തെരുവുനായ്ക്കളെ കൂട്ടിലടക്കാൻ പാലക്കാട് ; നഗരസഭയുടെ പ്രൈവറ്റ് കെന്നല്‍സ് പദ്ധതി സംസ്ഥാനത്ത് ആദ്യം
വി.എം ഷണ്‍മുഖദാസ്
പാലക്കാട് • തെരുവുനായ നിയന്ത്രണത്തിന് നൂതന പദ്ധതിയുമായി പാലക്കാട് നഗരസഭ. ജില്ലാ പ്ലാനിങ് കമ്മിറ്റിക്ക് സമര്‍പ്പിച്ച 'പ്രൈവറ്റ് കെന്നല്‍സ്' പദ്ധതിക്ക് ചര്‍ച്ചകള്‍ക്കു ശേഷം അംഗീകാരം ലഭിച്ചു. തെരുവുനായ്ക്കള്‍ പെരുകിയ ഭാഗത്തുനിന്ന് കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നഗരസഭ പത്തുലക്ഷം രൂപ ഈ മേഖലയിലേക്ക് വകയിരുത്തിയിട്ടുണ്ട്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ എ.ബി.സി പദ്ധതി മാത്രമാണ് തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനുള്ളത്. ഇതുപ്രകാരം തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് അതേസ്ഥലത്ത് തിരികെ വിടുകയാണ് ചെയ്യുന്നത്.
ഓരോ നായക്കും പത്തു മുതല്‍ 15 വയസു വരെ ആയുസുള്ളതിനാല്‍ പിടിച്ച സ്ഥലത്തുതന്നെ തിരികെ വിടുമ്പോള്‍ അവിടെ തെരുവുനായ്ക്കളുടെ എണ്ണത്തില്‍ കുറവും വരുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രൈവറ്റ് കെന്നല്‍സ് എന്ന ആശയം പാലക്കാട് നഗരസഭ മുന്നോട്ടു വയ്ക്കുന്നത്.
തെരുവുനായ ശല്യം രൂക്ഷമായ ഭാഗത്ത് അവയെ കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിക്കും. നിലവില്‍ അനിയന്ത്രിതമായ നായക്കൂട്ടമുള്ള പ്രദേശങ്ങളില്‍നിന്ന് പിടികൂടുവാനോ മാറ്റുവാനോ, അപകടമുണ്ടാക്കുന്നവയെ മറ്റു സ്ഥലത്തേക്ക് മാറ്റുകയോ ചെയ്യേണ്ടി വരുമ്പോള്‍ തുക ചെലവഴിക്കുവാനോ മറ്റു സ്ഥലം കണ്ടുപിടിക്കാനോ സംവിധാനമില്ല. ഈ പദ്ധതി വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകും. തെരുവുനായ്ക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ച് പരിപാലിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കും. മൃഗസ്‌നേഹികളുടെ യോഗം വിളിച്ച് ഇതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയാറാക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി വരുന്നത്. നിലവില്‍ എ.ബി.സി പ്രോഗ്രാമിന് ജില്ലാ പഞ്ചായത്തിന് നല്‍കേണ്ട അഞ്ചു ലക്ഷത്തിന് പുറമെയാണ് പത്തുലക്ഷം രൂപ നഗരസഭ മാറ്റിവച്ചിരിക്കുന്നതെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി. സ്മിതേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."