകൾതുടങ്ങിയവയെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അർബുദത്തിന് കാരണമായേക്കുമെന്ന നിഗമനത്തെ തുടർന്ന് ഉദരസംബന്ധമായ പ്രശ്നങ്ങൾക്ക് നൽകിവരുന്ന റാനിറ്റിഡിൻ എന്ന അന്റാസിഡിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഈ മരുന്ന് അസിലോക് സൈൻടാക്, റാൻടാക് തുടങ്ങിയ പേരുകളിലും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."