ഖത്തറില്‍ സ്‌കൂള്‍ ബസ്സില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവം: സ്‌കൂള്‍ അടപ്പിച്ചു
ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസ്സില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സ്‌കൂള്‍ അടച്ചുപൂട്ടാനും ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനും ഉത്തരവിട്ടു. അല്‍ വക്‌റയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡനാണ് അടപ്പിച്ചത്.
കോട്ടയം ചിങ്ങവനം സ്വദേശിയായ നാലു വയസ്സുകാരി മിന്‍സ മറിയം ജേക്കബ് ഏതാനും ദിവസം മുമ്പാണ് സ്‌കൂള്‍ ബസ്സില്‍ മരിച്ചത്. രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടി ബസ്സിനുള്ളില്‍ ഉറങ്ങിപ്പോയത് അറിയാതെ ജീവനക്കാര്‍ ബസ് പൂട്ടി പോയതോടെ കനത്ത ചൂടില്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഖത്തര്‍ ആഭ്യന്തര, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പോലിസ് കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്.
മിന്‍സ മറിയത്തിന്റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. രണ്ടു ദിവസം നീണ്ട വിശദമായ ഫോറന്‍സിക് പരിശോധനകള്‍ക്കും മറ്റു നിയമനടപടികള്‍ക്കും ശേഷം ഇന്നലെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിക്കുന്നത്. തുടര്‍ന്ന് സ്വദേശമായ ചിങ്ങവനത്തേക്ക് കൊണ്ടുപോകും. ഒരു മാസം മുമ്പ് സ്‌കൂള്‍ അവധിക്കാലത്ത് മിന്‍സയും കുടുംബവും നാട്ടിലെത്തി തിരിച്ച് ഖത്തറിലേക്ക് മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."