ആറു വർഷം: കടിയേറ്റവർ പത്ത് ലക്ഷം; നഷ്ടപരിഹാരം തേടിയത് 5,036 പേർ
സുനി അൽഹാദി
കൊച്ചി • തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും നഷ്ടപരിഹാരത്തെപ്പറ്റി പലർക്കും അറിയില്ല. ആറു വർഷത്തിനിടെ സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റത് 1,084,311പേർക്കാണ്. എന്നാൽ, ഈ കാലയളവിൽ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവരാകട്ടെ 5,036 പേർമാത്രം. തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ 2016 ഏപ്രിൽ അഞ്ചിനാണ് സുപ്രിംകോടതി ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റിയെ നിയോഗിച്ചത്.
ഇതുവരെ ലഭിച്ച പരാതികളിൽ 881 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. പരുക്കിന്റെ ആഴം, പ്രായം, ജോലി ചെയ്യാൻ കഴിയാത്ത ദിവസങ്ങൾ, അംഗവൈകല്യം തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് നഷ്ടപരിഹാരം കമ്മിറ്റി നിശ്ചയിക്കുന്നത്. നിലവിൽ നഷ്ടപരിഹാരത്തുക ലഭിക്കാൻ നാലുവർഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങാൻ കാലതാമസം ഉണ്ടാകുന്നതാണ് ഇതിന് കാരണം. നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചകേസിൽ 32 ലക്ഷം രൂപ കമ്മിറ്റി നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."