വിഖായയുടെ പ്രവര്‍ത്തനം മാതൃകാപരം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ
കൂളിവയല്‍: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന വിഖായ സന്നദ്ധ സേവക സംഘത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. കൂളിവയലില്‍ നടന്ന വിഖായ ഏകദിന പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.കെ.എസ്.എസ്.എഫ് ഗ്രാന്റ് ഫിനാലെയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമൂഹത്തിന് സമര്‍പ്പിച്ച 25000 വിഖായ വളണ്ടിയര്‍മാര്‍ അന്നുതന്നെ പൊതുചര്‍ച്ചക്ക് വിധേയമായതാണ്. മതത്തിന്റെ പേരില്‍ കുട്ടികളെ പോലും ചാവേറുകളും തീവ്രവാദികളും കലാപകാരികളുമാക്കി മതത്തെ ദുരുപയോഗം ചെയ്യുന്ന വര്‍ത്തമാനകാലത്ത് വേദനിക്കുന്നവന്റെ നോവ് തിരിച്ചറിഞ്ഞ് അവരെ സഹായിക്കാന്‍ യൗവനത്തെ തയ്യാറാക്കുന്ന ദൗത്യം ഏറ്റെടുത്ത എസ്.കെ.എസ്.എസ്.എഫിനെ അനുകരിക്കപ്പെടേണ്ടതാണ്.
മതത്തിന്റെ യഥാര്‍ഥ മൂല്ല്യം പൊതുസമൂഹത്തിലേക്ക് എത്തിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാണക്കാട് ഫൈനാസ് അലി ശിഹാബ് തങ്ങള്‍ ക്യാംപിന് സന്ദേശം നല്‍കി. അപകടങ്ങളില്‍പ്പെട്ട് മരണത്തെ മുന്നില്‍ക്കാണുന്നവനെ കാമറക്കകത്താക്കാന്‍ മത്സരിക്കുന്നതിന് പകരം ആവശ്യമായ സേവനം ചെയ്യാന്‍ സമൂഹം മുന്നോട്ട് വരണമെന്ന് ഫൈനാസ് അലി ശിഹാബ് തങ്ങള്‍ ഉല്‍ബോധിപ്പിച്ചു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ശൗക്കത്തലി മൗലവി വെള്ളമുണ്ട അധ്യക്ഷനായി. 'ജനാസ സംസ്‌കരണം' എന്ന വിഷയത്തില്‍ ശഫീഖ് ദാരിമി, 'മെഡിറ്റേഷന്‍' എന്ന വിഷയത്തില്‍ ശമീം ഫൈസി മഞ്ചേരി, 'സംഘടന' എന്ന വിഷയത്തില്‍ മമ്മുട്ടി നിസാമി തരുവണ, 'വിഖായ, സഹചാരി' എന്ന വിഷയത്തില്‍ റശീദ് ഫൈസി വെള്ളായിക്കോട്, 'ട്രോമ കെയര്‍' എന്ന വിഷയത്തില്‍ കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോ. അമീന്‍ ക്ലാസുകള്‍ നയിച്ചു. ജില്ലാ സെക്രട്ടറി അയൂബ് മാസ്റ്റര്‍, റശീദ് വെങ്ങപ്പള്ളി, ജലീല്‍ വൈത്തിരി, അബൂബക്കര്‍ റഹ്മാനി, ഫൈസല്‍ മുട്ടില്‍, എം.വി സാജിദ് മൗലവി, നവാസ് ദാരിമി, മൊയ്തുട്ടി യമാനി, അലി യമാനി, അലി കൂളിവയല്‍, ഉമ്മര്‍, ഇബ്രാഹിം മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് വാഫി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."