'ശ്രീനാരായണ ഗുരു ജനങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിച്ച മഹാത്മാവ്' ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുമായി കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരി മഠത്തില്‍ സന്ദര്‍ശനം നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.
രാഹുലിനെ ഷാള്‍ അണിയിച്ചാണ് ശിവഗിരിമഠം സന്യാസികള്‍ സ്വീകരിച്ചത്. ഭാരത് ജോഡോ യാത്രയുടെ നാലാം ദിനമായ ഇന്ന് രാവിലെ ആറരയോടെയാണ് രാഹുല്‍ ശിവഗിരി മഠത്തിലെത്തിയത്. സന്യാസികളുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധി 40 മിനിറ്റിലേറെ മഠത്തില്‍ ചെലവഴിച്ചു.
'മഹാനായ ആത്മീയ നേതാവും ദാര്‍ശനികനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ശ്രീനാരായണ ഗുരുവിന്റെ സമാധിയില്‍ ആദരാഞ്ജലി അര്‍പ്പിക്കാനായി ശിവഗിരി മഠം സന്ദര്‍ശിച്ചു.
ജനങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കളില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്ത മഹാത്മാവായിരുന്നു ശ്രീനാരായണ ഗുരു'. മഠം സന്ദര്‍ശിച്ച ശേഷം അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഭാരത് ജോഡോ യാത്ര തുടങ്ങിയതു മുതല്‍ സാമുദായിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിവരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ചരിത്രപ്രാധാന്യമുള്ള ശിവഗിരി മഠത്തിലെ സന്ദര്‍ശനവും. ആദ്യമായാണ് രാഹുല്‍ ശിവഗിരി മഠം സന്ദര്‍ശിക്കുന്നത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിലാണ്. നാവായിക്കുളം ജങ്ഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ചാത്തന്നൂരില്‍ നിന്ന് പുനരാരംഭിക്കുന്ന പര്യടനം പള്ളിമുക്കില്‍ സമാപിക്കും. കൊല്ലം ജില്ലയില്‍ രണ്ട് ദിവസമാണ് പര്യടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."