സംവരണ വിഭാഗങ്ങൾക്കായി കാലിക്കറ്റിൽ ധൃതിപിടിച്ച് സെൽ രൂപീകരണം ; ഉത്തരവിറക്കിയത് 'നാക്' അംഗങ്ങളുടെ സന്ദർശനത്തിന് തൊട്ടുമുമ്പ്
ഇഖ്ബാൽ പാണ്ടികശാല
തേഞ്ഞിപ്പലം • കാലിക്കറ്റ് സർവകലാശാലയിൽ സംവരണ സമുദായ വിദ്യാർഥികൾക്കായി സെൽ രൂപീകരിച്ച് ഉത്തരവിറക്കിയത് 'നാക്' സന്ദർശനത്തിന് തൊട്ടുമുമ്പ്. ധൃതി പിടിച്ചുള്ള ഇൗ നടപടി നാക് അംഗങ്ങളെ ബോധിപ്പിക്കാനാണെന്ന വിമർശനമാണ് ഉയരുന്നത്.
സർവകലാശാല രൂപീകൃതമായി 54 വർഷമായെങ്കിലും സംവരണ സമുദായങ്ങളിലെ വിദ്യാർഥികളുടെ ക്ഷേമത്തിന് കാലിക്കറ്റിൽ ഇതുവരെ സെൽ ഉണ്ടായിരുന്നില്ല. യു.ജി.സി നേരത്തേ ഇതു സംബന്ധിച്ച് നിർദേശം പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇത്രയും കാലം സർവകലാശാല ഇതിനു തയാറാവാതിരുന്നത് എന്തുകൊണ്ടാണെന്നതിന് ഉത്തരവുമില്ല. നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) അംഗങ്ങൾ നാളെ മുതൽ മൂന്നു ദിവസം സർവകലാശാല സന്ദർശിക്കാൻ പോകുന്നതിന് തൊട്ടുമുമ്പായാണ് സെൽ രൂപീകരിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. ഒ.ബി.സി സെൽ, എസ്.സി – എസ്.ടി സെൽ, മൈനോറിറ്റി സെൽ എന്നിവ രൂപീകരിച്ച് ഇന്നലെയാണ് സ്റ്റുഡൻസ് വെൽഫെയർ ഡീൻ സർവകലാശാലക്കു വേണ്ടി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവേശനത്തിലെ സംവരണം, സ്കോളർഷിപ്പുകൾ ഫെലോഷിപ്പുകൾ, അവകാശ നിഷേധങ്ങൾ എന്നിവ സംബന്ധിച്ചു വിദ്യാർഥികൾക്ക് പരാതികൾ നൽകാനുള്ള ഇടമാണ് സെല്ലുകൾ.
ഇത്രയും കാലം ഇവരൂപീകരിക്കാതിരുന്നതിനാൽ നിയമപരമായി ലഭിക്കേണ്ട നിരവധി അവകാശങ്ങളാണ് മൈനോറിറ്റി, ഒ.ബി.സി, എസ്.സി.എസ് ടി വിഭാഗങ്ങൾക്ക് നഷ്ടമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നാക് സംഘത്തെ ബോധിപ്പിക്കുന്നതിനായാണ് ഇപ്പോൾ സെൽ തട്ടിക്കൂട്ടി ഉത്തരവിറക്കിയിട്ടുള്ളതെന്ന വിമർശനമാണ് ഉയരുന്നത്. ഒരു സെല്ലിൽ അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.സി എസ്.ടി സെല്ലിന്റെ കൺവീനർ എജ്യുക്കേഷൻ വിഭാഗത്തിലെ പ്രൊഫസർ ബിന്ദുവാണ്. ഒ.ബി.സി സെല്ലിന്റെ കൺവീനർ ഹിന്ദി വിഭാഗത്തിലെ പ്രൊഫസർ വി.കെ സുബ്രഹ്മണ്യനാണ്. അറബിക് വിഭാഗത്തിലെ പ്രൊഫസർ എ.ബി മൊയ്തീൻ കുട്ടിയാണ് മൈനോറിറ്റി സെൽ കൺവീനർ.
മൂന്ന് സെല്ലിലെയും അംഗങ്ങളുടെ പേരും മൊബൈൽ നമ്പറും, ഇ-മെയിൽ ഐഡിയും ഉൾപ്പെടെ ഓരോ ഡിപ്പാർട്ടുമെന്റിന്റെയും മുൻഭാഗത്ത് നോട്ടിസ് ബോർഡിൽ പതിച്ചിരിക്കണമെന്നുമാണ് ഇന്നലെ ഇറക്കിയ ഉത്തരവിൽ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."