പിറന്നാള്‍ ദിനത്തില്‍ പുഞ്ചിരിയോടെ മിന്‍സ യാത്രയായി
പിറന്നാള്‍ ദിനത്തില്‍ നിറ പുഞ്ചിരിയുമായി ആ മാലാഖ കുട്ടി യാത്ര പറഞ്ഞിറങ്ങി. കൂട്ടുകാരോടൊപ്പം പിറന്നാള്‍ മധുരം പങ്കുവെക്കാന്‍ മാതാപിതാക്കള്‍ അവളെ സന്തോഷത്തോടെ യാത്രയാക്കി. കൂട്ടുകാരൊടൊപ്പമുള്ള ഒരു പിറന്നാള്‍ദിനം സ്വപ്‌നം കണ്ട് അറിയാതെ ഉറങ്ങിപ്പോയ പൊന്നോമന പിന്നീട് ഒരിക്കലും ഉണരാത്ത നിദ്രയില്ലേക്കാണ് എത്തിപ്പെട്ടത്. സന്തോഷത്തോടെ മകളെ യാത്രയാക്കിയ മാതാപിതാക്കളെ കാത്തിരുന്നത് തോരാകണ്ണീരും.
കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോയുടേയും സൗമ്യയുടേയും മകളായ മിന്‍സ മറിയം ജേക്കബ് എന്ന നാലുവയസ്സുകാരി ഇന്ന് എല്ലാവര്‍ക്കുമൊരു നൊമ്പരമാണ്. ഖത്തര്‍ അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡനിലേക്ക് പോകാന്‍ സ്‌കൂള്‍ ബസിലേക്ക് പിതാവ് അഭിലാഷ് മിന്‍സയെ കൈപിടിച്ച് കേറ്റി വിട്ടു. എന്നാല്‍ ബസില്‍ ഇരുന്ന് അറിയാതെ ഉറങ്ങിയപ്പോയ മിന്‍സയെ ആരും ശ്രദ്ധിച്ചില്ല. സ്‌കൂളില്‍ എത്തിയിട്ടും ഉറക്കം എഴുന്നേല്‍ക്കാതിരുന്ന മിന്‍സ ജീവനക്കാരുടെ ശ്രദ്ധയിലും പെട്ടില്ല. ഏറെ നേരം കഴിഞ്ഞ് ബസ് എടുക്കാന്‍ വന്ന ജീവനക്കാര്‍ കാണുന്നത് മിന്‍സയുടെ ചേതനയറ്റ ശരീരമാണ്. കത്തുന്ന ചൂടും വായു സഞ്ചാരമില്ലാത്ത അന്തരീക്ഷവും ആ കുരുന്നിന്റെ ജീവനെടുത്തിരുന്നു.
അല്‍ വക്രയിലെ എമര്‍ജന്‍സി ആശുപത്രിയുടെ മോര്‍ച്ചറിക്ക് മുന്നില്‍ മിന്‍സയെ അവസാനമായി കാണാന്‍ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. രണ്ട് ദിവസം നീണ്ട വിശദമായ ഫോറന്‍സിക് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് മിന്‍സയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. മിന്‍സയുടെ മരണത്തില്‍ ആഭ്യന്തര വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡന്‍ വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അടപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."