ഇനിയും പട്ടിണിക്കിടരുത്
ടി. നസറുദ്ദീന്‍
കൊവിഡ് ലോകമാകെ പടര്‍ന്നുപിടിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടു. നമ്മുടെ സംസ്ഥാനവും ഈ മഹാമാരിയില്‍ നട്ടംതിരിയുകയാണ്. കൊവിഡ് പ്രതിരോധത്തിന് കേരള സര്‍ക്കാര്‍ ആത്മാര്‍ഥമായ ശ്രമമാണ് നടത്തുന്നത്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനം ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ സ്വീകരിക്കുന്ന നടപടികളിലെ അശാസ്ത്രീയതയെയും യുക്തിയില്ലായ്മയെയും ചൂണ്ടിക്കാണിക്കല്‍ അനിവാര്യമാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി നടപ്പിലാക്കി പരാജയപ്പെട്ട അതേ സംവിധാനങ്ങള്‍ തന്നെയാണ് നാം ഇന്നും പിന്തുടരുന്നത്. ഇതില്‍ ഏറ്റവും അശാസ്ത്രീയ പ്രതിരോധമെന്നത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കുറച്ചതാണ്. ഒരു വീട്ടിലേക്ക് വേണ്ട എന്തു സാധനവുമായിക്കോട്ടെ, ഒരാഴ്ചത്തേക്ക് വേണ്ട സാധനം ഒരു ദിവസം കടകള്‍ തുറന്നാലും രണ്ട് ദിവസം തുറന്നാലും 7 ദിവസവും തുറന്നാലും ഒരു പോലെയാണ്. ആഴ്ചയില്‍ ഒരു ദിവസത്തിനുപകരം 7 ദിവസവും തുറന്നാല്‍ കടയിലെ തിരക്ക് 7 ല്‍ ഒന്നായി കുറയുകയാണ് ചെയ്യുക. സമയവും അതുപോലെ തന്നെ, ഓരോ ദിവസവും എത്ര സമയം കൂടുതല്‍ തുറക്കുന്നോ അത്രകണ്ട് തിരക്ക് കുറയുകയാണുണ്ടാവുക. അതുപോലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ കുറയ്ക്കുന്നതും ഓഫിസില്‍ എല്ലാ സെക്ഷനിലും ആളില്ലായെന്ന കാരണത്താല്‍ ആവശ്യക്കാരന്‍ വ്യത്യസ്ത ദിവസങ്ങളില്‍ കയറിയിറങ്ങേണ്ട സാഹചര്യമുണ്ടാക്കുന്നു. ഇത് ഓഫിസുകളിലെ തിരക്ക് വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. ഈ ഒരു കാരണം പറഞ്ഞ് മാസങ്ങളായി പല ഓഫിസുകളിലും ഫയലുകള്‍ യഥാസമയം നീങ്ങുന്നില്ല.
കൊവിഡ് വാക്‌സിനേഷന്‍ സെന്ററുകളും ടെസ്റ്റിങ് സെന്ററുകളും കൊവിഡ് വ്യാപനത്തിന് ഒരുപരിധിവരെ കാരണമാകുന്നു. അവിടങ്ങളില്‍ യാതൊരു ക്രമീകരണങ്ങളുമില്ലാതെ ആള്‍ക്കൂട്ടം കേരളത്തിലെവിടെയും കാണാവുന്നതാണ്. അതു ക്രമീകരിക്കാന്‍ ആരോഗ്യവകുപ്പിലെ ജോലിക്കാര്‍ അപര്യാപ്തമാണ്. ഒരുവിഭാഗം അധ്യാപകരുള്‍പ്പെടെ വലിയൊരു വിഭാഗം കഴിഞ്ഞ ഒന്നര വര്‍ഷമായി പണിയൊന്നുമില്ലാതെ വീടുകളിലിരിപ്പുണ്ട്. കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കി അവരെ വിനിയോഗിച്ചാല്‍ വളരെ ഭംഗിയായി ഇത്തരം പ്രവൃത്തികള്‍ മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കും.
കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന വ്യാപാരികളും അതിലേറെ വരുന്ന വ്യാപാര വ്യവസായ അനുബന്ധ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഇന്ന് പട്ടിണിയിലാണ്. നിരവധി സ്ഥാപനങ്ങള്‍ പൂട്ടിപ്പോയി. വ്യാപാരികള്‍ സാമ്പത്തിക ബാധ്യതമൂലം ഒന്നിനുപിറകെ ഒന്നായി ആത്മഹത്യ ചെയ്യുന്നു. എന്നിട്ടും കൊവിഡിനെ പിടിച്ചുകെട്ടാന്‍ നമുക്ക് സാധിച്ചോ? വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമല്ല ഇവിടെ കൊവിഡ് പരത്തുന്നത്. അവിടെ വരുന്നതുകൊണ്ടും ആര്‍ക്കും രോഗം വരണമെന്നില്ല. വ്യാപാരികളിലും തൊഴിലാളികളിലും വളരെ കുറഞ്ഞ ശതമാനം ആളുകള്‍ക്ക് മാത്രമേ കൊവിഡ് വന്നിട്ടുള്ളൂ. ഒരു സര്‍വേ നടത്തിയാല്‍ ഇത് ബോധ്യമാകും. കാരണം എല്ലാ വ്യാപാര സ്ഥാപനങ്ങളും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട്. എന്നിട്ടും ഒരു മഹാമാരിയുടെ ദുരന്തം മുഴുവന്‍ പേറുന്നത് വ്യാപാരികളാണ്.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മുതല്‍ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും സ്ഥാനാരോഹണംവരെ ജനങ്ങള്‍ കണ്ടതാണ്. ഇന്നും നിത്യേന സന്ദര്‍ശനങ്ങളും ഉദ്ഘാടനങ്ങളും നൂറ് കണക്കിന് ആളെവച്ച് നടത്തുന്നു. ഉദ്ഘാടനങ്ങള്‍ ഓണ്‍ലൈനായി മാത്രം മതിയെന്ന് സര്‍ക്കാര്‍ തറപ്പിച്ച് പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ അനുസരിക്കാതിരിക്കില്ല. അതുപോലെ യാതൊരുവിധ യോഗങ്ങള്‍ക്കും ഈ സാഹചര്യത്തില്‍ അനുവാദം നല്‍കേണ്ടതില്ല. 18 വയസിനുതാഴെയുള്ളവരും 70 വയസിന് മുകളിലുള്ളവരും അത്യാവശ്യഘട്ടങ്ങളില്‍ ഒഴികെ പുറത്തിറങ്ങാതിരിക്കുക. ഷോപ്പുകളില്‍ ഒരു കുടുംബത്തില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ ആളുകള്‍ പ്രവേശിക്കാതിരിക്കുക. സര്‍ക്കാര്‍ ഓഫിസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ രീതി നടപ്പിലാക്കുക. വ്യാപാര സ്ഥാപനങ്ങളും ബാങ്കുകളും ഓഫിസുകളും എല്ലാ ദിവസവും പഴയതുപോലെ പ്രവര്‍ത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ കൂടി ചെയ്താല്‍ പൊതുസ്ഥലങ്ങളിലെ തിരക്ക് നിലവിലുള്ളതിന്റെ പകുതിയാകും എന്നതുറപ്പാണ്. ഇത് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളും ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പരീക്ഷിച്ച് വിജയിച്ചതാണ്. അവിടെയൊക്കെ കൊവിഡ് പിടിച്ചുകെട്ടി ജനജീവിതം സാധാരണ നിലയിലായി. ഇവിടെ ഇനിയും ഒന്നര വര്‍ഷമായി പരീക്ഷിച്ചു പരാജയപ്പെട്ട അതേ നടപടികള്‍ തുടരുകയാണ്. ഐ.എ.എസ്, ഐ.പി.എസ്, വിദഗ്ധ സമിതിയെ മാറ്റിനിര്‍ത്തി ഇവിടത്തെ സാധാരണക്കാരന്റെ ഭാഗത്തുനിന്ന് ചിന്തിച്ച് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിച്ചില്ലായെങ്കില്‍ കേരളം ഒരു ദുരന്ത ഭൂമിയാകും. കൊവിഡ് മരണം മാത്രമല്ല, ആത്മഹത്യകളും ഉയരും. അടുത്തിടെ ആത്മഹത്യകള്‍ കൂടുന്നതില്‍ ഒരു കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളാണെന്നത് നാം മറക്കരുത്. പരാജയപ്പെട്ട, പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ ഉപേക്ഷിച്ച് ഒരു മാസമെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ രീതി അവലംബിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം.
രണ്ട് പ്രളയത്തിലും നിപാ വന്നപ്പോഴും ഇപ്പോള്‍ കൊവിഡ് മൂലവും ഏറ്റവും പ്രതിസന്ധിയിലായിരിക്കുന്നവര്‍ വ്യാപാരികളാണ്. എന്നിട്ടും കഴിയുംവിധം പൊതുസമൂഹത്തെ കൈപിടിച്ചുയര്‍ത്താനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. വ്യാപാരി വ്യവസായി സമൂഹം നേരിടുന്ന പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള അടിയന്തര ഇടപെടല്‍ സര്‍ക്കാര്‍ നടത്തേണ്ടിയിരിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്തെ വാടക ഇളവ് ചെയ്
തും വ്യാപാരികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചും സഹായിക്കണം. ഇനിയും കടകളടച്ച് കൊവിഡിനെ പ്രതിരോധിക്കണമെന്ന് പറയരുത്. വ്യാപാരികള്‍ അഗ്നിപര്‍വതത്തിന് മുകളിലാണ്. അത് പൊട്ടാതിരിക്കാന്‍ സര്‍ക്കാരിന്റെ ശ്രദ്ധയുണ്ടാവണം.
(വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."