മെഡിസിൻ പഠനം: ഫിലിപ്പൈൻസിലുള്ള വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം • മെഡിസിൻ പഠനത്തിനായി ഫിലിപ്പൈൻസിലെ വിവിധ കോളജുകളിൽ ചേർന്ന വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. വിദേശ മെഡിക്കൽ ബിരുദത്തിന് ദേശീയ മെഡിക്കൽ കൗൺസിൽ ഏർപ്പെടുത്തിയ പുതിയ നിബന്ധനകളാണ് മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ വെട്ടിലാക്കിയത്. രണ്ട് വർഷവും ഫീസിനത്തിൽ പത്ത് ലക്ഷത്തോളം രൂപയുമാണ് കുട്ടികൾക്ക് നഷ്ടമാകുന്നത്.
2021 നവംബർ 18ന് ദേശീയ മെഡിക്കൽ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 54 മാസം കാലാവധിയുള്ള മെഡിക്കൽ ബിരുദത്തിനു മാത്രമേ ഇന്ത്യയിൽ അംഗീകാരം ലഭിക്കുകയുള്ളു. പഠിക്കുന്ന രാജ്യത്ത് പരിശീലനം നടത്താൻ ലൈസൻസ് ലഭിച്ചിരിക്കണമെന്നാണ് രണ്ടാമത്തെ വ്യവസ്ഥ.
ഈ രണ്ട് വ്യവസ്ഥകളും ഫിലിപ്പൈൻസ് ഉൾപ്പെടെ പല വിദേശ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കും. ഈ വിവരം മറച്ചുവച്ച് ഇപ്പോഴും വിവിധ ഏജൻസികൾ വിദ്യാർഥികളെ ഫിലിപ്പൈൻസിലേക്ക് മെഡിസിൻ പഠനത്തിനായി റിക്രൂട്ട് ചെയ്യുന്നുണ്ട്.എം.ബി.ബി.എസിനു തത്തുല്യമായ ഫിലിപ്പൈൻസിലെ കോഴ്‌സ് എം.ഡി (ഡോക്ടർ ഓഫ് മെഡിസിൻ) എന്നാണ് അറിയപ്പെടുന്നത്. എം.ഡിക്ക് അഡ്മിഷൻ കിട്ടണമെങ്കിൽ ഫിലിപ്പൈൻസിലെ ബി.എസ് (ബാച്ചിലർ ഓഫ് സയൻസ്) ബിരുദവും അവിടുത്തെ എൻട്രൻസ് പരീക്ഷയായ എൻമാറ്റും എഴുതണം.
ബി.എസ് പഠിക്കുമ്പോൾ തന്നെ എൻമാറ്റ് എഴുതാം. 2019-2020 വർഷം മുതൽ ബി.എസ് കോഴ്‌സിനു ചേർന്ന വിദ്യാർഥികളുടെ ഭാവിയാണ് എൻ.എം.സി നോട്ടിഫിക്കേഷൻ കാരണം പ്രശ്‌നത്തിലായത്. ബി.എസിന്റെ നാല് സെമസ്റ്ററുകളും പൂർത്തിയാക്കിയ വിദ്യാർഥികളുണ്ട്.
നോട്ടിഫിക്കേഷനു മുമ്പ് മെഡിസിൻ പഠനം മാത്രം ലക്ഷ്യമിട്ട് ഫിലിപ്പൈൻസിൽ ബി.എസിന് ചേർന്ന വിദ്യാർഥികൾക്ക് ഈ നിയമം ബാധകമാക്കരുതെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും ആവശ്യം. കൂടാതെ എൻ.എം.സിയുടെ വിജ്ഞാപനം വരുന്നതിനു മുമ്പ് ബി.എസിനു ചേർന്നവർക്ക് ഇളവ് നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിക്കും ദേശീയ മെഡിക്കൽ കമ്മീഷൻ ചെയർമാനും വിദ്യാർഥികൾ നിവേദനം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."