ലോക്‌സഭയില്‍ കോണ്‍ഗ്രസിന് പുതിയ നേതാവ്; ശശി തരൂര്‍ പരിഗണനയില്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ അധിര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റാന്‍ കോണ്‍ഗ്രസില്‍ ആലോചന. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പാര്‍ലമെന്റിന് അകത്തും പുറത്തും തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ബംഗാളില്‍ ഇടതുമായി ചേര്‍ന്ന് തൃണമൂലിനെതിരെ മത്സരിച്ചെങ്കിലും മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിക്കുന്നതില്‍ നിന്ന് കേന്ദ്രനേതൃത്വം വിട്ടുനിന്നിരുന്നു. മമതയുടെ വിജയത്തെ ഹൈക്കമാന്‍ഡ് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
ബഹറാംപൂരില്‍ നിന്നുള്ള എംപിയായ അധിര്‍ ചൗധരി പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയ ജി23 സംഘത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവു കൂടിയാണ് ഇദ്ദേഹം. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനുമാണ്.
ചൗധരി പോകുമ്പോള്‍ ആരു പകരം വരുമെന്നതാണ് കൗതുകകരമായ ചോദ്യം. തിരുവനന്തപുരം എംപി ശശി തരൂര്‍, അനന്ദ്പൂര്‍ സാഹിബ് എംപി മനീഷ് തിവാരി എന്നിവരുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. പാര്‍ട്ടിയില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ ജി23 സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. മനീഷ് തിവാരിയെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ജൂലൈ 19ന് ആരംഭിക്കും. ഓഗസ്റ്റ് 13 വരെയാണ് സമ്മേളനം. ഇതിന് മുന്‍പ് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍്ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."