ലോക സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം കസാകിസ്താനിലേക്ക്
കെയ്റോ: കസാകിസ്താനില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന ഏഴാമത് ലോക സര്‍വമത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ശെയ്ഖ് അഹ്മദ് അല്‍ ത്വയ്യിബ് കസാകിസ്താനിലേക്ക്. ലോകത്തിലെ മികച്ച ഇസ്ലാമിക സര്‍വകലാശാലകളിലൊന്നായ അല്‍ അസ്ഹറിലെ ഉന്നത പണ്ഡിതനും പണ്ഡിതസഭ ചെയര്‍മാനുമായ ശെയ്ഖ് അഹ്മദാണ് ലോക മതനേതാക്കളുടെ സംവാദത്തിന് നേതൃത്വം വഹിക്കുന്നത്. ഇന്ന് നൂര്‍ സുല്‍ത്താനിലാണ് സമ്മേളനം ആരംഭിക്കുക.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കസാകിസ്താന്‍ പ്രസിഡന്റ് കാസിം ജൊമാര്‍ത് ടോകയേവുമായും ശെയ്ഖ് അഹമദ് കൂടിക്കാഴ്ച നടത്തും. മാര്‍പാപ്പ ഉള്‍പ്പെടെയുള്ള ലോക മതനേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മത രാഷ്ട്രീയ രംഗങ്ങളിലെ സമൂല പരിഷ്കരണം, ഭീകരവാദം, തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ചചെയ്യും. ആധുനിക കാലത്ത് മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ധാര്‍മികമൂല്യങ്ങള്‍ പ്രസരിപ്പിക്കുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്കും സമ്മേളന പ്രതിനിധികള്‍ ചര്‍ച്ചചെയ്യും.
അല്‍ അസ്ഹറില്‍ ഇമാമുമാരുടെ പഠനത്തിനും പരിശീലനത്തിനും കസാകിസ്താന്‍ സ്കോളര്‍ഷിപ്പ് നല്കാന് സന്നദ്ധമാണെന്ന് ശെയ്ഖ് അഹ്മദ് പറഞ്ഞു. കസാകിസ്താനിലെ ഏറ്റവും വലിയ മസ്ജിദായ ഹസ്റത്ത് സുല്‍ത്താന്‍ പള്ളി ശെയ്ഖ് അഹ്മദ് സന്ദര്‍ശിക്കും. ഏഷ്യയിലെ ഏറ്റവും വലിയ മസ്ജിദാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."