അഫ്ഗാനില്‍ നിന്ന് യു.എസ് സേനാ പിന്മാറ്റം കൂടുതല്‍ ജില്ലകള്‍ പിടിച്ചടക്കി താലിബാന്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും യു.എസ് സൈനികരുടെ പിന്മാറ്റം പൂര്‍ത്തിയാവാനിരിക്കെ സര്‍ക്കാര്‍ സൈനികര്‍ സുരക്ഷിതമേഖലകളിലേക്കു പിന്‍വലിയുന്നു.
താലിബാന് കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി മാര്‍ച്ച് ചെയ്യാന്‍ തുടങ്ങിയതോടെയാണിത്. സര്‍ക്കാര്‍ സേനയിലെ 300ലേറെ പേര് അതിര്‍ത്തി കടന്ന് താജികിസ്ഥാനില്‍ അഭയംതേടിയിരിക്കുകയാണെന്ന് താജികിസ്ഥാന്‍ ദേശീയ സുരക്ഷാ സമിതി അറിയിച്ചു.
നിലവില്‍ രാജ്യത്തിന്റെ വടക്കുഭാഗം താലിബാന്റെ നിയന്ത്രണത്തിലാണ്. രാജ്യത്തെ 421 ജില്ലകളില്‍ മൂന്നിലൊന്ന് അവരുടെ കീഴിലാണ്. ഏറ്റുമുട്ടലില്ലാതെയാണ് വടക്കുകിഴക്കന്‍ ബദാക്ഷന്‍ പ്രവിശ്യ താലിബാനു ലഭിച്ചതെന്ന് പ്രവിശ്യാ സമിതി അംഗം മുഹിബ്ബുല്‍ റഹിമാന്‍ പറഞ്ഞു.
നൂറുകണക്കിന് അഫ്ഗാന് സൈനികരും പൊലിസും സൈനിക ഔട്ട്പോസ്റ്റുകള്‍ താലിബാനു കൈമാറി നാടുവിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കാണ്ഡഹാറിലെ മുന്‍ ശക്തികേന്ദ്രത്തിലെ പ്രധാന ജില്ലയായ പന്ജ്വായ് ആക്രമണത്തിലൂടെയാണ് താലിബാന് കീഴടക്കിയത്. കാബൂളിനടുത്ത ബെഗ്രാം വ്യോമതാവളം യു.എസ്-നാറ്റോ സൈനികര്‍ വിട്ട് രണ്ടു ദിവസത്തിനിടയിലാണിത്. ബെഗ്രാം കേന്ദ്രമാക്കിയായിരുന്നു 20 വര്‍ഷമായി യു.എസ് സേന താലിബാനെതിരേ ആക്രമണങ്ങള്‍ നടത്തിയിരുന്നത്.
നിരവധി ജില്ലകള്‍ പിടിച്ചെടുത്ത കാര്യം താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് സ്ഥിരീകരിച്ചു. കൂടുതലും ഏറ്റുമുട്ടലില്ലാതെ ലഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനില്‍ നിന്ന് യു.എസ് സേനയെ ഈവര്‍ഷം സെപ്റ്റംബറോടെ പിന്‍വലിക്കുമെന്ന് ഏപ്രില്‍ പകുതിയോടെയാണ് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചത്. ഇതോടെ താലിബാന് കരുത്ത് വീണ്ടെടുക്കുകയായിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ ശേഷിക്കുന്ന യു.എസ് സൈനികരെ കൂടി പിന്‍വലിക്കുമെന്ന് വൈറ്റ്ഹൗസ് വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."