പി.എസ്.സി അംഗ പദവിയില്‍ കോഴ: ആരോപണം പച്ചക്കള്ളം, പിന്നില്‍ മുസ്‌ലിം ലീഗെന്ന് കാസിം ഇരിക്കൂര്‍: വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ്
തിരുവനന്തപുരം: പിഎസ്.സി അംഗ പദവി 40 ലക്ഷം രൂപക്ക് വിറ്റെന്ന ആരോപണം നിഷേധിച്ച് ഐ.എന്‍.എല്‍. ആരോപണം പച്ചക്കള്ളമാണ്.
ഇതിനുപിന്നില്‍ മുസ്ലിം ലീഗ് ആണ്. ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇ.സി മുഹമ്മദ് ആരോപണമുന്നയിച്ചതെന്നും ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രതികരിച്ചു. പതിനഞ്ച് പേരെ ഇന്റര്‍വ്യൂ നടത്തി ഏറ്റവും യോഗ്യതയുള്ള ആള്‍ക്കാണ് പദവി നല്‍കിയത്. എന്നാല്‍ ഇ.സി മുഹമ്മദിന് പിന്നില്‍ പി.ടി.എ റഹീമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എസ്.സി അംഗ പദവി കോഴ വാങ്ങി വിറ്റെന്ന് ഐ.എന്‍.എല്‍ സംസ്ഥാനസെക്രട്ടറിയേറ്റംഗം ഇ.സി മുഹമ്മദാണ് ആരോപണം ഉന്നയിച്ചത്. 40 ലക്ഷം രൂപ കോഴയുറപ്പിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പാര്‍ട്ടിക്ക് അനുവദിച്ച് നല്‍കിയ പി.എസ്.സി അംഗത്വം വിറ്റതെന്നാണ് അദ്ദേഹം ആരോപിച്ചത്. പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായതിന് പിന്നാലെയാണ് കോഴയാരോപണം ഉയര്‍ന്നിരിക്കുന്നത്.
അതേ സമയം പി.എസ്.സി അംഗത്വം നല്‍കാന്‍ നാല്‍പതുലക്ഷം രൂപ കോഴ വാങ്ങിയ സംഭവത്തെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദങ്ങള്‍ പി.എസ്.സിയില്‍ നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കോഴ വിവാദം. ഏതൊക്കെ പദവികളിലാണ് ഇതുപോലെ പണംവാങ്ങി നിയമനം നില്‍കിയതെന്നും ആരൊക്കെയാണ് പണംവാങ്ങിയത് എന്നതിനെകുറിച്ചും അന്വേഷണം നടത്തണം. ഭരണഘടനാ പദവിയില്‍ പോലും ഇതുപോലെ പണംവാങ്ങി നിയമനം നടത്തിയെന്നത് ഏറെ ഗൗരവമുള്ളതാണെന്നും ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."