കോഴക്കേസിലും കെ. സുരേന്ദ്രനെ ചോദ്യംചെയ്‌തേക്കും
കല്‍പ്പറ്റ: സി.കെ ജാനുവിനെ എന്‍.ഡി.എ സ്ഥാനാര്‍ഥിയാക്കാന്‍ കോഴ നല്‍കിയെന്ന കേസിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ അന്വേഷണസംഘം ഉടന്‍ ചോദ്യംചെയ്‌തേക്കും. കെ.സുരേന്ദ്രനുമായുള്ള സംഭാഷണങ്ങള്‍ പുറത്തുവിട്ട ജെ.ആര്‍.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്, സംസ്ഥാന പ്രസിഡന്റ് പ്രകാശന്‍ മൊറാഴ, ഓര്‍ഗനൈസര്‍ ബിജു അയ്യപ്പന്‍ എന്നിവരുടെ രഹസ്യമൊഴി മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്-2 രേഖപ്പെടുത്തിരുന്നു.
ഇവരില്‍നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് അറിയുന്നത്. സി.കെ ജാനുവിനേയും ഉടന്‍ ചോദ്യംചെയ്യാനാണ് തീരുമാനം. കേസിലെ ഒന്നും രണ്ടും പ്രതികളാണ് കെ.സുരേന്ദ്രനും സി.കെ ജാനുവും.
നേരത്തേയെടുത്ത മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടായതിനാല്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈംബ്രാഞ്ച് വീണ്ടും വിളിച്ചുവരുത്തിയിരുന്നു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കല്‍പ്പറ്റ എം.എല്‍.എയുമായ സി.കെ ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
കേസില്‍ കൂടുതല്‍ പേരില്‍ നിന്ന് ഇന്നും അന്വേഷണസംഘം മൊഴിയെടുക്കുന്നുണ്ട്. കൂടുതല്‍ പേരുടെ രഹസ്യമൊഴികള്‍ രേഖപ്പെടുത്താന്‍ അന്വേഷണസംഘം വീണ്ടും കോടതിയെ സമീപിച്ചേക്കും.
കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യംചെയ്യലിനായി നാളെ തൃശൂര്‍ പൊലിസ് ക്ലബില്‍ ഹാജരാകാനായി അന്വേഷണസംഘം കെ.സുരേന്ദ്രന് കഴിഞ്ഞ ദിവസം നോട്ടിസ് നല്‍കിയിരുന്നു.
ഇതിനു പിന്നാലെയാണ് കോഴക്കേസിലും ചോദ്യംചെയ്യാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."